തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റിലേക്ക് ബി.ജെ.പി പരിഗണിക്കുന്നത് മോഹന്‍ലാലിനെയെന്ന് വ്യക്തമാക്കി മുതിര്‍ന്ന ബി.ജെ.പി നേതാവും എം.എല്‍.എയുമായ ഒ. രാജഗോപാല്‍. സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാലിനെ സമീപിച്ചിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
“ഞങ്ങള്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളില്‍ മോഹന്‍ലാല്‍ തല്‍പരനാണ്. സര്‍വ്വോപരി തിരുവനന്തപുരത്തുകാരനും. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ട്” ഒ.രാജഗോപാല്‍ ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിയോട് പറഞ്ഞു.
മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് ഒ.രാജഗോപാലിന്റെ ഈ വാക്കുകള്‍. നേരത്തെ മോഹന്‍ലാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാവുമെന്നും ഇതിന് മുന്നോടിയായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ഇത് തന്റെ അച്ഛന്റെയും അമ്മയുടെയും പേരില്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തിന് വേണ്ടിയാണെന്നും. തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ കൊല്ലം സന്ദര്‍ശനത്തോടെ വീണ്ടും മോഹന്‍ലാലിനെ ചുറ്റിപറ്റിയുള്ള വാര്‍ത്തകള്‍ സജീവമാകുകയായിരുന്നു. കോളെജ് കാലം തൊട്ട് ഇടതുപക്ഷ സഹയാത്രികനായ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധത്തിന്റെ പുറത്തും കൈരളി ടി.വി ചെയര്‍മാന്‍ എന്ന നിലയിലും എല്‍.ഡി.എഫിന് വേണ്ടി മത്സരിക്കും എന്നും വാര്‍ത്ത വന്നിരുന്നു.