'ഞങ്ങള്‍ ബി.ജെ.പിയുടെ ഏറ്റവും വലിയ എതിരാളികള്‍'; രാജ്യം കോണ്‍ഗ്രസ്-ദേവഗൗഡ സഖ്യത്തിനായി കാത്തിരിക്കുന്നെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്
National
'ഞങ്ങള്‍ ബി.ജെ.പിയുടെ ഏറ്റവും വലിയ എതിരാളികള്‍'; രാജ്യം കോണ്‍ഗ്രസ്-ദേവഗൗഡ സഖ്യത്തിനായി കാത്തിരിക്കുന്നെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th June 2018, 11:37 am

മുംബൈ: തങ്ങളാണ് ബി.ജെ.പിയുടെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളികളെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. രാജ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ഉള്‍പ്പെടുന്ന ഇരട്ടകളുടെ ആവശ്യമില്ലെന്നും കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യത്തെയാണ് രാജ്യം സ്വീകരിക്കുകയെന്നും റാവത്ത് പറഞ്ഞു.

“ശിവസേനയാണ് ബി.ജെ.പിയുടെ ഏറ്റവും വലിയ ശത്രു(രാജ്കീയ ശത്രൂ). സേനയുടെ ഹിന്ദു ആശയങ്ങള്‍ ബി.ജെ.പിക്ക് പ്രശ്‌നമുണ്ടാക്കും.” – സേന മുഖപത്രമായ സാമ്നയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ റാവത്ത് പറഞ്ഞു.

പ്രധാന ശത്രു സേന ആയതു കൊണ്ട് തന്നെ ഭരണം ഉപയോഗിച്ച് സേനയെ ദുര്‍ബലപ്പെടുത്തുക എന്നതാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ പദ്ധതിയെന്നും പാല്‍ഘര്‍ ഉപതെരഞ്ഞെടുപ്പിലും സേനയെ പരാജയപ്പെടുത്താന്‍ ബി.ജെ.പി വിഭവങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നും റാവത്ത് ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷിനില്‍ കൃത്രിമം കാണിച്ചാണ് ബി.ജെ.പി ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.


Read  | ഇന്ത്യന്‍ സാമ്പദ് വ്യവസ്ഥ 3 ടയറും പഞ്ചറായ കാര്‍ പോലെ: മോദിയുടെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് പി. ചിദംബരം


 

“തെരഞ്ഞെടുപ്പ് ദിവസം നൂറോളം കേന്ദ്രങ്ങളില്‍ നിന്ന് വോട്ടിംഗ് മെഷീന്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വോട്ടിംഗ് സമയം നീട്ടാനുള്ള ശിവ സേനയുടെ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. പക്ഷേ ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജേന്ദ്ര ഗവിറ്റിന്റെ സമാന ആവശ്യം അംഗീകരിക്കുകയും ചെയ്തു.”- റാവത്ത് പറഞ്ഞു.

കോണ്‍ഗ്രസിനെയോ ദേവഗൗഡയെയോ സ്വീകരിക്കാനുള്ള മാനസികാവസ്ഥയിലാണ് രാജ്യമിപ്പോഴെന്നും മോദി-ഷാ ഇരട്ടകളെ രാജ്യം കൈ ഒഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.