ന്യൂദല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിച്ച വിഷയമാണ് നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ട് പാര്‍ട്ടിയിലെ ഒരുവിഭാഗം രംഗത്തെത്തിയത്.
കോണ്‍ഗ്രസിലെ 23 നേതാക്കളാണ് നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയത്.
2024 ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധി അനിയോജ്യനല്ല എന്ന ചര്‍ച്ചകള്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നതിനിടെയായിരുന്നു മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവരുടെ അപ്രതീക്ഷിത നീക്കം.
കപില്‍ സിബല്‍, ഗുലാം നബി ആസാദ്, ശശി തരൂര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും കത്തില്‍ ഒപ്പിട്ടിരുന്നു. കത്തയച്ച വാര്‍ത്ത പുറത്തുവന്നതിന് അടുത്തദിവസമായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം.
യോഗത്തില്‍ പ്രതീക്ഷിച്ചതുപോലെ തന്നെ ‘വിവാദ കത്ത്’ ചര്‍ച്ചയാവുകയും ചെയ്തു. കത്തിന്റെ പേരില്‍ യോഗത്തില്‍ തര്‍ക്കം നടക്കുകയും ഗുലാം നബി ആസാദ് , കപില്‍ സിബല്‍ തുടങ്ങിയ നേതാക്കള്‍ പരസ്യമായി തന്നെ രംഗത്തുവരികയും ചെയ്തു.
കത്തയച്ച നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തിപ്പെട്ടു. അതേസമയം, തങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെയോ ഗാന്ധി കുടുംബത്തിനെതിരെയോ ഒന്നും ചെയ്തിട്ടില്ലെന്നും പാര്‍ട്ടിയില്‍ ആവശ്യമായ മാറ്റങ്ങള്‍ നേതൃത്വത്തെ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും കത്തയച്ച നേതാക്കളില്‍ ചിലര്‍ പ്രതികരിച്ചു.
ചില പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി തങ്ങള്‍ ഒരു കത്തെഴുതിയെന്നും പാര്‍ട്ടി ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലാണ്, പുനരുജ്ജീവന പദ്ധതിയാണ് കാലത്തിന്റെ ആവശ്യമെന്നും കപില്‍ സിബല്‍ വിഷയത്തില്‍ നേരത്തെ പ്രതികരിച്ചിരുന്നു.
കത്ത് നല്‍കിയതില്‍ തെറ്റില്ലെന്ന് ഉറച്ചുനില്‍ക്കുകയാണ് കപില്‍ സിബല്‍. അദ്ദേഹം ഇതുവരെ നടത്തിയ പ്രതികരണങ്ങളില്‍ നിന്ന് അത് വ്യക്തമാണ്.
തങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ളെക്കുറിച്ച് നേതൃത്വം ഗൗരവമായി തന്നെ ചിന്തുക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യ ടുഡേക്ക് നല്‍കതിയ അഭിമുഖത്തില്‍ സിബല്‍ പറഞ്ഞു.
തങ്ങള്‍ക്ക് ഒന്നും നേടാനില്ലെന്നും പാര്‍ട്ടിയുടെ നല്ലതുമാത്രമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞ സിബല്‍ തോല്‍ക്കുമെന്ന് ഭയപ്പെടുന്നില്ലല്ലെന്നും വ്യക്തമാക്കി.
തങ്ങള്‍ ഒരുമിച്ച് നില്‍ക്കുമെന്നും തങ്ങള്‍ നല്‍കിയ നിര്‍ദ്ദേശങ്ങളെക്കുറിച്ച് നേതൃത്വം ഗൗരവമായി ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
”ഞങ്ങള്‍ കാത്തിരിക്കും. ഞങ്ങളെല്ലാവരും പരിചയസമ്പന്നരായ രാഷ്ട്രീയക്കാരാണ്, നേതൃത്വത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ പുനരുജ്ജീവനത്തില്‍ പങ്കാളികളാകാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആളുകള്‍ കത്ത് വായിച്ചിട്ടുണ്ടാവില്ലെന്നും അവര്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇത് ആരെയും താഴ്ത്തിക്കെട്ടാനോ ഗാന്ധി കുടുംബത്തെ കളങ്കപ്പെടുത്താനോ അല്ലെന്ന് അവര്‍ക്ക് മനസ്സിലാവുമായിരുന്നെന്ന് കപില്‍ സിബല്‍ നേരത്തെ പറപ്രതികരിച്ചിരുന്നു.
പാര്‍ട്ടിക്ക് പൂര്‍ണസമയ നേതൃത്വം വേണമെന്നതുള്‍പ്പെട്ടെ വിവിധ ആവശ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചിരുന്നത്. പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്നത് പ്രധാന ആവശ്യങ്ങളിലൊന്നായി കത്തില്‍ പറയുന്നു. തോല്‍വികള്‍ പൂര്‍ണമനസ്സോടെ പഠിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
കൊണ്ടുവരണമെന്നും സംസ്ഥാനങ്ങളിലെ പാര്‍ട്ടി യൂണിറ്റുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും കത്തില്‍ പറഞ്ഞിരുന്നു. അധികാര വികേന്ദ്രീകരണം ആവശ്യമാണെന്നും അതോടൊപ്പം തന്നെ ബ്ലോക്ക് തലം മുതല്‍ സി.ഡബ്ല്യൂ.സി വരയുള്ള പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലേക്കും തെരഞ്ഞെടുപ്പ് വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.