| Saturday, 6th July 2024, 9:54 pm

ഞങ്ങൾ ഫലസ്തീനുവേണ്ടിയുള്ള പ്രസ്ഥാനമാണ്, അതിൽ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ല: ജെർമി കോർബിൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ: വടക്കന്‍ ലണ്ടനില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ബ്രിട്ടൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പുതിയ സർക്കാരിന് മുന്നറിയിപ്പുമായി ലേബർ പാർട്ടി മുൻ നേതാവ് ജെര്‍മി കോര്‍ബിന്‍. ഫലസ്തീൻ ജനതയ്ക്ക് വേണ്ടി എന്നും നിലകൊള്ളുമെന്നാണ് അദ്ദേഹം പറഞ്ഞത്.

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

‘പുതിയ സർക്കാരിനുള്ള ഞങ്ങളുടെ സന്ദേശം, ഞങ്ങൾ ഫലസ്തീനുവേണ്ടിയുള്ള ഒരു പ്രസ്ഥാനമാണ്. ഞങ്ങൾ ഒരിക്കലും അതിൽ നിന്ന് പിന്നോട്ട് പോകില്ല,’ ജെര്‍മി കോര്‍ബിന്‍ ഫേസ്ബുക്കിൽ കുറിച്ചു.

വെള്ളിയാഴ്ചയാണ് ബ്രിട്ടനിൽ വോട്ടെണ്ണൽ നടന്നത്. 50 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജെര്‍മി കോര്‍ബിന്‍ തെരഞ്ഞെടുക്കപ്പെട്ടത്. 34.4 ശതമാനം (16,873) വോട്ട് നേടിയ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും പ്രാദേശിക കൗണ്‍സിലറുമായ പ്രഫുല്‍ നര്‍ഗ്രുണ്ടിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ജെര്‍മി കോര്‍ബിന്‍ വടക്കന്‍ ലണ്ടന്‍ പിടിച്ചെടുത്തത്.

വിജയത്തില്‍ പ്രതികരിച്ച് ജെര്‍മി കോര്‍ബിന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. തന്റെ വിജയം കെയ്ര്‍ സ്റ്റാര്‍മറുടെ വരാനിരിക്കുന്ന ലേബര്‍ സര്‍ക്കാരിനുള്ള മുന്നറിയിപ്പാണെന്നാണ് വിജയത്തിന് പിന്നാലെ കോര്‍ബിന്‍ പറഞ്ഞത്. വിയോജിപ്പുകളെ തകര്‍ക്കാനും അടിച്ചമര്‍ത്താനും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പും തന്റെ വിജയവും തനിക്ക് വേണ്ടിയുള്ളതായിരുന്നില്ല, ഈ രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടിയുള്ളതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

40 വര്‍ഷത്തിലേറെയായി ലണ്ടന്‍ മണ്ഡലമായ ഇസ്‌ലിങ്ടൺ നോര്‍ത്തിനെ പ്രതിനിധീകരിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു ജെര്‍മി കോര്‍ബിന്‍. ലേബര്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് കോര്‍ബിന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. പിന്നാലെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പുറത്താക്കലിന് പിന്നില്‍ മറ്റു ചില രാഷ്ട്രീയ വിഷയങ്ങളും ഉണ്ടായിരുന്നു.

ജെര്‍മി കോര്‍ബിന്റെ പിന്‍ഗാമിയായി എത്തിയ സ്റ്റാര്‍മര്‍ പാര്‍ട്ടിയുടെ അടിസ്ഥാന ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ച് വലതുപക്ഷത്തേക്ക് ചായ്വ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടിക്കുള്ളില്‍ ജെര്‍മി തന്റെ വിയോജിപ്പ് പ്രകടിപ്പിച്ച് തുടങ്ങിയത്.

2020ല്‍, യഹൂദ വിരുദ്ധ പരാതികള്‍ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്തു എന്നതില്‍ ജെര്‍മി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ലേബര്‍ പാര്‍ട്ടി അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ തിരിച്ചെടുത്തെങ്കിലും ലേബര്‍ പാര്‍ട്ടിയില്‍ തുടരാന്‍ ജെര്‍മി കോര്‍ബിന്‍ വിസമ്മതിക്കുകയായിരുന്നു.

Content Highlight: we are a movement for Palestine, and we are never, ever going away: Jeremy Corbyn

We use cookies to give you the best possible experience. Learn more