ഞങ്ങളും റൊണാൾഡോയെ നോട്ടമിട്ടിരുന്നു, പക്ഷെ അൽ നസർ കൊണ്ടുപോയി; പ്രമുഖ ക്ലബ്ബ് പ്രസിഡന്റ്
Football
ഞങ്ങളും റൊണാൾഡോയെ നോട്ടമിട്ടിരുന്നു, പക്ഷെ അൽ നസർ കൊണ്ടുപോയി; പ്രമുഖ ക്ലബ്ബ് പ്രസിഡന്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 7th January 2023, 3:49 pm

റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബ് അൽ നസറിൽ എത്തിച്ചേർന്നതിന് പിന്നാലെ ക്ലബ്ബുമായി ബന്ധപ്പെട്ട വാർത്തകളാണ് എവിടെയും. 225 മില്യൺ യൂറോയുടെ പ്രതിവർഷ കരാറിലാണ് പോർച്ചുഗീസ് ഇതിഹാസ താരത്തെ അൽ നസർ സൗദിയിലേക്കെത്തിച്ചത്.

റോണോ ക്ലബ്ബിലേക്ക് എത്തിയതിന് പിന്നാലെ അൽ നസറിന്റെ ബ്രാൻഡ് മൂല്യവും ഓഹരിമൂല്യവും കുത്തനെ ഉയർന്നിരുന്നു. കൂടാതെ ക്ലബ്ബിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരുടെ എണ്ണവും റെക്കോർഡ്‌ സംഖ്യയിലേക്ക് കുതിച്ചു.

ഇതോടെ അൽ നസറിന്റെ വൈരികളായ അൽ ഹിലാലും മറ്റു പ്രോ ലീഗ് ക്ലബ്ബുകളും യൂറോപ്പിൽ നിന്ന് വമ്പൻ കളിക്കാരെ റാഞ്ചാനുള്ള ശ്രമത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എന്നാലിപ്പോൾ റൊണാൾഡോയെ തങ്ങളുടെ സ്‌ക്വാഡിൽ ചേർക്കാൻ താൽപര്യമുണ്ടായിരുന്നു എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ബ്രസീൽ ക്ലബ്ബ്‌ കൊറിന്ത്യൻസിന്റെ പ്രസിഡന്റ് ഡുയ്ലോ മോൺറ്റെയ്റോ.

റൊണാൾഡോയെ ക്ലബ്ബിൽ എത്തിക്കാൻ തങ്ങൾ കഴിയുന്നതും ശ്രമിച്ചെന്നും മാഞ്ചസ്റ്റർ യുണൈറ്റഡിന് മുമ്പിൽ താരത്തിന് നൽകാനുള്ള ഓഫർ അടക്കം സമർപ്പിച്ചെന്നും, എന്നാൽ തങ്ങൾ വെച്ച ഓഫറിന്റെ ഇരുപതിരട്ടി നൽകി താരത്തെ അൽ നസർ കൊണ്ടുപോയെന്നും ഡുയ്ലോ മോൺറ്റെയ്റോ പറഞ്ഞു.

ഇതോടെ റൊണാൾഡോ അൽ നസറിൽ ചേർന്ന ശേഷം തനിക്ക് നിരവധി ഓഫറുകൾ ലഭിച്ചു എന്ന് വെളിപ്പെടുത്തിയ വാർത്ത സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നാണ് ഇപ്പോൾ റോണോയുടെ ആരാധകർ അഭിപ്രായപ്പെടുന്നത്.

“ഞങ്ങൾ റൊണാൾഡോക്ക് ഒരു ഓഫർ നൽകിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോക്ക് ലഭിക്കുന്ന പ്രതിഫലത്തിന് തുല്യമായ തുകയോടെ രണ്ട് വർഷത്തെ കരാറിനാണ് ഞങ്ങൾ ശ്രമിച്ചത്.

അദ്ദേഹത്തിന് യൂറോപ്പിൽ നിന്നും ഓഫറുകൾ വരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. പക്ഷെ ഞങ്ങൾ പറഞ്ഞതിനും 20 ഇരട്ടി നൽകി അൽ നസർ അദ്ദേഹത്തെ കൊണ്ടുപോയി,’ ഡുയ്ലോ മോൺറ്റെയ്റോ പറഞ്ഞു.

കൂടാതെ റൊണാൾഡോയുടെ ഏജന്റുമായി പ്രതിഫലത്തെ സംബന്ധിച്ച് ആറ്, ഏഴ് തവണ സംസാരിച്ചെന്നും എന്നാൽ ഡീൽ നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ റൊണാൾഡോ തങ്ങളുടെ ക്ലബ്ബിൽ കളിക്കില്ലെന്ന് ഏകദേശം തങ്ങൾക്ക് ഉറപ്പായിരുന്നെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.
അതേസമയം അൽ നസറിൽ ചേർന്ന ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ താൻ ലോകത്തിലെ പല ഭാഗത്ത് നിന്നുമുള്ള ക്ലബ്ബുകളുടെ ഓഫറുകൾ നിരസിച്ചെന്നും പുതിയ ഒരു ചാലഞ്ച് ഏറ്റെടുക്കാനായി ശ്രമിക്കുകയാണെന്നും അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ അൽ നസറിൽ റൊണാൾഡോ ഇത് വരെ തന്റെ അരങ്ങേറ്റമത്സരം കളിച്ചിട്ടില്ല. പ്രീമിയർ ലീഗിൽ ആരാധകരോട് തട്ടിക്കയറിയത് മൂലം രണ്ട് മത്സരങ്ങളിൽ വിലക്ക് ലഭിച്ചതാണ് താരത്തിന്റെ ക്ലബ്ബ് അരങ്ങേറ്റം വൈകിപ്പിക്കുന്നത് എന്നതാണ് പുറത്ത് വരുന്ന റിപ്പോട്ടുകൾ.

 

Content Highlights:We also had an eye on Ronaldo, but Al Nassr sign him; said CORINTHIANS president