മെക്‌സിക്കന്‍ ജേഴ്‌സി ചവിട്ടിയ സംഭവം; പ്രതികരണവുമായി ജേഴ്‌സി കൈമാറിയ താരം
Football
മെക്‌സിക്കന്‍ ജേഴ്‌സി ചവിട്ടിയ സംഭവം; പ്രതികരണവുമായി ജേഴ്‌സി കൈമാറിയ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 30th November 2022, 2:12 pm

അര്‍ജന്റീന മെക്സിക്കോ നിര്‍ണായക മത്സരത്തില്‍ വിജയം നേടിയ ശേഷം അര്‍ജന്റൈന്‍ താരങ്ങല്‍ ഡ്രസിങ് റൂമില്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

വീഡിയോയില്‍ ലയണല്‍ മെസി മെക്സിക്കന്‍ പതാക ചവിട്ടിയെന്നാരോപിച്ച് മെക്‌സിക്കന്‍ ബോക്‌സിങ് താരം കാനലോ അല്‍വാരസ് ഭീഷണിയുയര്‍ത്തുകയായിരുന്നു.

തങ്ങളുടെ പതാകയും ജേഴ്‌സിയും ഉപയോഗിച്ച് മെസി തറ വൃത്തിയാക്കുകയായിരുന്നെന്നും, താരത്തെ നേരില്‍ കണ്ടാല്‍ ശക്തമായി തന്നെ പ്രതികരിക്കുമെന്നായിരുന്നു അല്‍വാരസ് പറഞ്ഞത്. തുടര്‍ന്ന് വിഷയത്തില്‍ വിമര്‍ശനങ്ങളും ചര്‍ച്ചകളും വ്യാപകമാവുകയായിരുന്നു.

മത്സരശേഷം മെസി തന്റെ ബൂട്ട് അഴിച്ചുമാറ്റുന്നതിനിടെ ഒരു മെക്‌സിക്കന്‍ ജേഴ്‌സി ചവിട്ടി മാറ്റുന്ന ദൃശ്യം വീഡിയോയില്‍ കാണാം. അതാണ് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.

മെക്‌സിക്കന്‍ താരമായ ആന്‍ഡ്രസ് ഗ്വര്‍ഡാഡോയാണ് മത്സര ശേഷം മെസിയുമായി ജേഴ്‌സി കൈമാറിയത്. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നായപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഗ്വര്‍ഡോഡോ.

‘മെസിയെ എനിക്ക് നന്നായിട്ടറിയാം. മത്സരത്തിന് ശേഷം എല്ലാവരുടെയും ജേഴ്‌സികള്‍ വിയര്‍പ്പ് നിറഞ്ഞതായിരിക്കും. അതുകൊണ്ട് തന്നെ ഡ്രസിങ് റൂമില്‍ എല്ലാവരും നിലത്തിടാറാണ് പതിവ്. സ്റ്റാഫ്‌സ് ആണ് അതൊക്കെ കൈകാര്യം ചെയ്യാറുള്ളത്.

എതിരാളികളുടെതാണെങ്കിലും സ്വന്തം ജേഴ്‌സിയാണെങ്കിലും മത്സരശേഷം നിലത്തിടും. ഞാനാണ് മെസിയുമായി ജേഴ്‌സി കൈമാറിയത്. ഇതെന്നെ ബാധിക്കുന്ന പ്രശ്‌നമേയല്ല. ഞാനും ഇങ്ങനെ തന്നെയാണ് ചെയ്യാറ്. ഡ്രസിങ് റൂം എന്താണ് കാനലോക്ക് അറിയാത്തത് കൊണ്ടാണ്. അല്ലെങ്കില്‍ ഈ നിസാര കാര്യത്തിന് അദ്ദേഹം ഇങ്ങനെ പ്രതികരിക്കില്ലായിരുന്നു,’ ഗ്വര്‍ഡാഡോ പറഞ്ഞു.

ലയണല്‍ മെസി മനപൂര്‍വം ചെയ്തതല്ലെന്നാണ് ഗ്വര്‍ഡാഡോ പറയാന്‍ ശ്രമിച്ചത്. താരത്തിന്റെ പ്രതികരണത്തോടെ ഈ വിവാദം കെട്ടടങ്ങിയിരിക്കുകയാണിപ്പോള്‍.

അതേസമയം ഗ്രൂപ്പ് സിയില്‍ അവസാന മത്സരത്തിനൊരുങ്ങുകയാണ് ടീമുകള്‍. നിലവില്‍ ഒരു പോയിന്റുമായി നാലാം സ്ഥാനത്താണ് മെക്‌സിക്കോ. നാല് പോയിന്റ് ലീഡില്‍ പോളണ്ട് ഒന്നാം സ്ഥാനത്തും മൂന്ന് പോയിന്റുമായി അര്‍ജന്റീന നാലാം സ്ഥാനത്തുമാണ്. അവസാന മത്സരത്തില്‍ അര്‍ജന്റീന-പോളണ്ട് പോരാട്ടം നടക്കുമ്പോള്‍ സൗദി അറേബ്യയെയാണ് മെക്‌സിക്കോ നേരിടുന്നത്.

Content Highlights: We all know the respect that Leo Messi has for everyone. Canelo doesn’t know how a locker room works, says Andres Guardado