കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തില്‍ സിനിമാ പെരുമാറ്റച്ചട്ടം കൊണ്ടുവരാനുള്ള നിര്‍ദേശങ്ങളുടെ ഒരു പരമ്പര തുടങ്ങുമെന്ന് ഡബ്ല്യൂ.സി.സി അറിയിച്ചത്. എല്ലാവര്‍ക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടമെന്ന നിലയില്‍ മലയാള ചലച്ചിത്ര വ്യവസായത്തെ പുനര്‍നിര്‍മിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
സിനിമയെ വെള്ളിത്തിരയുടെ ഉള്ളിലും പുറത്തും മികവുറ്റതാക്കാന്‍ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടമാണ് ഇത്. ഇപ്പോള്‍ പരമ്പരയിലെ ആദ്യ നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് ഡബ്ല്യൂ.സി.സി. എല്ലാവര്‍ക്കും കരാര്‍ കൊണ്ടുവരിക എന്നതാണ് അവരുടെ ആദ്യ നിര്‍ദേശം.
അഭിനേതാക്കള്‍ അടക്കമുള്ള എല്ലാ സിനിമ തൊഴിലാളികള്‍ക്കും ‘തൊഴില്‍ കരാര്‍’ കൊണ്ടുവരണമെന്ന് ഡബ്ല്യൂ.സി.സി. ആവശ്യപ്പെട്ടു. ചലച്ചിത്ര വ്യവസായം അംഗീകരിക്കുന്ന കരാര്‍ രൂപരേഖകള്‍ ഉണ്ടാകണമെന്നും കരാര്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശം ഉണ്ടാകണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയില്‍ ആരോപണങ്ങള്‍ കനത്തിരുന്നു. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവിട്ടത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തിന് പുറത്തും ഒട്ടേറെ അനുരണനങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇനി തങ്ങള്‍ക്കെതിരായ സൈബര്‍ അറ്റാക്കിന്റെ കാലമാണെന്നും ഡബ്ല്യു.സി.സി. ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഫേക്ക് ഐ.ഡികള്‍ കൂട്ടമായി ഉണ്ടാക്കി കൊണ്ടിരിക്കുകയാണെന്നും അതിനെ നിയമപരമായി നേരിട്ടു കൊണ്ടുതന്നെ മുന്നോട്ട് പോകുമെന്നും അവര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.
Content Highlight: WCC With The First Proposal To Cinema Code Of Conduct