| Wednesday, 4th September 2024, 12:51 pm

ഇനി ഞങ്ങള്‍ക്കെതിരായ സൈബര്‍ അറ്റാക്കിന്റെ കാലം; ഫേക്ക് ഐഡികള്‍ കൂട്ടമായുണ്ടാക്കി കൊണ്ടിരിക്കുന്നു: ഡബ്ല്യു.സി.സി.

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തിന് പുറത്തും ഒട്ടേറെ അനുരണനങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇനി തങ്ങള്‍ക്കെതിരായ സൈബര്‍ അറ്റാക്കിന്റെ കാലമാണെന്നും ഡബ്ല്യു.സി.സി. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.

ഫേക്ക് ഐഡികള്‍ കൂട്ടമായി ഉണ്ടാക്കി കൊണ്ടിരിക്കുകയാണെന്നും അതിനെ നിയമപരമായി നേരിട്ടു കൊണ്ടുതന്നെ മുന്നോട്ട് പോകുമെന്നും അവര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു. യാതൊരു പിന്തുണയുമില്ലാതിരുന്നിട്ടും പൊതുമധ്യത്തില്‍ ശക്തരായി നിന്ന് തങ്ങളുടെ തൊഴിലിടത്തെ പ്രശ്നങ്ങള്‍ തുറന്ന് പറയുന്ന സ്ത്രീകള്‍ക്കെല്ലാം പോസ്റ്റിലൂടെ ഡബ്ല്യു.സി.സി അഭിനന്ദനമറിയിച്ചു.

‘സ്വന്തം അവസ്ഥ വ്യക്തമാക്കാന്‍ കഴിയുന്ന ഇര അന്നുതൊട്ട് ഒരു ഇരയേ അല്ല. അവന്‍ അല്ലെങ്കില്‍ അവള്‍ ഒരു ഭീഷണിയാകുന്നു’ എന്ന ജെയിംസ് ബാള്‍ഡ്വിന്റെ വാക്കുകളും ഡബ്ല്യു.സി.സി. ഫേസ്ബുക്കില്‍ പങ്കുവെച്ചു.

‘നാലര വര്‍ഷം നീണ്ട ശ്രമങ്ങള്‍ക്ക് ശേഷം പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാ രംഗത്ത് നിലനില്‍ക്കുന്ന തൊഴില്‍ ഘടനയെ കുറിച്ച് ഒട്ടനവധി പരാതികളും പ്രശ്‌നങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതില്‍ ലൈംഗിക ആരോപണവും പറയുന്നുണ്ട്.

ജോലി ചെയ്യാനുള്ള അവസരത്തിനും ജോലി സ്ഥലത്ത് സ്ത്രീയുടെ അന്തസ് സംരക്ഷിക്കാനും തൊഴിലിടത്ത് സ്ത്രീക്ക് കൂടി അനുകൂലമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. യാതൊരു പിന്തുണയുമില്ലാതെ തങ്ങളുടെ തൊഴിലിടത്തെ പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ്, പൊതുമധ്യത്തില്‍ ശക്തരായി നില്‍ക്കുന്ന സ്ത്രീകള്‍ക്കെല്ലാം ഞങ്ങളുടെ അഭിനന്ദനങ്ങള്‍.

റിപ്പോര്‍ട്ട് കേരളത്തിന് പുറത്തും ഒട്ടേറെ അനുരണനങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. എന്നാല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ സന്തോഷവും പിന്തുണയും അറിയിച്ചവര്‍ക്കായി പറയുകയാണ്. ഇനി ഞങ്ങള്‍ക്കെതിരായ സൈബര്‍ അറ്റാക്കിന്റെ കാലമാണ്.

ഫേക്ക് ഐഡികള്‍ കൂട്ടമായി ഉണ്ടാക്കി കൊണ്ടിരിക്കുന്നു. പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകര്‍ക്കാനായി പുരുഷാധിപത്യ സമൂഹം എല്ലാ കാലത്തും ചെയ്യാറുള്ള കാര്യങ്ങളാണ് വ്യക്തിഹത്യകള്‍. അതിനെ നിയമപരമായി നേരിട്ടു കൊണ്ടുതന്നെ ഞങ്ങള്‍ മുന്നോട്ട് പോകും.

നേരത്തെ വന്ന സൈബര്‍ അറ്റാക്കുകളുടെ തീയില്‍ വാടാതെ പിടിച്ചു നിന്ന ഞങ്ങള്‍ക്ക് നന്ദി പറയേണ്ടതും അവരോട് തന്നെയാണ്. ഞങ്ങളെ കൂടുതല്‍ ശക്തരാക്കിയതിന്, ഇനിയും ശക്തരാക്കുന്നതിന്!,’ ഡബ്ല്യു.സി.സി. പറയുന്നു.

Content Highlight: WCC Talks About Cyber Attacks

We use cookies to give you the best possible experience. Learn more