തിരുവനന്തപുരം: ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി ഡബ്ലു.സി.സി(Women in Cinema Collective). ‘ബേട്ടി ബചാവോ’ എന്ന് എഴുതിവെച്ചിരിക്കുന്ന വഴിയോരങ്ങളിലൂടെയും തെരുവുകളിലൂടെയും, നമ്മുടെ പെണ്മക്കള്‍ വലിച്ചിഴക്കപ്പെടുന്നു എന്ന വിരോധാഭാസം ഹൃദയഭേദകമാണെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു.
നീതിക്ക് വേണ്ടിയുള്ള ഗുസ്തി താരങ്ങളുടെ പോരാട്ടം അവഗണിക്കപ്പെടുന്നുവെന്നും ലിംഗപരമായ ചൂഷണങ്ങള്‍ ഇല്ലാത്ത സുരക്ഷിതമായ ഒരു തൊഴിലന്തരീക്ഷത്തിന് നിയമപരമായി സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്നും ഡബ്ല്യൂ.സി.സി പ്രസ്താവനയില്‍ പറഞ്ഞു.
‘അന്താരാഷ്ട്രതലത്തില്‍ നമ്മുടെ രാജ്യത്തിന്റെ യശസുയര്‍ത്തിയ റെസ്റ്റലേഴ്‌സ് നീതി തേടുകയാണെന്ന് നമുക്കറിയാം. നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടം നിര്‍ദ്ദയം അവഗണിക്കപ്പെടുന്നു. ഒപ്പം തന്നെ അവര്‍ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്യുന്നു.
നമ്മുടെ രാജ്യത്ത് ഏതൊരു സ്ത്രീക്കും ലിംഗപരമായ ചൂഷണങ്ങള്‍ ഇല്ലാത്ത സുരക്ഷിതമായ ഒരു തൊഴിലന്തരീക്ഷത്തിന് നിയമപരമായ അവകാശമുണ്ട്. അത് സജ്ജമാക്കാന്‍, ഉത്തരവാദിത്തപ്പെട്ട പ്രവര്‍ത്തന സംവിധാനങ്ങളുടെ ഭാഗത്തുനിന്നും സമയോചിതമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെങ്കില്‍, പിന്നീട് അവരുടെ ഏക ആശ്രയം ഔദ്യോഗികമായി പരാതി നല്‍കി തങ്ങളുടെ പ്രതിഷേധം അറിയിക്കുക എന്നുള്ളത് മാത്രമാണ്. പരാതിക്കാരെ ചേര്‍ത്ത് നിര്‍ത്തുന്നതിനു പകരം അവരുടെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം വരെ നിഷേധിക്കപ്പെടുന്നതാണ് നമ്മള്‍ കാണുന്നത്.