| Monday, 6th September 2021, 5:40 pm

ജൂറിയുടെ തീരുമാനം ചരിത്രപരം; സീരിയലുകള്‍ക്ക് അവാര്‍ഡ് നല്‍കാതിരുന്ന ജൂറി തീരുമാനത്തെ പിന്തുണച്ച് ഡബ്ല്യൂ.സി.സി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരത്തില്‍ സീരിയലുകള്‍ക്ക് നിലവാരമില്ലാത്തതിനാല്‍ പുരസ്‌ക്കാരം നല്‍കേണ്ടന്ന പുരസ്‌ക്കാര ജൂറിയുടെ തീരുമാനത്തെ പിന്തുണച്ച് വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ്.

പുരസ്‌ക്കാര നിര്‍ണയത്തിന് പിന്നാലെ ജൂറിയുടെ തീരുമാനത്തെ അനുകൂലിച്ചും എതിര്‍ത്തുമുള്ള അഭിപ്രായങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് ജൂറിയെ പിന്തുണച്ച് ഡബ്ല്യൂ.സി.സി രംഗത്ത് എത്തിയത്.

ജൂറി തീരുമാനം ചരിത്രപരമാണെന്നും ധീരമായ ആ തീരുമാനം തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നെന്നും ഡബ്ല്യൂ.സി.സി പറഞ്ഞു. തീരുമാനമെടുത്ത ജൂറിക്കും അതിന് അര്‍ഹമായ ബഹുമതികളോടെ അംഗീകാരം നല്‍കിയ സര്‍ക്കാറിനും ഡബ്ല്യൂ.സി.സിയുടെ അഭിനന്ദനങ്ങള്‍. ഇത്തരം ആര്‍ജ്ജവമുള്ള തീരുമാനങ്ങളാണ് ചരിത്രത്തില്‍ വലിയ തിരുത്തലുകള്‍ക്ക് തുടക്കം കുറിക്കുന്നത്. കലയില്‍ കാഴ്ചപാടുകളും ഉള്ളടക്കവും പ്രധാനമാണ് എന്ന നിലപാട് സെന്‍സര്‍ഷിപ്പല്ല, മറിച്ച് പണത്തിന്റെയും അധികാരത്തിന്റെയും ബലത്തില്‍ എന്തുമാകാം എന്ന സാംസ്‌കാരിക മലിനീകരണത്തിന് തടയിടലാണ്’ എന്നും ഡബ്ല്യൂ.സി.സി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് 29ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. അവാര്‍ഡിന് അര്‍ഹിക്കുന്ന മികച്ച സീരിയലുകളായി ഒന്നുമില്ലെന്നാണ് ജൂറിയുടെ നിരീക്ഷണം. കലാമൂല്യമുള്ള ഒരു സീരിയലുമില്ലാത്തതിനാലാണ് അവാര്‍ഡുകള്‍ക്കായി പരിഗണിക്കാതിരുന്നതെന്നും ജൂറി പറഞ്ഞിരുന്നു.

ജൂറിയുടെ മുന്നിലെത്തിയ എന്‍ട്രികളില്‍ ഭൂരിഭാഗവും അവാര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഒന്നും തന്നെ സാക്ഷാത്കരിക്കുന്നവയായിരുന്നില്ല. അതുകൊണ്ടുതന്നെ മികച്ച സീരിയല്‍, മികച്ച രണ്ടാമത്തെ സീരിയല്‍, മികച്ച സംവിധായകന്‍, മികച്ച കലാസംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ ഈ വര്‍ഷം പുരസ്‌കാരം നല്‍കിയിരുന്നില്ല.

ടെലിവിഷന്‍ സീരിയലുകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചു കാണുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും വീടുകളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു കാണുന്ന ഒരു മാധ്യമം എന്ന നിലയില്‍ ടെലിവിഷന്‍ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്തബോധം പുലര്‍ത്തണമെന്നും എന്‍ട്രികള്‍ വിലയിരുത്തി ജൂറി അഭിപ്രായപ്പെട്ടിരുന്നു.

സംവിധായകന്‍ ആര്‍. ശരത്, എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ്, അഭിനേത്രി ലെന കുമാര്‍, സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് പൊതുവാള്‍, സംവിധായകന്‍ ജിത്തു കോളയാട്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

ഡബ്ല്യൂ.സി.സിയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം:

’29ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചപ്പോള്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ മികച്ച സീരിയല്‍ അവാര്‍ഡുകള്‍ വേണ്ടെന്ന് വച്ച ജൂറി തീരുമാനം ചരിത്രപരമാണ്. ധീരമായ ആ തീരുമാനം ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു . നെഞ്ചോട് ചേര്‍ക്കുന്നു . ആ തീരുമാനമെടുത്ത ജൂറിക്കും അതിന് അര്‍ഹമായ ബഹുമതികളോടെ അംഗീകാരം നല്‍കിയ സര്‍ക്കാറിനും ഡബ്ലു.സി.സി.യുടെ അഭിനന്ദനങ്ങള്‍.ഇത്തരം ആര്‍ജ്ജവമുള്ള തീരുമാനങ്ങളാണ് ചരിത്രത്തില്‍ വലിയ തിരുത്തലുകള്‍ക്ക് തുടക്കം കുറിക്കുന്നത്.

വന്‍മൂലധനത്തിന്റെ അകമ്പടിയും അധികാരവുമുണ്ടെങ്കില്‍ എത്ര തന്നെ മനുഷ്യത്വ വിരുദ്ധമായ ഉള്ളടക്കവും കലയുടെ പേരില്‍ വിറ്റഴിക്കാനും അതിന് അംഗീകാരം നേടാനും കഴിയും എന്ന ധാര്‍ഷ്ട്യത്തിനാണ് ഈ തിരുത്ത് പ്രഹരമേല്പിച്ചിരിക്കുന്നത്. കലയില്‍ കാഴ്ചപാടുകളും ഉള്ളടക്കവും പ്രധാനമാണ് എന്ന നിലപാട് സെന്‍സര്‍ഷിപ്പല്ല , മറിച്ച് പണത്തിന്റെയും അധികാരത്തിന്റെയും ബലത്തില്‍ എന്തുമാകാം എന്ന സാംസ്‌കാരിക മലിനീകരണത്തിന് തടയിടലാണ്. അതിന്റെ പേരാണ് നവോത്ഥാനം. ഡബ്ലു.സി.സി. അതിനൊപ്പമാണ്. ഉള്ളടക്കം ഏത് കലയുടെയും ജീവശ്വാസമാണ്.’

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

WCC supported the jury’s decision not to award the serials

We use cookies to give you the best possible experience. Learn more