| Sunday, 8th December 2019, 6:01 pm

തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിയുടെ സദാചാര ഗുണ്ടായിസം; മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി ഡബ്ല്യൂ.സി.സി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: സദാചാര ഗുണ്ടായിസം നടത്തിയ തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി എം. രാധാകൃഷ്ണനെതിരെ പരാതി നല്‍കിയ മാധ്യമ പ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി വനിതാ സിനിമ പ്രവര്‍ത്തക കൂട്ടായ്മയായ ഡബ്ല്യൂ.സി.സി.

പ്രസ്‌ക്ലബ്ബ് സെക്രട്ടറിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകയ്ക്ക് നേരിട്ട അപമാനം പ്രതിഷേധാര്‍ഹമാണെന്നും സംഭവത്തില്‍ ന്യായമായ നിലപാട് പ്രസ് ക്ലബ്ബ് എടുക്കണമെന്നും ഡബ്ല്യൂ.സി.സി ആവശ്യപ്പെട്ടു.

പുരുഷ സഹപ്രവര്‍ത്തകരുടെ സ്ത്രീവിരുദ്ധ നിലപാടിനോട് കലഹിക്കുന്ന സ്ത്രീ മാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും ഡബ്ല്യൂ.സി.സി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നെറ്റ് വര്‍ക്ക് ഫോര്‍ വുമണ്‍ ഇന്‍ മീഡിയയുടെ പ്രസ്താവന പങ്കുവെച്ച് കൊണ്ടായിരുന്നു ഡബ്ല്യൂ.സി.സിയുടെ പ്രസ്താവന. മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്നും വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നും എം. രാധാകൃഷ്ണനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പേട്ട പൊലീസ് പ്രസ് ക്ലബ്ബിലെത്തിയാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുക, മര്‍ദ്ദിക്കുക, തടഞ്ഞുവെയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ കുറ്റങ്ങള്‍ വരുന്ന വകുപ്പുകളാണ് രാധാകൃഷ്ണനെതിരെ ചുമത്തിയിട്ടുള്ളത്.

ഡബ്ല്യൂ.സി.സിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

അവള്‍ക്കൊപ്പം

വീട്ടിനകത്തായാലും പുറത്തായാലും സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന കടമ്പകള്‍ സമാനമാണ്. രണ്ടിടത്തും ‘പുരുഷാധിപത്യത്തിന്റെ ബലാത്സംഗ സംസ്‌കാരം ‘ പല രൂപത്തിലും പതിയിരിക്കുന്നുണ്ട്. ലിംഗാധികാരത്തിന്റെ ആനുകൂല്യത്തില്‍ എല്ലാ സംവിധാനങ്ങളും വരുതിയില്‍ നിര്‍ത്തി മാത്രം ജീവിച്ചു ശീലിച്ച ആണത്തങള്‍ അതുകൊണ്ട് തന്നെ എവിടെയും ഒരു പൊലീസ് സംസ്‌കാരം പണിതാണ് സ്വയം അതിജീവിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സിനിമയിലും മാധ്യമങ്ങളിലും അത് പരിധിയില്‍ കവിഞ്ഞ ബുദ്ധിമുട്ടാണ് സ്ത്രീകള്‍ക്ക് ഉണ്ടാക്കുന്നത്. കേരളത്തിലെ ഒരു മാധ്യമ പ്രവര്‍ത്തകക്ക് സ്വന്തം വീട്ടിനുള്ളിലെ സ്വകാര്യതയില്‍, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായ സഹപ്രവര്‍ത്തകനില്‍ നിന്നും നേരിട്ട അപമാനം പ്രതിഷേധാര്‍ഹമാണ്. പൊതു ജീവിതത്തെ തന്നെ അസാധ്യമാക്കുന്ന സ്ത്രീയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഇത്തരം പൊലീസിംഗ് ഒരു നിലക്കും അനുവദിക്കാനാകില്ല.

ഇക്കാര്യത്തില്‍ തങ്ങളുടെ പുരുഷാധിപ സഹപ്രവര്‍ത്തകരുടെ സ്ത്രീ വിരുദ്ധ നിലപാടിനോട് കലഹിക്കുന്ന സ്ത്രീമാധ്യമ പ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും അര്‍പ്പിക്കുന്നു. അവരുടെ പോരാട്ടം ന്യായമാണ്. നെറ്റ് വര്‍ക്ക് ഫോര്‍ വുമണ്‍ ഇന്‍ മീഡിയയുടെ പ്രസ്താവന ഞങ്ങളിവിടെ പങ്ക് വയ്ക്കുന്നു. അവരുടെ നിലപാടിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.തിരുവനന്തപുരം പ്രസ് ക്ലബ്ബിനോട് ഈ സംഭവത്തെ ഗൗരവമായി കണ്ട് ന്യായമായ ഒരു നിലാപാട് അടിയന്തിരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more