സാമൂഹ്യമാധ്യമങ്ങളിലും സൈബര്‍ ഇടങ്ങളിലും സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ നിരന്തമായ ചര്‍ച്ചകളും പൊതുസംവാദങ്ങളും എഴുത്തുകളും ക്യാമ്പയിനുകളും ഉണ്ടായിക്കൊണ്ടിരിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിച്ചുകൊണ്ട് സാമൂഹിക സാംസ്‌കാരിക ചലച്ചിത്രമേഖലകളില്‍നിന്നുള്ളവര്‍ രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ #RefucetheAbuse ‘സൈബര്‍ ഇടം ഞങ്ങളുടെയും ഇടം’ എന്ന സോഷ്യല്‍മീഡിയ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ് ചലച്ചിത്രമേഖലയില്‍ നിന്നുള്ള വനിതാകൂട്ടായ്മയായ ഡബ്ല്യൂ.സി.സി.(വുമണ്‍ ഇന്‍ സിനിമാ കളക്ടീവ്)
സ്ത്രീവിരുദ്ധമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ട് യൂട്യൂബില്‍ വീഡിയോകള്‍ ചെയ്ത വിജയ് പി നായര്‍ എന്നയാള്‍ക്കു നേരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, ആക്റ്റിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവത്തോടെയാണ് സ്ത്രീകള്‍ക്കുനേരെയുള്ള സൈബര്‍ ആക്രമണം വീണ്ടും ചര്‍ച്ചയായി മാറിയത്.
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുന്ന സ്ത്രീകള്‍ക്കു നേരെയാണ് സൈബര്‍ ആക്രമണങ്ങള്‍ പ്രധാനമായും ഉണ്ടാകുന്നതെന്ന് പല സാമൂഹ്യപ്രവര്‍ത്തകരും ഈയൊരു പശ്ചാത്തലത്തില്‍ ഉന്നയിച്ചിരുന്നു. ഓരോ കാലത്തും പല മേഖലകളില്‍ നിന്നുള്ള സ്ത്രീകള്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുമുണ്ട്.
ചലച്ചിത്ര താരങ്ങളായ റിമാ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്, അര്‍ച്ചന പത്മിനി, രേവതി, പത്മപ്രിയ തുടങ്ങിയ നടികളെല്ലാം സിനിമാമേഖലയില്‍ പാരമ്പര്യമായി തുടര്‍ന്നുപോന്ന പുരുഷകേന്ദ്രീകൃത ചിന്താധാരകളോട് കലഹിച്ച് പുറത്തു വന്നവരാണ്. അതിന്റെ പേരില്‍ വലിയ സൈബര്‍ ആക്രമണങ്ങളാണ് ഇവര്‍ നേരിടേണ്ടി വന്നതും. ഇത്തരമൊരു പശ്ചാത്തലത്തില്‍ ചലച്ചിത്രമേഖലയില്‍ നിന്നുള്ള സ്ത്രീ സംഘടയായ ഡബ്ല്യു.സി.സി സൈബര്‍ അബ്യൂസിനെക്കുറിച്ചുള്ള സാമൂഹികബോധം വളര്‍ത്താനുള്ള പുതിയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വരുമ്പോള്‍ അത് കേരളത്തിലെ സാമൂഹികമണ്ഡലത്തെ തന്നെ വലിയ രീതിയില്‍ സ്വാധീനിക്കുമെന്ന അഭിപ്രായങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
ഡബ്ല്യൂ.സി.സിയുടെ #RefucetheAbuse ‘സൈബര്‍ ഇടം ഞങ്ങളുടെയും ഇടം’ എന്ന ക്യാമ്പയിനൊപ്പം തന്നെ നിരവധി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് വെക്കാന്‍ സംഘടന തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ കള്‍സള്‍ട്ടന്റും റിസര്‍ച്ച് സ്‌കോളറും ഡബ്ല്യൂ.സി.സി അംഗവുമായ സംഗീത ജനചന്ദ്രന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങളില്‍ അക്രമങ്ങള്‍ നേരിട്ട പല വ്യക്തികള്‍ക്കും പറയാനുള്ളത് വീഡിയോകളുടെ രൂപത്തില്‍ ആളുകളിലെത്തിക്കാനുള്ള ശ്രമം ആലോചിച്ചുവരികയാണ്. സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണം കാലങ്ങളായി നടന്നുവരുകയാണല്ലോ. ഇതിന് പരിഹാരം കാണാനുള്ള സമയം അതിക്രമിച്ചുവെന്നാണ് അഭിപ്രായം.
ഡബ്ല്യൂ.സി.സിയിലൂടെയെങ്കിലും ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചാല്‍ അത് വലിയ കാര്യമായിരിക്കും. മലയാളിയുടെ സൈബര്‍ സ്പേസ് സ്വഭാവത്തെക്കുറിച്ച് വിശദമായ പഠനം നടത്തി ഒരുക്കിയ ഒരു റിസര്‍ച്ച് റിപ്പോര്‍ട് ആണ് ആദ്യമായി ആളുകള്‍ക്ക് മുന്നിലേക്ക് സംഘടന വെക്കുന്നത്. ‘വാക്കിങ്ങ് ഓണ്‍ എഗ്ഗ് ഷെല്‍സ് ഇന്‍ ദി മലയാളി സൈബര്‍ സ്പേസ് എന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് ജെ ദേവിക, ചിത്ര വിജയകുമാര്‍, ദര്‍ശന ശ്രീധര്‍ മിനി, രശ്മി പി.എസ്, ലിസബത്ത് അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്നാണ്, സംഗീത പറഞ്ഞു.
സോഷ്യല്‍മീഡിയകളിലൂടെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പ്രതിരോധം സൃഷ്ടിക്കാന്‍ സോഷ്യല്‍മീഡിയ തന്നെ തെരഞ്ഞെടുക്കാവുന്നതാണെന്നും അതിനാല്‍ ഇത്തരം ക്യാമ്പയിനുകള്‍ കൂടുതലായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും നവമാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പി.എച്ച്.എഡി ചെയ്യുന്ന സംഗീത അഭിപ്രായപ്പെട്ടു.
സോഷ്യല്‍ മീഡിയ കാലത്തെ കമ്മ്യൂണിക്കേഷനും അതിന്റെ വളര്‍ച്ചയും എന്ന വിഷയത്തില്‍ കേരളത്തെ അടിസ്ഥാനമാക്കിയുള്ള പഠനമായിരുന്നു ഞാന്‍ നടത്തിയത്. അതിന് വേണ്ടി സമൂഹത്തിലെ പല ഭാഗത്തുള്ള ആളുകളുമായി സംസാരിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. കൃത്യമായി ഉപയോഗിക്കുകയാണെങ്കില്‍ ഈ കാലത്ത് വളരെ ശക്തമായ ഒരു ഉപകരണമാണ് സോഷ്യല്‍ മീഡിയ എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. പക്ഷേ നിര്‍ഭാഗ്യവശാല്‍ വിപരീത രീതിയിലാണ് നവമാധ്യമങ്ങള്‍ കൂടുതലും വിനിയോഗിക്കപ്പെടുന്നത്.’ സംഗീത ഡൂള്‍ന്യൂസിനോട് പറഞ്ഞു. കേരളത്തില്‍ സൈബര്‍ ആക്രമണം നേരിട്ട സ്ത്രീകളുടെ ലിസ്റ്റ് വളരെ വലുതായിരിക്കുമെന്നും സംഗീത കൂട്ടിച്ചേര്‍ത്തു.
സൈബര്‍ കയ്യേറ്റക്കാര്‍ ജയിക്കുന്ന ഈ സാമൂഹിക പശ്ചാത്തലത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് ഡബ്ല്യൂ.സി.സി നേതൃത്വം നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ദുര്‍ബലമായ സൈബര്‍ നിയമങ്ങള്‍ നിലനില്‍ക്കുന്ന നാടാണ് നമ്മുടെത്. ഇവിടെ സ്ത്രീകള്‍ക്ക് പൊതു ഇടത്ത് എന്ന പോലെ സൈബര്‍ ഇടത്തിലും ലിംഗനീതി എന്നത് അസാധ്യമാണ്. വുമണ്‍ ഇന്‍ സിനിമാ കലക്ടീവിലെ അംഗങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഞങ്ങളത് അനുഭവിച്ചിട്ടുള്ളതുമാണ്. ഒന്നും സംഭവിച്ചിട്ടേയില്ല. ഒരു നീതിയും നടപ്പാക്കപ്പെട്ടില്ല.
സൈബര്‍ കയ്യേറ്റക്കാര്‍ തന്നെ ജയിക്കുന്ന ലോകമാണിത്. ഭരണഘടന ഉറപ്പ് നല്‍കുന്ന ലിംഗസമത്വവും സാമൂഹ്യ ജീവിതത്തില്‍ അസാധ്യമായിരിക്കുന്നത് തീരുമാനമെടുക്കപ്പെടുന്ന ഇടങ്ങളിലെല്ലാം നിലകൊള്ളുന്നത് പുരുഷാധികാരവും അതിന്റെ പ്രത്യയശാസ്ത്രങ്ങളുമാണ് എന്നതിനാലാണ്. ഇതിനൊരു തിരുത്തുണ്ടാകാനും നയരൂപീകരണത്തിനും സൈബര്‍ വിദഗ്ദരുമായി ഡബ്ലു.സി.സി. നിരവധി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയുമാണ്. തൊഴിലിടത്തിലെ ഐ.സി.സി. പോലെ പ്രധാനമാണ് പൊതു ഇടത്തെ സൈബര്‍ നയവും, ഡബ്ല്യൂ.സി.സി നേതൃത്വം ഫേസ്ബുക്കില്‍ എഴുതിയതിങ്ങനെയാണ്.
സ്ത്രീസമൂഹത്തിന് നേരെ സൈബര്‍ ഇടങ്ങളില്‍ തെറിവിളികളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ലൈംഗികച്ചുവയാര്‍ന്ന വാക്കുകളും ഉപയോഗിച്ചതിന് ഇരകളാവേണ്ടി വന്ന സ്ത്രീകള്‍ക്ക് നിയമവ്യവസ്ഥയില്‍നിന്നുപോലും നീതി ലഭിച്ചില്ലെന്നും പലരും ഉയര്‍ത്തിക്കാട്ടുന്നു.
ആരോഗ്യമന്ത്രി കെ.കെ ശൈലജ, എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്, മുന്‍ ആരോഗ്യമന്ത്രിയായിരുന്ന പി.കെ ശ്രീമതി, ചിത്രലേഖ, ആക്റ്റിവിസ്റ്റായ ശ്രീലക്ഷ്മി അറയ്ക്കല്‍, രഹ്ന ഫാത്തിമ എന്നിവരും ഓരോ സമയങ്ങളിലായി സോഷ്യല്‍മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുള്ളവരാണ്. പലപ്പോഴും സാമൂഹികമായ വിഷയങ്ങളില്‍ പ്രതികരണം നടത്തിയതിനോ, സ്ത്രീകള്‍ക്കും പുരുഷന്‍മാരുടേതിന് തുല്യമായ അവകാശങ്ങള്‍ വേണമെന്ന് പറഞ്ഞതിനോ, ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞതിനോ ഒക്കെയാണ് ഈ സ്ത്രീകള്‍ ആക്രമണങ്ങള്‍ക്കിരയായത്.
വിക്ടേഴ്‌സ് ചാനലില്‍ ജൂണ്‍ ഒന്നിന് പഠിപ്പിക്കാനെത്തിയ അധ്യാപകരെ അവഹേളിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. ക്ലാസ് എടുക്കാന്‍ വന്ന ടീച്ചറുടെ സാരിയുടെ നിറത്തെയും ശാരീരികഘടനയെയും അടിസ്ഥാനപ്പെടുത്തി ബ്ലൂ ടീച്ചര്‍ ആര്‍മികള്‍ രൂപപ്പെട്ടതും വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു.
സമീപകാലത്ത് യുവ അഭിനേത്രിയായ അനശ്വര രാജന്‍ സോഷ്യല്‍ മീഡയിയില്‍ പങ്കുവെച്ച ചിത്രത്തിനെതിരെയും സദാചാര വ്യക്തികളുടെ ആക്രമണം നടന്നിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ചിത്രത്തില്‍ ധരിച്ച വസ്ത്രത്തിന്റെ ഇറക്കക്കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിനെതിരെ അധിക്ഷേപകരമായ കമന്റുകളുമായി ചിലര്‍ രംഗത്തെത്തിയത്. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് കേരളത്തില്‍ അരങ്ങേറിയിട്ടുള്ളത്.
ഡബ്ല്യൂ.സി.സി പോലുള്ള ഒരു സംഘടന ക്യാമ്പയിനും മറ്റ് പരിപാടികളുമായി മുന്നോട്ട് വരുന്നതിന് എല്ലാ പിന്തുണകളും അറിക്കുന്നുവെന്ന് സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ശാരദക്കുട്ടിയും ഫേസ്ബുക്കില്‍ എഴുതി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: WCC start Campaign for cyber attack against woman