|

കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഡബ്ല്യു.സി.സി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യൂ.സി.സി.). കലാലയത്തിലെ അനീതികള്‍ക്കും ജാതി വിവേചനത്തിനും എതിരെ സധൈര്യം പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നുവെന്ന് ഡബ്ല്യൂ.സി.സി. ഫെയ്സ്ബുക്കില്‍ കുറിച്ചു.

സിനിമ പഠിക്കുമ്പോഴും അവിടെ പ്രവര്‍ത്തിക്കുമ്പോഴും സര്‍ഗശക്തി ക്ഷയിപ്പിക്കാത്ത ചുറ്റുപാടുകളുണ്ടാവുക എന്നത് അനിവാര്യമാണെന്നും, മൗലികാവകാശങ്ങള്‍ നിഷേധിക്കല്‍, വിവേചനം, സുരക്ഷിതത്വമില്ലായ്മ തുടങ്ങിയ സ്ഥിതിഗതികള്‍ നിലനില്‍ക്കുന്നയിടങ്ങള്‍ സിനിമയെന്ന സമഗ്രമായ കലയുടെയും അതില്‍ പങ്കുകൊള്ളുന്നവരുടെയും വളര്‍ച്ചക്ക് വിലങ്ങുതടിയാകുമെന്നും ഡബ്ല്യു.സി.സി ഫേസ്ബുക്കില്‍ എഴുതി.

‘സിനിമ പഠിക്കുമ്പോഴും സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോഴും സര്‍ഗശക്തിയെ ക്ഷയിപ്പിക്കാത്ത ചുറ്റുപാടുണ്ടാവുക എന്നത് വളരെ അനിവാര്യമാണ്. മൗലികാവകാശങ്ങള്‍ നിഷേധിക്കല്‍, വിവേചനം, സുരക്ഷിതത്വമില്ലായ്മ തുടങ്ങിയ സ്ഥിതിഗതികള്‍ നിലനില്‍ക്കുന്ന ഇടങ്ങള്‍ ‘സിനിമ’ എന്ന സമഗ്രമായ കലയുടെയും അതില്‍ പങ്കുകൊള്ളുന്നവരുടെയും വളര്‍ച്ചക്ക് വിലങ്ങുതടിയാണെന്ന് നമുക്കേവര്‍ക്കുമറിയാം.

ഈ അറിവില്‍ ഊന്നിനിന്നുകൊണ്ടുതന്നെ, ജനാധിപത്യ ബോധത്തോടെ, അനീതികള്‍ക്കും ജാതി വിവേചനത്തിനുമെതിരെ സധൈര്യം പ്രതിഷേധിക്കുന്ന കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിലെ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു,’ ഡബ്ല്യൂ.സി.സി ഫേസ്ബുക്കില്‍ കുറിച്ചു.

കെ.ആര്‍ നാരയണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളോടും മറ്റ് തൊഴിലാളികളോടും ജാതീയമായ വിവേചനം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ നടത്തിയെന്ന പരാതിയുമായി വിദ്യാര്‍ത്ഥികളും തൊഴിലാളികളും രംഗത്ത് വന്നിരുന്നു. അതിനെ തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടന്ന് കൊണ്ടിരിക്കുകയാണ്.

ജിയോ ബേബി, മഹേഷ് നാരായണന്‍ എന്നിവരുള്‍പ്പടെ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്ത് വന്നിരുന്നു. ഇരുപത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയിലും വിദ്യര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയിരുന്നു.

CONTENT HIGHLIGHT: WCC SOPPORT K R NARAYANAN INSTITUTE STUDENTS STRIKE