കൊച്ചി: സംവിധായകന്‍ ലിജു കൃഷ്ണയെ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഡബ്‌ള്യൂ.സി.സി. സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ ഒരു ഇന്റേണല്‍ കമ്മിറ്റി വേണമെന്ന തങ്ങളുടെ ആവശ്യത്തെ ശക്തിപ്പെടുത്തുകയാണ് ലിജു കൃഷ്ണയുടെ അറസ്റ്റിലൂടെയെന്ന് ഡബ്‌ള്യൂ.സി.സി പറഞ്ഞു.
കേസ് തീര്‍പ്പാക്കുന്നതുവരെ സംവിധായകന്‍ ലിജു കൃഷ്ണയുടെ എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണമെന്നും കേസ് തീര്‍പ്പാക്കുന്നതുവരെ മലയാളം ചലച്ചിത്ര വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ലിജു കൃഷ്ണയെ വിലക്കണമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഡബ്‌ള്യൂ.സി.സി പറയുന്നു.
ആക്രമിക്കപ്പെട്ട യുവതി വിമന്‍ എഗെയിന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ഡബ്‌ള്യൂ.സി.സി പ്രതികരിച്ചത്.
കേരള സര്‍ക്കാറും, സിനിമാ രംഗവും പോഷ് നിയമം നടപ്പാക്കുന്നതിനെക്കുറിച്ചും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു ലൈംഗികാതിക്രമ സംഭവം പുറത്തേക്ക് വരുന്നതെന്ന് കുറിപ്പില്‍ പറയുന്നു.
‘മലയാള സംവിധായകന്‍ ലിജു കൃഷ്ണയെ ബലാത്സംഗക്കേസില്‍ ഇന്നലെ അറസ്റ്റു ചെയ്തു. ഡബ്‌ള്യൂ.സി.സി അതിജീവിച്ചവളുടെ കൂടെ നില്‍ക്കുകയും, സംസാരിക്കാനുള്ള അവളുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു.
ഈ അവസരത്തില്‍ സിനിമാ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ അതിജീവതക്കൊപ്പം നിന്ന് കൊണ്ട് കൈക്കൊള്ളേണ്ട അടിയന്തിര നടപടികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു,’ കുറിപ്പില്‍ പറഞ്ഞു.
മലയാളം സിനിമാ നിര്‍മാണങ്ങളില്‍ പോഷ് നിയമം ഉടനടി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ഇന്‍ഡസ്ട്രിയിലുടനീളമുള്ള ലൈംഗിക പീഡനങ്ങളോട് ഒരു സീറോ ടോളറന്‍സ് നയവും ഡബ്‌ള്യൂ.സി.സി ആവര്‍ത്തിക്കുന്നുവെന്നും സംഘടന വ്യക്തമാക്കി.
2020-21 വരെയുള്ള കാലഘട്ടത്തിലാണ് പീഡനം നടന്നതെന്നും അക്കാലമത്രയും ബലം പ്രയോഗിച്ച് തന്നെ മാനസികമായും ശാരീരികമായും ലൈംഗികമായും ലിജു മുതലെടുപ്പ് നടത്തിയെന്നും യുവതി വിമന്‍ എഗെയിന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് പേജിലെഴുതിയ കുറിപ്പില്‍ പറയുന്നുണ്ട്.
2021 ജനുവരിയില്‍ താന്‍ ഗര്‍ഭിണിയാണെന്നറിയുകയും ആരോഗ്യം പൂര്‍ണമായും തകരുകയും ചെയ്തുവെന്നും എന്നാല്‍ ഇതറിയിക്കാന്‍ ലിജുവിനെ ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായിരുന്നില്ലെന്നും യുവതി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ലിജു കൃഷ്ണയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പടവെട്ട് എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന കണ്ണൂരില്‍ നിന്നാണ് ലിജു പിടിയിലായത്. ലിജുവിന്റെ അരങ്ങേറ്റ ചിത്രമാണ് പടവെട്ട്. സംവിധായകന്‍ അറസ്റ്റിലായതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
Content Highlights: WCC shares their opinion on the sexual abuse case against director Liju Krishna