| Monday, 19th August 2024, 8:06 pm

നക്ഷത്രങ്ങള്‍ക്ക് വിചാരിച്ചത്ര തിളക്കവും, ചന്ദ്രന് പ്രതീക്ഷിച്ച ഭംഗിയുമില്ലെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി: ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഡബ്ല്യൂ.സി.സി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. തങ്ങള്‍ക്ക് ഇത് നീണ്ട ഒരു യാത്രയാണെന്നും, സിനിമാമേഖലയില്‍ മാന്യമായ ഇടം നേടാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണിതെന്നും ഡബ്ല്യൂ.സി.സി പറഞ്ഞു.

മാധ്യമങ്ങളോടും കേരള സംസ്ഥാന വനിതാ കമ്മീഷനോടും കേരളത്തിലെ ജനങ്ങളോടും എല്ലാ വനിതാ സംഘടനകളോടും അഭിഭാഷകരോടും നിരന്തരമായ തുടര്‍നടപടികള്‍ക്കും പിന്തുണക്കും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് നന്ദി പറയുന്നുവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.

ആകാശത്തിലെ നക്ഷത്രങ്ങളെയും ചന്ദ്രനെയും കുറിച്ച് പലരും ധരിച്ചുവെച്ചിരിക്കുന്ന പല കാര്യങ്ങള്‍ക്കും ഇപ്പാള്‍ വ്യക്തത വന്നുവെന്നും പോസ്റ്റില്‍ പറഞ്ഞു. നക്ഷത്രങ്ങള്‍ക്ക് വിചാരിച്ച തിളക്കമില്ലെന്നും, ചന്ദ്രന്‍ അത്ര മനോഹരമല്ലെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. നിങ്ങള്‍ കാണുന്ന ഒന്നും വിശ്വസിക്കരുതെന്നും ഉപ്പ് പോലും പഞ്ചസാര പോലെ തോന്നുമെന്നും ഡബ്ല്യൂ.സി.സി കൂട്ടിച്ചേര്‍ത്തു.

‘മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും മനോഹരമായ ചന്ദ്രനും ചേര്‍ന്ന നിഗൂഢതകള്‍ നിറഞ്ഞ ഒന്നാണ് ആകാശം. എന്നാല്‍, നക്ഷത്രങ്ങള്‍ക്ക് പ്രതീക്ഷിച്ച തിളക്കമോ ചന്ദ്രന്‍ അത്ര മനോഹരമോ അല്ലെന്ന് ശാസ്ത്രീയ അന്വേഷണത്തില്‍ കണ്ടെത്തി. നിങ്ങള്‍ കാണുന്നത് വിശ്വസിക്കരുത്, ഉപ്പ് പോലും പഞ്ചസാര പോലെയാണ്”!: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അതാണ് പറയുന്നത്.

ഇത് ഞങ്ങള്‍ക്ക് ഒരു നീണ്ട യാത്രയാണ്! സിനിമാ മേഖലയില്‍ മാന്യമായ ഒരു പ്രൊഫഷണല്‍ ഇടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം ശരിയാണെന്ന് ഞങ്ങള്‍ വിശ്വസിച്ചു. ഇന്ന് നാം ന്യായീകരിക്കപ്പെട്ടിരിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് ഡബ്ല്യു.സി.സിയുടെ മറ്റൊരു നടപടിയാണ്.

സിനിമാ വ്യവസായത്തില്‍ ലിംഗഭേദം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തില്‍ ഇതാദ്യമാണ്. ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മണിക്കൂറുകള്‍ ചെലവഴിച്ച ജസ്റ്റിസ് ഹേമ, ശ്രീമതി ശാരദ, ഡോ വത്സലകുമാരി എന്നിവരോട് ഞങ്ങള്‍ നന്ദി പറയുന്നു.

മാധ്യമങ്ങളോടും കേരള സംസ്ഥാന വനിതാ കമ്മീഷനോടും കേരളത്തിലെ ജനങ്ങളോടും എല്ലാ വനിതാ സംഘടനകളോടും അഭിഭാഷകരോടും നിരന്തരമായ തുടര്‍നടപടികള്‍ക്കും പിന്തുണക്കും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് നന്ദി പറയുന്നു. ശുപാര്‍ശകള്‍ പഠിച്ച് നടപടിയെടുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു. ഇത് സ്ത്രീകളുടെ ശബ്ദമാണ്, ഇത് തീര്‍ച്ചയായും കേള്‍ക്കണം!

Content Highlight: WCC’s response on Hema Commission Report

We use cookies to give you the best possible experience. Learn more