പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നടപടിയെ സ്വാഗതം ചെയ്ത ഡബ്ല്യു.സി.സി, എന്തുകൊണ്ടാണ് ഒരൊറ്റ സംഭവത്തില്‍ മാത്രം നടപടി സ്വീകരിക്കുന്നതെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഡബ്ല്യു.സി.സി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
നടനും നിര്‍മാതാവുമായ വിജയ് ബാബു, പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ എന്നിവര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഡബ്ല്യു.സി.സി ഇക്കാര്യം ചോദിക്കുന്നത്.
‘നമ്മുടെ പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും നിലനില്‍ക്കുന്ന പല കേസുകളിലും, ലൈംഗിക കുറ്റകൃത്യങ്ങളില്‍ പ്രതികളാക്കപ്പെട്ടവരും, വിചാരണ നേരിടുന്നവരുമായ നിരവധി പുരുഷന്മാര്‍ മലയാള സിനിമാ മേഖലയിലുണ്ട്. ഇതിനുള്ള ഉദാഹരണങ്ങളില്‍ ചിലതാണ്, സമീപകാലത്തുണ്ടായ വിജയ് ബാബുവിന്റെയും, ലിജു കൃഷ്ണയുടെയും കേസുകള്‍.
പടവെട്ട് എന്ന സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ അറസ്റ്റിലായ ശേഷം, ഇപ്പോള്‍ ജാമ്യത്തിലാണ്. ഈ സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ക്ക് എതിരെയും ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച ആഘോഷങ്ങളിലാണ്, ഇതിന്റെ നിര്‍മ്മാണ കമ്പനി ഇപ്പോള്‍.
വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് ഒരു യുവതി പൊലീസില്‍ പരാതി നല്‍കിയതോടെ വിജയ് ബാബു ഒളിവില്‍ പോവുകയുണ്ടായി. ഒളിവിലായിരിക്കുമ്പോള്‍ തന്നെ അയാള്‍ പരാതിക്കാരിയുടെ പേര് പരസ്യമാക്കുകയും അപമാനിക്കുകയും ചെയ്തു. അയാളും ജാമ്യത്തിലാണ്. വ്യവസായികളാല്‍ പിന്താങ്ങപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മട്ടില്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കപ്പെടുകയും ചെയ്യുന്നു.’ ഡബ്ല്യു.സി.സിയുടെ പ്രസ്താവനയില്‍ പറയുന്നു.
എന്തുകൊണ്ടാണ് ഈ വ്യക്തികള്‍ക്കും അവരുടെ കമ്പനികള്‍ക്കും എതിരെ അച്ചടക്ക നടപടികളെടുക്കാന്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഒരു നടപടിയും സ്വീകരിക്കാത്തതെന്നാണ് ഡബ്ല്യു.സി.സി ചോദിക്കുന്നത്.
ആരൊക്കെ അച്ചടക്കം പാലിക്കണം, ആരൊക്കെ അച്ചടക്കം പാലിക്കണ്ട എന്നത് പണവും അധികാരവുമാണോ നിശ്ചയിക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു.
മലയാള ചലച്ചിത്ര വ്യവസായത്തിലെ ഒരു നിര്‍ണായക സ്ഥാപനമെന്ന നിലയില്‍, ലിംഗവിവേചനത്തോടും, മറ്റതിക്രമങ്ങളോടും യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നയം കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുകള്‍ സ്വീകരിക്കുകയും, ഈ വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമെതിരെ ഉചിതങ്ങളായ നടപടികള്‍ കൈക്കൊള്ളുകയും വേണമെന്ന് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു.
ചട്ടമ്പി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി.
അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ് ഭാസി മോശം ഭാഷാപ്രയോഗങ്ങള്‍ നടത്തിയതെന്നും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോടും നടന്‍ മോശമായി പെരുമാറിയെന്നും അവതാരക നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. നടന്‍ പരസ്യമായി അപമാനിച്ചെന്നും അസഭ്യവര്‍ഷം നടത്തിയെന്നും പരാതിയിലുണ്ട്.
കേസില്‍ സെപ്റ്റംബര്‍ 26ന് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീട് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടനെ കുറച്ച് നാളത്തേക്ക് സിനിമയില്‍ നിന്നും വിലക്കുകയാണെന്ന് അറിയിച്ചത്.
ഡബ്ല്യു.സി.സിയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം:
വനിതാ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍, ശ്രീനാഥ് ഭാസിക്കെതിരെ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സമയബന്ധിതമായി നടപടി എടുത്തിരിക്കുന്നു. ഇത് തീര്‍ച്ചയായും, നമ്മുടെ സഹപ്രവര്‍ത്തകരോടു നാം കാണിക്കേണ്ട ബഹുമാനത്തിന്റെ/പരിഗണനയുടെ പ്രസക്തി ബോധ്യപ്പെടുത്താന്‍ സഹായിക്കുന്ന ഒരു നടപടിയാണ്.
സമാന്തരമായി, ഈ ഒരു സംഭവത്തില്‍ മാത്രം ഇത്തരം നടപടികള്‍ കൈക്കൊണ്ടാല്‍ മതിയോ എന്നു കൂടെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പോലീസ് സ്റ്റേഷനുകളിലും കോടതികളിലും നിലനില്‍ക്കുന്ന പല കേസുകളിലും, ലൈംഗിക കുറ്റകൃത്യങ്ങളില്‍ പ്രതികളാക്കപ്പെട്ടവരും, വിചാരണ നേരിടുന്നവരുമായ നിരവധി പുരുഷന്മാര്‍ മലയാള സിനിമാ മേഖലയിലുണ്ട്.
ഇതിനുള്ള ഉദാഹരണങ്ങളില്‍ ചിലതാണ്, സമീപകാലത്തുണ്ടായ വിജയ് ബാബുവിന്റെയും, ലിജു കൃഷ്ണയുടെയും കേസുകള്‍. പടവെട്ട് എന്ന സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ അറസ്റ്റിലായ ശേഷം, ഇപ്പോള്‍ ജാമ്യത്തിലാണ്. ഈ സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ക്ക് എതിരെയും ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച ആഘോഷങ്ങളിലാണ്, ഇതിന്റെ നിര്‍മ്മാണ കമ്പനി ഇപ്പോള്‍.
വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് ഒരു യുവതി പോലീസില്‍ പരാതി നല്‍കിയതോടെ വിജയ് ബാബു ഒളിവില്‍ പോവുകയുണ്ടായി. ഒളിവിലായിരിക്കുമ്പോള്‍ തന്നെ അയാള്‍ പരാതിക്കാരിയുടെ പേര് പരസ്യമാക്കുകയും അപമാനിക്കുകയും ചെയ്തു. അയാളും ജാമ്യത്തിലാണ്. വ്യവസായികളാല്‍ പിന്താങ്ങപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മട്ടില്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കപെടുകയും ചെയ്യുന്നു.
എന്തുകൊണ്ടാണ് ഈ വ്യക്തികള്‍ക്കും അവരുടെ കമ്പനികള്‍ക്കും എതിരെ അച്ചടക്ക നടപടികളെടുക്കാന്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഒരു നടപടിയും സ്വീകരിക്കാത്തത്? ആരൊക്കെ അച്ചടക്കം പാലിക്കണം, ആരൊക്കെ അച്ചടക്കം പാലിക്കണ്ട എന്നത് പണവും അധികാരവുമാണോ നിശ്ചയിക്കുന്നത്?
മലയാള ചലച്ചിത്ര വ്യവസായത്തിലെ ഒരു നിര്‍ണായക സ്ഥാപനമെന്ന നിലയില്‍, ലിംഗവിവേചനത്തോടും, മറ്റതിക്രമങ്ങളോടും യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നയം കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുകള്‍ സ്വീകരിക്കുകയും, ഈ വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമെതിരെ ഉചിതങ്ങളായ നടപടികള്‍ കൈക്കൊള്ളുകയും വേണം.
അത്തരം വ്യക്തികളെ ഈ സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിനും, അതുവഴി നമ്മുടെ ജോലിസ്ഥലം മാന്യവും ഏവര്‍ക്കും സുരക്ഷിതവുമാക്കാന്‍ ഉതകുന്ന സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ ഞങ്ങള്‍ KFPA-യോട് അഭ്യര്‍ത്ഥിക്കുന്നു.
Content Highlight: WCC responds to Producers Association on banning Sreenath Bhasi