| Wednesday, 3rd January 2018, 10:34 pm

'ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല'; പേജിന്റെ റേറ്റിംഗ് കുറച്ചുള്ള സൈബര്‍ ആക്രമണത്തിന് മറുപടിയുമായി വുമണ്‍ കളക്ടീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: റേറ്റിംഗ് കുറച്ചു കൊണ്ടുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഡബ്ല്യൂ.സി.സി മറുപടിയുമായെത്തിയത്.

“ഞങ്ങള്‍ക്കൊപ്പമുള്ള സുഹൃത്തുക്കള്‍ അറിയുവാന്‍” എന്ന മുഖവുരയോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. എഫ് ബി പേജിന്റെ റേറ്റിങ്ങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിര്‍ണ്ണയിക്കുന്നത് എന്ന് തങ്ങള്‍ക്കറിയാം. എങ്കിലും വീണ്ടുമൊരു സൈബര്‍ ആക്രമണത്തിന് കാരണമായ പോസ്റ്റിനെ കുറിച്ച് തങ്ങളുടെ കൂടെ എപ്പോഴും നില്ക്കുന്നവര്‍ക്കായി വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നതായി വുമണ്‍ കളക്ടീവ് പറയുന്നു.

“കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മീഡിയയില്‍ വന്ന ഒരു പോസ്റ്റ്, (ഡെയ്‌ലി ഒ യില്‍ ആനന്ദ് കൊച്ചുകുടി എഴുതിയത്) മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയെ പരാമര്‍ശിച്ചു കൊണ്ട് ഉദാഹരണമായി പ്രമുഖ നടന്‍മാരുടെ പേരെടുത്ത് പരാമര്‍ശിച്ചു കൊണ്ടുള്ള ലേഖനം ഞങ്ങളുടെ പേജില്‍ ഷെയര്‍ ചെയ്യുകയുണ്ടായി. അത് ഞങ്ങളുടെ എഴുതിയതാണെന്ന് തെറ്റിദ്ധരിച്ച് വ്യാപകമായ ആക്രമണം ഉണ്ടായി. തുടര്‍ന്ന് ഞങ്ങളത് ഡിലീറ്റ് ചെയ്തു. കാരണം അതില്‍ എഴുതിയിരുന്ന അഭിപ്രായങ്ങള്‍ ഞങ്ങളുടെത് അല്ല എന്നതു കൊണ്ടു തന്നെ. ” അവര്‍ പറയുന്നു.

“മലയാള സിനിമാലോകത്ത് സൗഹാര്‍ദപരമായ സ്ത്രീ പുരുഷ സൗഹൃദം നിലനിര്‍ത്തണം എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.ആരുടെയും വികാരങ്ങളെ മുറിവേല്‍പ്പിക്കുക എന്നത് ഞങ്ങളുടെ ഉദ്ദേശമായിരുന്നില്ല. ഞങ്ങള്‍ മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങളെയോ ആശയങ്ങളെയോ ഈ ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല ഞങ്ങളൊടൊപ്പം കൈകോര്‍ത്തു നില്‍ക്കുന്ന നിങ്ങള്‍ക്കെല്ലാം ഒരിക്കല്‍കൂടി നന്ദി.” ഡബ്ല്യൂ.സി.സി വ്യക്തമാക്കുന്നു.

We use cookies to give you the best possible experience. Learn more