| Saturday, 13th October 2018, 10:20 pm

ഡബ്ല്യൂ.സി.സി വാര്‍ത്താസമ്മേളത്തില്‍ ഉയര്‍ന്നുകേട്ട ആ ചോദ്യങ്ങള്‍ എന്തിന്റെ സൂചനയാണ്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

KP Rasheed

എറണാകുളം പ്രസ് ക്ലബില്‍ ഡബ്ല്യൂ സി സി വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരില്‍നിന്നും ഉയര്‍ന്ന ആ വഷളന്‍ ചോദ്യങ്ങള്‍ എന്തിന്റെ സൂചനയാണ്? എന്തു കൊണ്ടാവും മലയാള ചലച്ചിത്ര വ്യവസായത്തില്‍ സമാനതകളില്ലാത്ത വിധം സ്ത്രീ പ്രവര്‍ത്തകരുടെ മുന്‍കൈയില്‍നടന്ന ഇടപെടലുകളെ, വിപ്ലവകരമായ തുറന്നുപറച്ചിലുകളെ ആ നിലയ്ക്ക് കൈകാര്യം ചെയ്യാന്‍ അവിടെ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് തോന്നിയിട്ടുണ്ടാവുക? സോഷ്യല്‍ മീഡിയയിലടക്കം നിശിതമായ വിമര്‍ശനത്തിനിടയാക്കിയ ആ വാര്‍ത്താ സമ്മേളനത്തില്‍ എന്താണ് ശരിക്കും സംഭവിച്ചത്?

ഇക്കാര്യം അറിയാന്‍ മറ്റ് ചില കാര്യങ്ങളിലേക്ക് കൂടി പോവേണ്ടതുണ്ട്. പിസി ജോര്‍ജ് മുതല്‍ കൊല്ലം തുളസി വരെയുള്ളവര്‍ പച്ചയ്ക്ക് പറഞ്ഞ അക്രമാസക്തമായ സ്ത്രീവിരുദ്ധത നമ്മുടെ മാധ്യമങ്ങളും പൊതുസമൂഹവും എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന കാര്യം. തികച്ചും സാധാരണ മട്ടില്‍, നോര്‍മലൈസ് ചെയ്ത്, ചെറുചിരിയുടെ അകമ്പടിയോടെ, “ഹുഹു, ഇങ്ങനെയൊന്നും പറയാതെ അളിയാ” എന്നമട്ടിലായിരുന്നു അതൊക്കെ കൈകാര്യം ചെയ്യപ്പെട്ടത്. ചുമ്മാ ഒരു വാര്‍ത്ത. ചോദ്യം ചെയ്യലില്ല. മറുപടി പറയിക്കലില്ല. അരിശം ഒട്ടുമില്ല.

എന്നാല്‍, അതേ വിഷയം ദേശീയ മാധ്യമങ്ങള്‍ എന്നു വിളിക്കുന്ന ഇംഗ്ലീഷ് ചാനലുകള്‍ കൈകാര്യം ചെയ്തതോ? “ഇങ്ങനെയൊയൊക്കെ എങ്ങനെ പറയുന്നു” എന്ന ഞെട്ടലായിരുന്നു ആ വാര്‍ത്ത കൈകൊര്യം ചെയ്ത മാധ്യമപ്രവര്‍ത്തകരില്‍.

നമ്മുടെ മാധ്യമങ്ങളെ മാത്രമറിയുന്ന, നമ്മുടെ മാധ്യമങ്ങള്‍ക്ക് നന്നായറിയുന്ന പിസി ജോര്‍ജ് പതിവുമട്ടില്‍ നല്‍കിയ ഉത്തരങ്ങളും ശരീരഭാഷയും എത്ര അരോചകവും അശ്ലീലവുമാണെന്ന് നമ്മള്‍ തിരിച്ചറിഞ്ഞത് അതിനോടുള്ള കേരളത്തിനുപുറത്തുള്ള ആ മാധ്യമപ്രവര്‍ത്തകയുടെ പ്രതികരണങ്ങളാലായിരുന്നു. ഷോക്കിംഗ് ആയ ഒന്നിനെ, ഒരു സിവിലൈസ്ഡ് സമൂഹത്തിന് ഒരിക്കലും ആലോചിക്കാനാവാത്ത വിധത്തിലുള്ള സ്ത്രീവിരുദ്ധതയെ മൂര്‍ച്ചയോടെ നേരിടുന്ന ആ മാധ്യമപ്രവര്‍ത്തകയുടെ വീഡിയോ നമ്മള്‍ ഷെയര്‍ ചെയ്തു. ചിരിച്ചു. പിസി ജോര്‍ജിന്റെ ഇംഗ്ലീഷ് ആയിരുന്നു നമ്മളെ ചിരിപ്പിച്ചത്. അതല്ലാതെ, അയാളുടെ സ്വരത്തിലെയും ശരീരഭാഷയിലെയും മനുഷ്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ വയലന്‍സ് ആയിരുന്നില്ല.

സമാനമായിരുന്നു കൊല്ലം തുളസിയുടെ ഹിംസാത്മക പ്രതികരണവും. അതും നമ്മള്‍ സാധാരണ മട്ടില്‍ കൈകാര്യം ചെയ്തു. എന്നാല്‍, റിപ്പബ്ലിക് ചാനലിലെയും മിറര്‍ നൗവിലെയും വാര്‍ത്താ അവതാരകര്‍ നേരത്തെ പറഞ്ഞ ഞെട്ടലോടെയാണ് അതിനെ നേരിട്ടത്. ഞെട്ടല്‍ എന്ന് വെറുതെ പറഞ്ഞതല്ല. ആ വാര്‍ത്തകളുടെ സ്ലഗ് തന്നെ അതായിരുന്നു (ലിങ്കുകള്‍ കമന്റ് ബോക്സില്‍). എങ്ങനെ നിങ്ങള്‍ക്ക് ഇത്തരം പറച്ചിലുകളെ ന്യായീകരിക്കാന്‍ കഴിയുന്നെന്ന ചോദ്യത്തിന് ശബരിമല ധര്‍മ്മ സേന പ്രതിനിധി പ്രശാന്ത് നായര്‍ക്ക് അന്നേരം ഉരുണ്ടുകളിക്കേണ്ടിവന്നു. ചിലര്‍ അങ്ങനെയാണെന്ന് പറഞ്ഞ് ഒഴിയാന്‍ സമ്മതിക്കാതെ അവതാരക മൂര്‍ച്ചയുള്ള വാദമുഖങ്ങളോടെ പ്രശാന്ത് നായരെ നിലംപരിശാക്കുകയായിരുന്നു. ഇതും നമ്മള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. കൊല്ലം തുളസിക്ക് അങ്ങനെ തന്നെ വേണം എന്ന് ചിരിച്ചുകളിച്ചു.

അതേ നമ്മള്‍ തന്നൊയിരുന്നു ഇന്ന് എറണാകുളം പ്രസ്‌ക്ലബില്‍ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യമുനകളുമായി നിരന്നതും. മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്ക് എതിരായി, പുരുഷാധിപത്യത്തിനെതിരായി, അമ്മ എന്ന സംഘടനയിലെ “ആങ്ങളമാരുടെ” നെറികേടുകള്‍ക്ക് എതിരായി നടിമാര്‍ ഉറച്ച നിലപാടുകള്‍ കൈക്കൊണ്ടപ്പോള്‍ ആ പ്രസ് ക്ലബിലെ മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ക്കെങ്കിലും ഇതത്ര ശരിയല്ല എന്ന തോന്നലുണ്ടായി എന്നു വേണം മനസ്സിലാക്കാന്‍. മുമ്പ് മോഹന്‍ലാലിന്റെ ഒട്ടും സെന്‍സിബിള്‍ അല്ലാത്ത പരാമര്‍ശങ്ങള്‍ വന്നപ്പോള്‍, സമാനമായ അനേകം സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ ഒരുപണിയുമില്ലാതെ ചുമ്മാ ഇരുന്ന അവരുടെ നാവുകള്‍ക്ക് പെട്ടെന്ന് ചലനശേഷി ലഭിച്ചു. “ആഹാ, പെണ്ണുങ്ങള്‍ തോന്ന്യാസം പറയുന്നോ” എന്ന മട്ടായി ചോദ്യങ്ങള്‍. ലോകം മാറിയതോ കാലം മാറിയതോ അറിയാതെ, കുറ്റവാളികള്‍ നടിമാര്‍ എന്നതുപോലെ അവരുടെ ചോദ്യങ്ങള്‍ ഉയര്‍ന്ന. പെണ്ണുങ്ങള്‍ വാ തുറക്കുമ്പോള്‍ അസ്വസ്ഥരാവുന്ന തറവാട്ടുകാരണവന്‍മാരെപ്പോലെ, മാധ്യമപ്രവര്‍ത്തകര്‍ എന്ന പ്രിവിലേജിന്റെ പുറത്ത്, ഒട്ടും സെന്‍സിബിള്‍ അല്ലാത്ത, സ്ത്രീവിരുദ്ധമെന്ന് ഒരു സംശയവുമില്ലാത്ത ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. എന്താണ് ഈ സ്ത്രീകള്‍ പറയുന്നത് എന്ന് ഒരു പിടിയുമില്ലാതെ, “നിങ്ങള്‍ ആളുകളെ കരിവാരിത്തേക്കുകയല്ലേ” എന്ന മട്ടിലൊക്കെയായിരുന്നു ചോദ്യങ്ങള്‍.

സത്യത്തില്‍, എന്താണ് ഇവിടെ വിഷയം? അത് ജെന്‍ഡര്‍ ഇഷ്യൂസ് മനസ്സിലാക്കുന്നതിലുള്ള നമ്മുടെ മാധ്യമ പ്രവര്‍ത്തകരുടെ, അവരും നമ്മളും ഉള്‍പ്പെടുന്ന പൊതുസമൂത്തിന്റെ ശേഷിക്കുറവ് തന്നെയാണ്. പുറത്തുള്ള മാധ്യമപ്രവര്‍ത്തകര്‍ ആ ശേഷി തെളിയിച്ചു. നമ്മള്‍ ആ ശേഷിയില്ലായ്മയും.

സ്ത്രീ സമത്വവുമായി ബന്ധപ്പെട്ട കോടതി വിധിയാണ് ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായത്. കേരളത്തിന് പുറത്തുള്ള മാധ്യമങ്ങളിലേറെയും ശബരിമല വിഷയംകൈകാര്യം ചെയ്യുന്നത് ആ നിലയ്ക്ക് തന്നെയാണ്. അതിനെതിരായ പ്രക്ഷോഭങ്ങള്‍ കോടതി അലക്ഷ്യമാണ് എന്നവര്‍ക്ക് തിരിച്ചറിയാനാവുന്നു. കോടതിയില്‍ വാദം നടന്ന ഒരു കേസില്‍ പറയാത്ത വാദങ്ങള്‍ ഇപ്പോള്‍ എന്ത് കൊണ്ടാണ് വിധിക്കുശേഷം ഉയര്‍ത്തുന്നത് എന്നാണ്് അവര്‍ ചോദിക്കുന്നത്.

നോക്കൂ, എന്നാല്‍, ആ വിഷയം പേരിനുപോലുമില്ല നമ്മുടെ ചര്‍ച്ചകളില്‍. അവിടെ മതം മാത്രമേയുള്ളൂ. വിശ്വാസം മാത്രമേയുള്ളൂ. അതുമായി ബന്ധപ്പെട്ടു മാത്രമാണ് നമുക്കീ വിഷയങ്ങള്‍ മനസ്സിലാക്കാനാവുന്നത്. അതിനുപുറത്തെ, ജെന്‍ഡര്‍ പ്രശ്നങ്ങള്‍ മനസ്സിലാക്കാനോ, അതിനെ ആ നിലയ്ക്ക് തിരിച്ചറിയാനോ ചര്‍ച്ച ചെയ്യാനോ കഴിയാത്തത് നമ്മുടെ പരിമിതികള്‍ മാത്രമാണ്. സമൂഹം എന്ന നിലയില്‍ നമ്മളെവിടെ നില്‍ക്കുന്നു എന്നു തന്നെയാണ് ഇതു കാണിക്കുന്നതും.

അതിനാല്‍, എറണാകുളം പ്രസ് ക്ലബില്‍ ഉയര്‍ന്ന ആ ചോദ്യങ്ങള്‍ നമ്മളിനിയെത്ര മാറണം എന്നു തന്നെയാണ് പറയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more