'നീതിക്കൊപ്പം, അതിജീവിതയ്‌ക്കൊപ്പം'; റിപ്പോര്‍ട്ടര്‍ ചാനലിന് പിന്തുണയുമായി റിമ കല്ലിങ്കല്‍
Kerala News
'നീതിക്കൊപ്പം, അതിജീവിതയ്‌ക്കൊപ്പം'; റിപ്പോര്‍ട്ടര്‍ ചാനലിന് പിന്തുണയുമായി റിമ കല്ലിങ്കല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th January 2022, 10:07 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതികരണവുമായി നടിയും ഡബ്ല്യൂ.സി.സി അംഗവുമായ റിമ കല്ലിങ്കല്‍.

തന്റെ സൂമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് സപ്പോര്‍ട്ട് റിപ്പോര്‍ട്ടര്‍ ടി.വി. എന്നെഴുതി, ചാനല്‍ ‘നീതിക്കൊയ്പ്പം, അതിജീവിതയ്‌ക്കൊപ്പം പിന്നോട്ടില്ല’ എന്ന് പ്രഖ്യാപിക്കുന്ന പോസ്റ്ററാണ് റിമ ഷെയര്‍ ചെയ്തിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി കൂടിയായ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയും എം.ഡി നികേഷ് കുമാറിനെതിരെയും പൊലീസ് കേസെടുത്തത്.

ദിലീപിന്റെ ഹരജിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ പൊലീസ് നികേഷ് കുമാറിനെതിരെയും ചാനലിനെതിരെയും സ്വമേധയാ കേസെടുക്കുകയായിരുന്നു.

ഐ.പി.സി സെക്ഷന്‍ 228 എ(3) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിചാരണക്കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം കോടതിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചു എന്നതാണ് നികേഷിനെതിരെ ഉന്നയിക്കുന്ന ആരോപണം.

സംവിധായകന്‍ ബാലചന്ദ്രകുമാറുമായി നികേഷ് ഡിസംബര്‍ 27ന് അഭിമുഖം നടത്തുകയും അത് യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചുവെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്. എന്നാല്‍ നിലവില്‍ ബാലചന്ദ്രകുമാര്‍ കേസിലെ പ്രതിയോ സാക്ഷിയോ അല്ല. വിചാരണക്കോടതിയുമായി ബാലചന്ദ്രകുമാറിന് യാതൊരു തരത്തിലുള്ള ബന്ധവുമില്ല. കേസുമായി ബന്ധപ്പെട്ട പല സുപ്രധാന വിവരങ്ങളും പുറത്തുകൊണ്ട് വന്നത് റിപ്പോര്‍ട്ടര്‍ ടി.വിയായിരുന്നു.

ദിലീപ് എന്ന വ്യക്തി നിയമത്തിനു മുകളില്‍ ആണോയെന്നും കേരളത്തിലെ പൊലീസും കോടതിയുമൊക്കെ ഇയാളുടെ കാല്‍ക്കീഴിലാണോയെന്ന തരത്തിലുള്ള ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇപ്പോളതിനെ അനുകൂലിക്കുന്ന തരത്തിലുള്ള സംഭവമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.

ദിലീപിന്റെ അറസ്റ്റ് വൈകിച്ചത് ഹൈക്കോടതി ഉത്തരവാണെന്നും ആ സമയം കൊണ്ട് തെളിവ് നശിപ്പിക്കാന്‍ ദിലീപ് സ്വകാര്യ ലാബിനെ സമീപിച്ചു എന്ന ഒറ്റ കാരണത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളേണ്ടതാണെന്നും നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.

റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരായ പൊലീസിന്റെ നീക്കത്തെ അപലപിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകരും കെ.യു.ഡബ്ല്യൂ.ജെയും രംഗത്തെത്തിയിരുന്നു.

CONTENT HIGHLIGHTS:  Rima Kallingal reacts to police filing a case against Reporter TV following the release of crucial revelations regarding the actress’ assault case