കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ കേസന്വേഷണ തലപ്പത്ത് അഴിച്ചുപണി നടത്തിയതുമായി ബന്ധപ്പെട്ട് തങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി ലഭിക്കുമെന്നതില്‍ ആശങ്കയുണ്ടെന്ന് ഡബ്ല്യു.സി.സി.
കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടിനല്‍കപ്പെട്ട അവസ്ഥയില്‍ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പൊലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്‌സ് രംഗം പോലെ നിരാശാജനകമാണെന്നും ഡബ്ല്യു.സി.സി പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
‘ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍, എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോള്‍ പൊലീസ് തലപ്പത്ത് നടന്ന അഴിച്ചുപണി. കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നല്‍കപ്പെട്ട അവസ്ഥയില്‍ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പൊലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്‌സ് രംഗം പോലെ നിരാശാജനകമാണ്.
വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകള്‍ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം വക്കില്‍മാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമായിരുന്നു ഈ തെളിവുകള്‍.
അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാര്‍ പരാതിയുമായി സര്‍ക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,’ ഡബ്ല്യു.സി.സി പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിനെ ഗതാഗത കമ്മിഷണറാക്കിയ സര്‍ക്കാര്‍ നടപടിയെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസിന്റെയും വധ ഗൂഢാലോചനാക്കേസിന്റെയും അന്വേഷണത്തില്‍ അനിശ്ചിതത്വമുണ്ടായത്.
ഇതോടെ നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ഉള്‍പ്പെടെ ചോദ്യം ചെയ്യുന്നത് വൈകും. പുതിയ മേധാവിയെത്തി കേസിന്റെ നാള്‍വഴി പഠിച്ചശേഷമേ ഇനി അന്വേഷണ സംഘം മുന്നോട്ട് പോകൂ.
Content Highlights: WCC is concerned that their colleague will not get justice in connection with the sacking of the head of the case in the case of the attack on the actress.