Kerala News
സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂ.സി.സി ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 21, 12:03 pm
Thursday, 21st November 2024, 5:33 pm

കൊച്ചി: സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണമെന്ന് ഡബ്ല്യൂ.സി.സി ഹൈക്കോടതിയില്‍. സര്‍ക്കാര്‍ നിയമം വരുന്നത് വരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാകണമെന്നും ഡബ്ല്യൂ.സി.സി ഹരജിയില്‍ ആവശ്യപ്പെട്ടു.

ഹേമ കമ്മറ്റിയുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതിയില്‍ സ്‌പെഷ്യല്‍ ബെഞ്ച് സിറ്റിങ് നടന്നതിന് പിന്നാലെയാണ് ഡബ്ല്യൂ.സി.സിയുടെ ആവശ്യം.

പോഷ് നിയമവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഏര്‍പ്പാടാക്കാനും കോടതിയുടെ ഇടപെടല്‍ വേണമെന്നും ഡബ്ല്യൂ.സി.സി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

അടുത്ത ബുധനാഴ്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സിനിമാനയ രൂപീകരണത്തിന് 50 നിര്‍ദേശങ്ങളുമായി ഡബ്യൂ.സി.സി നേരത്തെ രംഗത്തെത്തുകയുണ്ടായി. ചലച്ചിത്ര നയം രൂപീകരിക്കാന്‍ വേണ്ടി ഡബ്യൂ.സി.സി തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്നും വ്യക്തമാക്കിയിരുന്നു.

നിലവിലുള്ള ഐ.സി.സിയുടെ പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നതിന് വേണ്ടി 2013 ലെ പോഷ് ആക്ടുമായി അഫിലിയേറ്റ് ചെയ്തുള്ള ഐ.സി.സികള്‍ രൂപീകരിക്കണം. ഐ.സി.സികളില്‍ ഉള്‍പ്പെടുന്ന പുറമെ നിന്നുള്ള ആളുകളുടെ പട്ടിക തയ്യാറാക്കുകയും വേണം. ഇവരുമായി ചേര്‍ന്നായിരിക്കണം ഐ.സി.സി പ്രവര്‍ത്തിക്കേണ്ടതെന്നും നിര്‍ദേശത്തില്‍ പരാമര്‍ശിച്ചിരുന്നു.

സിനിമാസെറ്റുകളില്‍ ഓഡിറ്റിങ്ങും പരിശോധനയും വേണമെന്നും പരാതി പരിഹാര സെല്ലും സിനിമ റെഗുലേഷന്‍ ആക്ടും രൂപപെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

നിര്‍ദേശങ്ങളെല്ലാം ഉപസംഗ്രഹിച്ചുകൊണ്ട് ഡബ്യൂ.സി.സി പറയുന്നത്, ഒരു സിനിമ റെഗുലേഷന്‍ ആക്ട് രൂപപ്പെടുത്തുകയും സിനിമ മേഖലയിലെയും സര്‍ക്കാര്‍ തലത്തിലെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്വയം ഭരണാധികാരമുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുകയും വേണമെന്നാണ്. ഇതിന്റെ തലപ്പത്ത് അന്‍പത് ശതമാനം സ്ത്രീ പങ്കാളിത്തം ഉള്‍പ്പെടുത്തണമെന്നും ഡബ്യൂ.സി.സി പറയുകയുണ്ടായി.

Content Highlight: WCC in High Court seeking code of conduct to regulate film industry