ശരിയായ നടപടി സ്വീകരിച്ച ഷംന കാസിം അഭിനന്ദനമര്‍ഹിക്കുന്നു; നടിക്ക് പിന്തുണയുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ്
Malayalam Cinema
ശരിയായ നടപടി സ്വീകരിച്ച ഷംന കാസിം അഭിനന്ദനമര്‍ഹിക്കുന്നു; നടിക്ക് പിന്തുണയുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd July 2020, 6:59 pm

കൊച്ചി: ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചവരെ നിയമത്തിന് മുന്നിലെത്തിച്ച നടി ഷംന കാസിമിന് അഭിനന്ദനവുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഡബ്ല്യു.സി.സി ഷംന കാസിമിന് പിന്തുണ അറിയിച്ചത്.

തന്റെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭംഗം വരുത്തിയവര്‍ക്കെതിരെ ശരിയായ നിയമനടപടി സ്വീകരിച്ചു മാതൃകയായതിനു ഷംന കാസിം പ്രശംസയര്‍ഹിക്കുന്നെന്നും ഷംനയുടെ നടപടി ഇത്തരം കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്ന് കാണിച്ചിരിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.

ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടും സ്‌പെഷ്യല്‍ ട്രൈബ്യൂണലും സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നുണ്ടെന്നും കുറിപ്പിന്റെ അവസാത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലാണ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘത്തിനെതിരെ പരാതിയുമായി ഷംന രംഗത്തെത്തിയത്. സംഘം വീട്ടിലെത്തിയത് വിവാഹാലോചനയുമായാണ്. പണം കൊടുത്തില്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തിയായി ഷംന കാസിം പറഞ്ഞു. ജൂണ്‍ 3 നാണ് പ്രതികള്‍ വിവാഹാലോചനയെന്ന പേരില്‍ വീട്ടിലെത്തിയത്. ഇവര്‍ വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തി.

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വരന്‍ എന്ന് പരിചയപ്പെടുത്തിയ ആളുമായി ഷംന ഫോണില്‍ സംസാരിച്ചിരുന്നു. ഷംനയുടെ വീട്ടിലെത്തിയത് അമ്മാവന്‍മാര്‍ എന്ന് പരിചയപ്പെടുത്തിയവരാണ്. കോഴിക്കോട്ടെ തങ്ങള്‍ കുടുംബത്തിലെ അംഗങ്ങളാണ് തങ്ങള്‍ എന്നാണ് പരിചയപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഇവരുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നി. പിന്നീട് കോഴിക്കോട് അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു കുടുംബം ഇല്ലെന്ന് മനസിലായി.

ഇതോടെ കുടുംബം പൊലീസിനെ സമീപിക്കുമെന്ന് അറിയിച്ചു. എന്നാല്‍ ഒരുലക്ഷം രൂപ തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്നും കാര്യം പൊലീസിനെ അറിയിച്ചാല്‍ കൊന്നുകളയുമെന്നും സംഘം ഭീഷണിപ്പെടുത്തിയെന്ന് ഷംന കാസിം പറഞ്ഞു.

നാല് പേരെയായിരുന്നു ആദ്യം കേസില്‍ അറസ്റ്റ് ചെയ്തത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും സിനിമാ, മോഡല്‍ മേഖലയിലുള്ളവര്‍ക്ക് പുറമെ ഇവന്റ് മാനേജ്മെന്റ് ജീവനക്കാരും റിസപ്ഷനിസ്റ്റുകളും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് വിവരം ലഭിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക