| Saturday, 25th May 2019, 3:07 pm

സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാന്‍ നോക്കുന്നത് അന്യായം; നടന്‍ സിദ്ദിഖിനെതിരേ ഡബ്ലു.സി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നടി രേവതി സമ്പത്തിന്റെ ലൈംഗികാധിക്ഷേപ വെളിപ്പെടുത്തല്‍ വന്നതിനു പുറമേ നടന്‍ സിദ്ദിഖിനെതിരേ പരോക്ഷവിമര്‍ശനവുമായി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ലു.സി.സി). ആരോപണത്തിനു മറുപടിയായി ഏതോ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് സിദ്ദിഖ് പ്രതികരിച്ചതെന്നും ഇത് അപമാനകരമാണെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാന്‍ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന് അതില്‍ പറയുന്നു.

പോസ്റ്റില്‍ ഒരിടത്തും സിദ്ദിഖിന്റെ പേര് പറയാതെയായിരുന്നു വിമര്‍ശനം. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളില്‍ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളുമെന്നാണ് അതില്‍ സിദ്ദിഖിനെ വിശേഷിപ്പിച്ചത്. ‘മീ ടു’ മൂവ്‌മെന്റിനെ പരിഹസിച്ച് ദിലീപ് നായകനായ കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയിലുണ്ടായിരുന്ന ഡിലീറ്റ് ചെയ്ത ഒരു സീനിനെയാണ് ഡബ്ലു.സി.സി ഏതോ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് എന്നു വിശേഷിപ്പിച്ചതും.

നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയര്‍ന്നാല്‍ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദേശ പ്രകാരമുള്ള സമിതി മലയാളസിനിമാ വ്യവസായത്തില്‍ ഇനിയും ഇല്ലാത്തത് നാണക്കേടാണെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. പോസ്റ്റിനൊടുവില്‍ അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്.

2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വെച്ച് വാക്കുകള്‍ കൊണ്ടുള്ള ലൈംഗികാധിക്ഷേപം നടത്തിയെന്നായിരുന്നു രേവതിയുടെ ആരോപണം. സിദ്ദിഖും കെ.പി.എ.സി ലളിതയും മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്താണ് രേവതി ഈക്കാര്യം തുറന്നുപറഞ്ഞത്.

‘ഈ വിഡിയോ വീണ്ടും വീണ്ടും കണ്ടതിന് ശേഷം ഇനിയും എനിക്ക് എന്നെ തന്നെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല. സിദ്ദിഖ് എന്ന ഈ നടന്‍ 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷേ്ായുടെ സമയത്ത് വാക്കുകള്‍ കൊണ്ട് ലൈംഗികാധിക്ഷേപം നടത്തി. ഇരുപത്തിയൊന്നുകാരിയായ തന്നെ മാനസികമായി വല്ലാതെ തളര്‍ത്തി. അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് എന്റെ ഊഹം. അവള്‍ അദ്ദേഹത്തിന്റെ അടുത്ത് സുരക്ഷിതമായിരിക്കുമോയെന്ന് കരുതുന്നു’- രേവതി ഫേസ്ബുക്കില്‍ കുറിച്ചു. നിങ്ങളെ പോലെയൊരാള്‍ക്ക് എങ്ങിനെയാണ് ഡബ്ല്യു.സി.സിക്കെതിരെ വിരല്‍ ചൂണ്ടാന്‍ കഴിയുക. നിങ്ങള് അതിന് യോഗ്യനാണോ എന്ന് സ്വയം ചിന്തിക്കു. ഉളുപ്പുണ്ടോ ? നിങ്ങളുടെ മുഖംമുടിയില്‍ ലജ്ജ തോന്നുന്നവെന്നും രേവതി സമ്പത്ത് കുറിച്ചു.

നേരത്തെ സംവിധായകന്‍ രാജേഷ് ടച്ച്റിവറിനെതിരെയും രേവതി സമ്പത്ത് ഗുരുതരമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. സംവിധായകന്‍ രാജേഷ് ടച്ച്റിവറില്‍ നിന്ന് മാനസികമായ അധിക്ഷേപവും അപമാനവും ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും ലിംഗവിവേചനവും ബ്ലാക്ക്മെയിലിങ്ങും നേരിടേണ്ടിവന്നിരുന്നുവെന്നായിരുന്നു രേവതിയുടെ ആരോപണം

സംവിധായകന്‍ പാതിരാത്രി തന്റെ ഫോണിലേയ്ക്ക് മിസ്ഡ് കോള്‍ അടിക്കുകയും മോശപ്പെട്ട മെസേജുകള്‍ അയക്കുകയും ചെയ്തുവെന്നും രേവതി പറഞ്ഞു. ഇതിനെയെല്ലാം ചോദ്യം ചെയ്ത തന്നെ ഒറ്റപ്പെടുത്തുകയും ബ്ലാക്ക്മെയില്‍ ചെയ്യുകയുമാണ് സംവിധായകനും നിര്‍മാതാവും ചില അഭിനേതാക്കളും ചെയ്തതെന്നും രേവതി പറഞ്ഞിരുന്നു.

ഡബ്ലു.സി.സിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയില്‍ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിര്‍ന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരല്‍ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഏതോ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടന്‍ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളില്‍ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തില്‍ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായങ്ങള്‍ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ. എന്നാല്‍ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാന്‍ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്. നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയര്‍ന്നാല്‍ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാന്‍ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കള്‍ എന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്. അതിനിയും നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയ്യാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാന്‍ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഇക്കാര്യത്തില്‍ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യു .സി.സി. ആവശ്യപ്പെടുന്നു!’

We use cookies to give you the best possible experience. Learn more