കൊല്‍ക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പു വേളയില്‍ അക്രമങ്ങള്‍ സംഭവിച്ചാല്‍ ഉത്തരവാദിത്തം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പ്രസ്ഥാവിച്ചു. അക്രമണങ്ങളെ തുടര്‍ന്നുള്ള ജീവഹാനിക്കും മറ്റു നഷ്ടങ്ങള്‍ക്കും സര്‍ക്കാര്‍ ഉത്തരവാദിത്വമെടുക്കണമെന്ന് കോടതി പറഞ്ഞു.
“ക്രമസമാധാനം സംസ്ഥാന വിഷയമാണ്. തെരഞ്ഞെടുപ്പ് നടക്കുമ്പോഴെല്ലാം സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. ജീവഹാനിക്കും വസ്തുവകകളുടെ നഷ്ടത്തിനും സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദിയാവേണ്ടത്”, ബെഞ്ച് നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ തീരുമാനം. ഇതിന്റെ ഭാഗമായി നിരവധി പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശ പട്ടിക നല്‍കാന്‍ പോലും സാധിച്ചിരുന്നില്ല.
തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ അക്രമം അഴിച്ചുവിടുന്നെന്ന് ആരോപിച്ചുള്ള ബി.ജെ.പി ബംഗാള്‍ നേതൃത്വത്തിന്റെ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടികളും ഏപ്രില്‍ 16 വരെ നിര്‍ത്തിവെക്കണമെന്ന് നേരത്തെ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഏകദേശം 50000 ലധികം പഞ്ചായത്ത് സീറ്റുകളിലേക്കാണ് മേയ് 14ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Watch DoolNews Video: