കൊല്‍ക്കത്ത: ഗോമൂത്രം കുടിക്കുന്നതില്‍ ഒരു അപകടവുമില്ലെന്നും താന്‍ കുടിക്കാറുണ്ടെന്ന് സമ്മതിക്കുവാന്‍ തനിക്ക് ഒരു മടിയുമില്ലെന്നും പശ്ചിമ ബംഗാള്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ ദീലീപ് ഘോഷ്. ഗോമൂത്ര വിതരണം നടത്തിയതിന് ഒരു പരിപാടിയുടെ സംഘാടകനെതിരെ കേസെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു ദിലീപ് ഘോഷ്.
കൊറോണ വൈറസിനെ തടയാന്‍ കഴിയും എന്നവകാശപ്പെട്ട് ഉത്തരകൊല്‍ക്കത്തയില്‍ ഗോമൂത്രം വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. നിരവധി പേരാണ് ഗോമൂത്രം കുടിക്കാനെത്തിയത്. പ്രസാദമെന്ന പേരില്‍ ഗോമൂത്രം വിതരണം ചെയ്ത് ആളുകളെ വിഡ്ഡികളാക്കുന്നു എന്നാരോപിച്ച് ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പരാതി നല്‍കിയിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് ദിലീപ് ഘോഷ് നടത്തിയത്.
‘ഗോമൂത്രം കുടിക്കുന്നതിനെ ഞാന്‍ പിന്തുണക്കുന്നു. അതിനകത്തൊരു അപകടവുമില്ല. രാജ്യത്തെ നിരവധി മനുഷ്യര്‍ വര്‍ഷങ്ങളായി കുടിക്കുന്നു. അവര്‍ നല്ല ആരോഗ്യത്തോടെ ഒരു കുഴപ്പവുമില്ലാതെ ജീവിക്കുന്നു. ഞാന്‍ ഗോമൂത്രം കുടിക്കുന്നു എന്ന് പറയാന്‍ എനിക്കൊരു കുഴപ്പവുമില്ല, ഇനിയും ചെയ്യും. ഞാനൊരു അവസരവാദിയല്ല’, ദിലീപ് ഘോഷ് പറഞ്ഞു.
ശാസ്ത്രം അത്രയേറെ പുരോഗമിച്ചിട്ടും, നമ്മള്‍ ഈ അശാസ്ത്രീയമായ വാദങ്ങളെ തള്ളിക്കളയണം. ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു തരത്തിലും അവ നമ്മെ സഹായിക്കില്ല. അത് കൂടുതല്‍ ആശയകുഴപ്പമാണുണ്ടാക്കുകയെന്നും ലോകേത് ചാറ്റര്‍ജി പറഞ്ഞു.