ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ടീം മിന്നുന്ന വിജയം നേടിയെങ്കിലും പ്രകടനത്തില്‍ സന്തുഷ്ടനല്ലെന്ന് തുറന്നടിച്ച് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഇന്ത്യ ഇനിയും മെച്ചപ്പെടാനുണ്ടെന്നും ടീം കോമ്പിനേഷന്‍ ശരിയല്ലെന്നും വസീം ജാഫര്‍ പറഞ്ഞു. ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോയുടെ ഷോയില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ വാലറ്റം കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന രീതിയില്‍ ബാറ്റിങ് പരീക്ഷണങ്ങള്‍ക്ക് ശ്രമിക്കണം എന്നാണ് ജാഫറിന്റെ വാദം. കാര്യമായി ബാറ്റ് ചെയ്യാന്‍ കഴിയാത്ത നാല് ബൗളര്‍മാര്‍ ആശങ്കയാണെന്നും അദ്ദേഹം പറഞ്ഞു.
‘മുഹമ്മദ് ഷമി എട്ടാം നമ്പറില്‍ ബാറ്റേന്താന്‍ എത്തുന്നത് എന്നെ സംബന്ധിച്ച് ആശങ്ക തന്നെയാണ്. ഇന്ത്യ 370 റണ്‍സ് നേടിയെങ്കിലും അവസാന മൂന്ന് ഓവറില്‍ ഷമിയും സിറാജും ചേര്‍ന്ന് 17 റണ്‍സേ നേടിയുള്ളൂ. ഇത് പരിഗണിക്കേണ്ട വിഷയം തന്നെയാണ്.
പ്രത്യേകിച്ച് സ്‌കോര്‍ പിന്തുടരുന്ന ഘട്ടങ്ങളില്‍ തുടക്കത്തില്‍ വിക്കറ്റ് വീഴുകയും 8-10 റണ്‍സ് ഒരോവറില്‍ ശരാശരി വേണ്ടിവരുകയും ചെയ്യുന്ന സാഹചര്യങ്ങളുണ്ടാകുമ്പോള്‍.
ഷമിയാണ് എട്ടാം നമ്പറിലെങ്കില്‍ ഇത്തരമൊരു സാഹചര്യം വന്നാല്‍ ഇന്ത്യ എങ്ങനെ റണ്‍ചേസ് നടത്തുമെന്നത് ചിന്തിക്കേണ്ടതാണ്. മുന്നോട്ട് ചിന്തിക്കുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണ്. ഹര്‍ദിക് പാണ്ഡ്യക്കൊപ്പം രണ്ടു സീമര്‍മാരെ കളിപ്പിക്കണോ, അതോ വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ ഇവരെപ്പോലെയുള്ള ഓള്‍റൗണ്ടര്‍മാര്‍ ടീമില്‍ വേണോയെന്നു ഇന്ത്യ ചിന്തിക്കണം.
രണ്ട് സ്പെഷ്യലിസ്റ്റ് പേസര്‍മാരും പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയും വരുന്നതിനൊപ്പം ഓള്‍റൗണ്ടര്‍മാരായ വാഷിങ്്ടണ്‍ സുന്ദറിനെയോ ഷര്‍ദുല്‍ ഠാക്കൂറിനേയോ കളിപ്പിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം. ഏഴാം നമ്പറിന് ശേഷം നിലവില്‍ ബാറ്റര്‍മാര്‍ ആരുമില്ല. 140 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്ന മൂന്ന് പേസര്‍മാര്‍ ബൗളിങ് കാഴ്ചപ്പാട് വച്ച് നോക്കിയാല്‍ ടീമിന് മുതല്‍ക്കൂട്ടാണ്.
ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ഷനകയെ പുറത്താക്കാനുള്ള തന്ത്രങ്ങള്‍ ആദ്യ ഏകദിനത്തില്‍ ഇന്ത്യ പയറ്റിയില്ലായിരുന്നു. ഷനകയും ഇന്ത്യന്‍ ബൗളര്‍മാരും തമ്മിലായിരുന്നു ഒരു ഘട്ടത്തില്‍ പോരാട്ടം. ഈ പരമ്പര ഇതേ രീതിയില്‍ തന്നെയാവും മുന്നോട്ടുപോവുക. ഷനകയെ എങ്ങനെ പിടിച്ചുനിര്‍ത്താമെന്നും പുറത്താക്കണമെന്നുള്ള വഴി ഏറെക്കാലമായി ഇന്ത്യക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.
ഷനക സെഞ്ച്വറി നേടിയില്ലായിരുന്നെങ്കില്‍ ശ്രീലങ്ക വലിയ മാര്‍ജിനില്‍ കളി തോല്‍ക്കുമായിരുന്നു. അതിശയിപ്പിക്കുന്ന ഇന്നിങ്സായിരുന്നു അത്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം ടീമിനെ മുന്നില്‍ നിന്നു നയിച്ചു. മുന്‍നിര ബാറ്റര്‍മാരില്‍ നിന്നും കുറേക്കൂടി മെച്ചപ്പെട്ട സംഭാവന ലഭിച്ചിരുന്നെങ്കില്‍ ലങ്ക വിജയലക്ഷ്യത്തിനു കുറച്ചുകൂടി അടുത്ത് എത്തുമായിരുന്നു. എങ്കിലും ലങ്കയെ വലിയൊരു തോല്‍വിയില്‍ നിന്നും രക്ഷിച്ചതിന്റെ ക്രെഡിറ്റ് ഷനകയ്ക്കാണ്,’ വസീം ജാഫര്‍ വ്യക്തമാക്കി.
ഗുവാഹത്തിയില്‍ ശ്രീലങ്കക്ക് എതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ 400 റണ്‍സ് സ്‌കോര്‍ ചെയ്യുമെന്നാണ് കരുതിയത്. എന്നാല്‍ അവസാന മൂന്ന് ഓവറില്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ബാറ്റ് ചെയ്തപ്പോള്‍ ആകെ 17 റണ്‍സേ ലഭിച്ചുള്ളൂ. ഇതോടെ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 373 എന്ന സ്‌കോറില്‍ ഒതുങ്ങി.
ടോപ് ഓര്‍ഡറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 67 പന്തില്‍ 83ഉം സഹ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ 60 പന്തില്‍ 70 ഉം മൂന്നാം നമ്പറില്‍ വിരാട് കോഹ്‌ലി 87 പന്തില്‍ 113 ഉം റണ്‍സുമായി തിളങ്ങിയിരുന്നു. ലങ്കയുടെ മറുപടി ബാറ്റിങ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 306 റണ്‍സില്‍ ഒതുങ്ങിയതോടെയാണ് മത്സരം 67 റണ്‍സിന് ഇന്ത്യ വിജയിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനം നാളെ കൊല്‍ക്കത്തയില്‍ നടക്കും. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
Content Highlights: Wazim Jaffer criticizes Indian Cricket team