ശ്രീലങ്കയ്ക്ക് എതിരായ ടി-20 പരമ്പര തൂത്തുവാരിയതോടെ ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത് ഏകദിന പരമ്പരയാണ്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍ നടക്കുക. ഇന്ത്യന്‍ ക്യാപ്റ്റ്ന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും ഏകദിന ടീമില്‍ തിരിച്ചെത്തിയത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. രണ്ട് ഫോര്‍മാറ്റിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ പദവിയില്‍ എത്തിയത് ശുഭ്മന്‍ ഗില്ലായിരുന്നു.
ക്യാപ്റ്റന്‍സികൊണ്ടും പ്രകടനം കൊണ്ടും ക്രിക്കറ്റ് ലോകത്തെ ഗില്‍ അമ്പരപ്പിച്ചിട്ടുണ്ട്. ലങ്കയ്‌ക്കെതിരായ അവസാന ടി-20യില്‍ 36 റണ്‍സ് നേടി ടോപ് സ്‌കോററായിരുന്നു ഗില്‍. ഇപ്പോള്‍ മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ വസീ അക്രം താരത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
ക്രിക്കറ്റില്‍ പ്രോപ്പര്‍ ഷോട്ട് കളിക്കുകയും എല്ലാ ഫോര്‍മാറ്റിലും റണ്‍സ് നേടാന്‍ കഴിയുന്ന താരവുമാണ് ഗില്‍ എന്ന് അക്രം പറഞ്ഞു. മാത്രമല്ല മുമ്പുള്ള ഐ.പി.എല്‍ ഫ്രാഞ്ചൈസിയില്‍ നിന്നും എന്തിനാണ് ഗില്ലിനെ റിലീസ് ചെയ്തത് എന്ന് തനിക്ക് മനസിലായിട്ടില്ല എന്നും വസീം പറഞ്ഞു. സ്‌പോര്‍ട്‌സ് കീടയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ താരം.
‘ അവന്‍ പ്രോപ്പര്‍ ഷോട്ടുകളാണ് കളിക്കുന്നത്. എല്ലാ ഫോര്‍മാറ്റിലും റണ്‍സ് നേടുന്ന ഒരു താരമാണ് അവന്‍. അവന്‍ ലോകക്രിക്കറ്റിന്റെ ഭാവി താരമാണ്.
മുമ്പുള്ള ഐ.പി.എല്‍ ഫ്രാഞ്ചൈസിയില്‍ നിന്ന് അവനെ എന്തിനാണ് റിലീസ് ചെയ്തത് എന്ന് എനിക്ക് മനസിലായിട്ടില്ല. അവന്റെ പൊട്ടന്‍ഷ്യല്‍ മനസിലാക്കാതെയാണ് അവനെ വിട്ടയച്ചത്. അവന്‍ ഭാവി ക്യാപ്റ്റനാണ്. വെറും ഒരു ഫ്രാഞ്ചൈസി ക്രിക്കറ്റിന് മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റിനും. അവന്‍ ലോകക്രിക്കറ്റിന്റെ ഭാവിയാണ്,’ വസീം അക്രം സ്‌പോര്‍ട്‌സ് കീടയില്‍ പറഞ്ഞു.