അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് അപെക്സ് ബോര്‍ഡ് തീരുമാനിച്ചതായാണ് വിവരം. ദുബായ്, ശ്രീലങ്ക പോലുള്ള ന്യൂട്രല്‍ വേദികളില്‍ ഇന്ത്യയുടെ മത്സരം നടത്തണമെന്ന് ഐ.സി.സിയോട് ബി.സി.സി.ഐ ആവശ്യപ്പെട്ടെതായി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഏഷ്യാ കപ്പിലും ഇന്ത്യ സമാന നിലപാടാണ് സ്വീകരിച്ചത്.
എന്നാല്‍ പാകിസ്ഥാനിലേക്ക് ഇന്ത്യ വരുമെന്ന് പ്രതീക്ഷിക്കുകയാണ് മുന്‍ പാക് താരം വസീം അക്രം. ന്യൂസ് ഏജന്‍സി ഐ.എ.എന്‍.എസിന് വേണ്ടി സംരാരിക്കുകയായിരുന്നു മുന്‍ താരം. ന്യൂസ് ഏജന്‍സി ഇതിന്റെ വീഡിയോ എക്‌സില്‍ ഷെയര്‍ ചെയ്തിരുന്നു. വീഡിയോയില്‍ രാഷ്ട്രീയവും ക്രിക്കറ്റും കൂട്ടിക്കലര്‍ത്തരുതെന്നും എല്ലാ ടീമിനേയും സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്ഥാനെന്നും വസീം പറഞ്ഞു.
‘ഇതൊരു മികച്ച ടൂര്‍ണമെന്റായിരിക്കും, ക്രിക്കറ്റിന്റെ ഉന്നമനത്തിനായി പാക്കിസ്ഥാന് ഈ ടൂര്‍ണമെന്റ് ആവശ്യമാണ്. ക്രിക്കറ്റും രാഷ്ട്രീയവും വേറിട്ടതായിരിക്കണം, അതിനാല്‍ എല്ലാ ടീമുകളും പര്യടനം നടത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സിസ്റ്റം എന്തായിരിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ മൊത്തത്തില്‍ എല്ലാം തയ്യാറാണ്. എല്ലാ ടീമുകളെയും വിശിഷ്ടാതിഥികളെയും സ്വീകരിക്കാന്‍ രാജ്യം ഒരുങ്ങിക്കഴിഞ്ഞു,’ വസീം അക്രം വീഡിയോയില്‍ പറഞ്ഞു.
ഏഷ്യാ കപ്പിന്റെ മാതൃകയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്തണമെന്നാണ് ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പാകിസ്ഥാനിലെത്തി കളിക്കില്ല എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ മാത്രം നടത്താമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു.
സുരക്ഷ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇതിനോടും ബി.സി.സി.ഐ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്.
അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ നടക്കുന്ന ടൂര്‍ണമെന്റിന്റെ മത്സരക്രമം പാക് ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിക്ക് കൈമാറിയിരുന്നു.
Content Highlight: Wasim Akram Talking About Indian Cricket Team In Champions Trophy