പുരുഷന്മാരിലെ മുടികൊഴിച്ചില്‍ തടയാന്‍ 10 വഴികള്‍
Daily News
പുരുഷന്മാരിലെ മുടികൊഴിച്ചില്‍ തടയാന്‍ 10 വഴികള്‍
എഡിറ്റര്‍
Friday, 8th December 2017, 1:38 pm

മുടികൊഴിച്ചിലിന് പല കാരണങ്ങളുണ്ട്. പോഷകാഹാരക്കുറവും, സ്ട്രസും, മലിനീകരണവും ഭക്ഷണക്രമത്തിലെ പ്രശ്‌നങ്ങളുമെല്ലാം മുടി കൊഴിച്ചിലിന് ഇടയാക്കും. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഏതുതന്നെയായാലും മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സാധിക്കും.

1. മുടി കഴുകാന്‍ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കുക

മുടി കൊഴിച്ചില്‍ തടയാന്‍ മുടി വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കുക. മുടി ദിവസവും കഴുകുന്നത് അണുബാധ, താരന്‍, എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കും.

2. വിറ്റാമിന്‍

വിറ്റാമിനുകള്‍ ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും ഗുണകരമാണ്. തലയോട്ടിയിലെ സീബം ഉല്പാദനത്തെ വിറ്റാമിന്‍ എ ത്വരിതപ്പെടുത്തും. തലയോട്ടിയിലെ രക്തചംക്രമണം വര്‍ധിപ്പിക്കാന്‍ വിറ്റാമിന്‍ ഇ സഹായിക്കും. മുടിയ്ക്ക് അതിന്റെ നിറം നിലനിര്‍ത്താന്‍ വിറ്റാമിന്‍ ബി സഹായിക്കും.

3. ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക

മത്സ്യം, മാംസം, സോയ എന്നിവയില്‍ അടങ്ങിയ പ്രോട്ടീനുകള്‍ മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുകയും മുടിവളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.

4. ഓയില്‍ മസാജ്

ഓയില്‍ ഉപയോഗിച്ച് കുറച്ചുസമയം തലയില്‍ മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. എള്ളെണ്ണ, ബദാം എണ്ണ എന്നിവ മസാജിന് ഉപയോഗിക്കാം.

5. നനഞ്ഞ മുടി ചീകരുത്

നനഞ്ഞ മുടി ചീകുന്നത് മുടികൊഴിച്ചില്‍ വര്‍ധിക്കാനിടയാക്കും. അഥവാ അങ്ങനെ വരുമ്പോള്‍ പല്ലുകള്‍ക്കിടയില്‍ വലിയ അകലമുള്ള ചീപ്പ് ഉപയോഗിക്കുക.

6. സവാള, ഇഞ്ചി അല്ലെങ്കില്‍ വെളുത്തുള്ളി ജ്യൂസ്

രാത്രി ഉറങ്ങുന്നതിനുമുമ്പ് ഇതില്‍ ഏതെങ്കിലും ജ്യൂസ് തലയോട്ടിയില്‍ പുരട്ടുക. ദിവസവും ഇങ്ങനെ ചെയ്താല്‍ ഒരാഴ്ചയ്ക്കുള്ളില്‍ മുടി കൊഴിച്ചില്‍ കുറയുന്നതായി കാണാം.

7. ധാരാളം വെള്ളം കുടിക്കുക

ഓരോ മുടിയിഴയുടെയും നാലിലൊന്ന് വെളളമാണ്. അതിനാല്‍ ദിവസം എട്ട് ഗ്ലാസ് വരെ വെള്ളം കുടിയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തെ സഹായിക്കും.

8. പുകവലി

പുകവലി തലയോട്ടിയിലേക്കുള്ള രക്തമൊഴുക്ക് കുറയ്ക്കുകയും ഇത് മുടിവളര്‍ച്ചയെ ബാധിക്കുകയും ചെയ്യും.

9. സ്ട്രസ് കുറയ്ക്കുക

മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് സ്ട്രസ്. യോഗ, ധ്യാനം എന്നിവ സ്ട്രസ് കുറയ്ക്കാന്‍ സഹായിക്കും.

10. തലയിലെ വിയര്‍പ്പ്

ഓയിലി ആയ തലയോട്ടിയുള്ളവര്‍ക്ക് താരന്‍ വരാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് തലയോട്ടി വിയര്‍ക്കുന്നത്. താരന്‍ കുറയ്ക്കാന്‍ കറ്റാര്‍ വാഴ, വേപ്പ് എന്നിവ അടങ്ങിയ ഷാമ്പൂ ഉപയോഗിക്കുക. ഹെല്‍മറ്റ് ധരിക്കുന്നവരിലും ഇതേ പ്രശ്‌നം വരാം. ഇതൊഴിവാക്കാന്‍ ഹെല്‍മറ്റ് ധരിക്കുന്നതിനു മുമ്പ് ഒരു ടവല്‍ തലയില്‍ കെട്ടാം.