| Sunday, 8th February 2015, 10:08 am

കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നിന്നും കണ്ണിനെ സംരക്ഷിക്കാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന മിക്കയാളുകളെയും പിടികൂടുന്ന രോഗമാണ് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം. ഈ രോഗം കാരണം പലര്‍ക്കും ജോലി ഉപേക്ഷിക്കേണ്ടിയും വരാറുണ്ട്. അതുകൊണ്ടുതന്നെ കമ്പ്യൂട്ടര്‍ ഉപയോഗം ആരോഗ്യത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

“ദീര്‍ഘനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന സയത്ത് നമ്മള്‍ മിനുട്ടില്‍ നാലുമുതല്‍ ഏഴു തവണവരെയാണ് കണ്ണ് ചിമ്മാറുള്ളത്. അല്ലാത്ത സമയം 18-20 വരെ തവണയും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന സമയത്ത് കണ്ണു ചിമ്മുന്നതില്‍ വളരെയധികം കുറവു വരുന്നുണ്ടെന്നത് വ്യക്തമാണ്. ഇത് കണ്ണ് വരണ്ടുപോകാനും കാഴ്ച മങ്ങാനും ഇടയാക്കും.” ലണ്ടന്‍ വിഷന്‍ ക്ലിനിക്കിലെ പ്രഫ. ഡാന്‍ റെയ്ന്‍സ്റ്റീന്‍ പറയുന്നു.

ചുവന്ന കണ്ണുകള്‍, സ്‌ട്രെയ്‌നും, തലവേദനും, രണ്ടായി കാണലുമെല്ലാം കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ്.

സി.വി.എസ് തടയാനുള്ള നിര്‍ദേശങ്ങള്‍:

തുടര്‍ച്ചയായി കമ്പ്യൂട്ടറിനു മുന്നിലിരിക്കാതെ മണിക്കൂറില്‍ ഒരു തവണയെങ്കിലും കണ്ണിനു വിശ്രമം കൊടുക്കുക.

കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ വൃത്തിയായി സൂക്ഷിക്കുക.

ഇടയ്ക്കിടെ കണ്ണുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യുക.

കമ്പ്യൂട്ടര്‍ സ്‌ക്രീനും കണ്ണും തമ്മിലുള്ള അകലം വളരെ കുറയാനും അധികം കൂടാനോ പാടില്ല. തെറ്റായ അകലത്തില്‍ വയ്ക്കുന്നത് കണ്ണിന്റെ സ്‌ട്രെയ്ന്‍ വര്‍ധിപ്പിക്കും.

എ.സിയും ഫാനുകളും സി.വി.എസിനുള്ള സാധ്യത വര്‍ധിപ്പിക്കും.

കോണ്‍ടാക്ട് ലെന്‍സുകള്‍ കണ്ണുകള്‍ വരണ്ടതാക്കുന്നെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന സമയങ്ങളില്‍ അവ ഉപയോഗിക്കാതിരിക്കുക.

കണ്ണിനെ ഈര്‍പ്പമുള്ളതായി നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കുക.

ഇടയ്ക്കിടെ നേത്ര പരിശോധന നടത്തുക.

We use cookies to give you the best possible experience. Learn more