റൊണാള്‍ഡോയാണോ മെസിയാണോ? ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുത്ത് റൂണി
Football
റൊണാള്‍ഡോയാണോ മെസിയാണോ? ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുത്ത് റൂണി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 29th May 2024, 9:13 am

ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇവരില്‍ ആരാണ് മികച്ചത് എന്ന സംവാദം എല്ലാകാലത്തും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

ഇപ്പോഴിതാ റൊണാള്‍ഡോ, മെസി എന്നിവരില്‍ ഏറ്റവും മികച്ച താരമാരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസം വെയ്ന്‍ റൂണി. ഗാരി നെവില്ലയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇംഗ്ലണ്ട് ഇതിഹാസം. തന്റെ പഴയ സഹതാരവും മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിഫന്‍ഡറുമായ ഗാരിയുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു റൂണി.

‘ലയണല്‍ മെസി അവന്‍ എക്കാലത്തെയും മികച്ച താരമാണ്,’ റൂണി പറഞ്ഞു.

അതേസമയം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോയെ റൂണി തെരഞ്ഞെടുക്കാത്തത് ഏറെ ശ്രദ്ധേയമായി. റൂണി റൊണാള്‍ഡോയും 2004 മുതല്‍ 2009 വരെ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഒരുമിച്ച് പന്ത് തട്ടിയിട്ടുണ്ട്.

205 മത്സരങ്ങളിലാണ് ഇരു താരങ്ങളും ഒരുമിച്ചു കളിച്ചിട്ടുള്ളത്. ഓള്‍ഡ് ട്രാഫോഡിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌നൊപ്പം 13 വര്‍ഷം ബൂട്ട്‌കെട്ടിയ ഇംഗ്ലണ്ട് ഇതിഹാസം 253 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്.

അര്‍ജന്റീനന്‍ സൂപ്പര്‍ താരം മെസി നിലവില്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ താരമാണ്. ഫ്രഞ്ച് വമ്പന്‍മാരായ പാരിസ് സെയ്‌ന്റ് ജെര്‍മെനില്‍ നിന്നും 2023ലാണ് മെസി മയാമിയുടെ തട്ടകത്തിലെത്തുന്നത്.

മെസിയുടെ വരവോടുകൂടി മികച്ച മുന്നേറ്റമാണ് ഇന്റര്‍ മയാമി നടത്തിയത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടം മയാമി നേടിയിരുന്നു.

Content Highlight: Wayne Roony talks Lionel Messi is the best player of all time