ഇംഗ്ലണ്ട് ഇതിഹാസം വെയ്ൻ റൂണി ഇംഗ്ലീഷ് ഫുട്ബോളിലേക്ക് തിരിച്ചെത്തി. ഇത്തവണ കളിക്കാരനായിട്ടല്ല ഒരു പരിശീലകന്റെ രൂപത്തിലായിരുന്നു അദ്ദേഹം തിരിച്ചെത്തിയത്.
ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ടീമായ ബർമിങ്ഹാം സിറ്റിയുടെ പരിശീലകനായിട്ടാണ് റൂണി ചുമതലയേറ്റത്. റൂണി മൂന്ന് വർഷത്തേക്കാണ് ടീമിൽ കരാർ ഒപ്പ് വെച്ചത്.
ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ടീമായ ബർമിംഹാങിന്റെ മോശം പ്രകടനത്തെതുടർന്നാണ് പരിശീലകൻ യൂസ്റ്റലിനെ ക്ലബ്ബ് പുറത്താക്കിയത്. റൂണിക്കൊപ്പം ചെൽസി ഇതിഹാസം ആഷ്‌ലി കോൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ താരം ജോൺ ഓഷിയ എന്നിവരും കോച്ചിങ് സ്റ്റാഫിന്റെ ഭാഗമായി ടീമിൽ ചേർന്നു.
മേജർ ലീഗ് സോക്കർ ക്ലബ്ബായ ഡി.സി യുണൈറ്റഡിൽ നിന്നുമാണ് റൂണി ഇംഗ്ലണ്ടിലേക്ക് ചേക്കേറിയത്. പുതിയ കോച്ചിന്റെ കീഴിൽ ടീം പറന്നുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
പരിശീലകനായി ചുമതലയേറ്റ സന്തോഷവും റൂണി പങ്കുവെച്ചു. ‘ബർമിങ്ഹാം സിറ്റിയിൽ ചേർന്നതിൽ ഞാൻ സന്തോഷവാനാണ്. ക്ലബ്ബിന് പുതിയ പദ്ധതി ഉണ്ട് അവരുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ ഞാൻ തയ്യാറാണ്. വെല്ലുവിളികൾ നിറഞ്ഞ ഈ പരിശീലകസ്ഥാനം ഞാൻ സന്തോഷപൂർവ്വം ഏറ്റെടുക്കുന്നു. എനിക്ക് കൃത്യമായ ലക്ഷ്യബോധമുണ്ട്. ഞങ്ങളുടെ ടീമിൽ പരിചയസമ്പന്നരായ ഒരുപിടി മികച്ച താരങ്ങളും, യുവതാരങ്ങളും ഉണ്ട്. ഈ ക്ലബ്ബിനുവേണ്ടി മികച്ച പ്രകടനങ്ങൾ ഞാൻ നടത്തും ബ്ലൂസ് ആരാധകർക്ക് വേണ്ടി മികച്ച വിജയങ്ങൾ നേടികൊടുക്കും,’ റൂണി പറഞ്ഞു.
Content Highlight: Wayne Roony Has appointed new head coach of birmingham city.