ലോകകപ്പിൽ കിരീട ഫേവറിറ്റുകളായ ടീമുകളിലൊന്നാണ് അർജന്റീന. എന്നാൽ ഖത്തർ ലോകകപ്പിൽ സൂപ്പർതാരം ലയണൽ മെസിയുടെ നേതൃത്വത്തിൽ ഇറങ്ങിയ അർജന്റീനക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചിരുന്നില്ല. സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയാണ് അർജന്റീന ഗ്രൂപ്പ് ഘട്ട മത്സരത്തിന് തുടക്കം കുറിച്ചത്.
പ്രീക്വാർട്ടറിലേക്ക് കടക്കണമെങ്കിൽ തുടർ മത്സരങ്ങളിൽ ജയം അനിവാര്യമായ അർജന്റീന മെക്സിക്കോയുമായുള്ള ഏറ്റുമുട്ടലിൽ 2-0ന് ന് മുന്നേറി ടൂർണമെന്റിൽ ജീവൻ നിലനിർത്തുകയായിരുന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ പോളണ്ടിനെയും തോൽപ്പിച്ചാലേ അർജന്റീനക്ക് നോക്കൗട്ടിൽ ഇടം നേടനാകൂ.
എന്നാൽ അർജന്റീന പോളണ്ടിനോട് തോൽക്കുകയോ സമനിലയിലാവുകയോ ചെയ്‌താലും സൗദി അറേബ്യ മെക്‌സിക്കോയെ തോൽപ്പിച്ചാലും പ്രീക്വാർട്ടർ കാണാതെ അർജൻറീനക്ക് ലോകകപ്പിൽ നിന്ന് പുറത്ത് കടക്കേണ്ടി വരും.
ഇപ്പോൾ അർജന്റീനയുടെ തുടർ മത്സരങ്ങളെ കുറിച്ച് പ്രവചിച്ചിരിക്കുകയാണ് മുൻ ഇംഗ്ലണ്ടി താരം വെയിൻ റൂണി. അർജന്റീന ലോകകപ്പിന്റെ സെമി ഫൈനലിലെത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.
സെമി ഫൈനലിലെത്തുന്ന നാല് ടീമുകളിലൊന്നായി അർജന്റീന മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ നാല് സെമി ഫൈനലിസ്റ്റുകൾ ബ്രസീൽ, അർജന്റീന, ബെൽജിയം, ഇംഗ്ലണ്ട് എന്നിവയാണെന്നും റൂണി വ്യക്തമാക്കി.
നിലവിൽ നാല് പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട് മുന്നിലാണ്, നോക്കൗട്ടിലേക്ക് യോഗ്യത നേടുന്നതിന് ഇറാനുമായി ഒരു ജയമോ സമനിലയോ ആവശ്യമാണ്. ഗ്രൂപ്പ് ജിയിൽ ആറ് പോയിന്റുമായി ബ്രസീലാണ് ഒന്നാം സ്ഥാനത്ത്.
കാനഡക്കെതിരെ ജയിച്ച് തുടങ്ങിയ ബെൽജിയം, മൊറോക്കോയ്‌ക്കെതിരെ 0-2ന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി ഗ്രൂപ്പ് എഫിൽ മൂന്നാം സ്ഥാനത്താണ്. അതേസമയം ഒരു ജയവും ഒരു തോൽവിയുമായി ടീം അർജന്റീന ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്താണ്.