ഇത്തവണ ബാലണ്‍ ഡി ഓര്‍ നേടുന്നതിന് മെസിക്ക് അവന്‍ തടസമാകും: മുന്‍ സൂപ്പര്‍ താരം
Football
ഇത്തവണ ബാലണ്‍ ഡി ഓര്‍ നേടുന്നതിന് മെസിക്ക് അവന്‍ തടസമാകും: മുന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 19th August 2023, 10:28 pm

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍മെസി ഇത്തവണ എട്ടാമത്തെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. ഖത്തര്‍ ലോകകപ്പില്‍ രാജ്യത്തിനായി കിരീടം നേടിക്കൊടുത്ത താരം ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു. ഇത്തവണത്തെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും ലയണല്‍ മെസിക്കായിരുന്നു.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ തിളങ്ങിയ താരം ക്ലബ്ബ് കരിയറിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ മാസമാണ് താരം എം.എല്‍.എസ് ലീഗായ ഇന്റര്‍ മയാമിയുമായി സൈനിങ് നടത്തിയത്. ഇതുവരെ കളിച്ച ആറ് മത്സരങ്ങളിലും സ്‌കോര്‍ ചെയ്ത് ക്ലബ്ബിനെ ലീഗ്‌സ് കപ്പ് ഫൈനലില്‍ എത്തിച്ചിരിക്കുകയാണ് താരം. ഇതോടെ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഖ്യാതിയും മെസി നേടി.

എന്നാല്‍, ഇത്തവണ ബാലണ്‍ ഡി ഓര്‍ നേടുന്നതിന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ട് മെസിക്ക് വെല്ലുവിളിയായിരിക്കുമെന്നാണ് വെയ്ന്‍ റൂണി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഹാലണ്ടാണ് നിലവില്‍ ഏറ്റവും മികച്ച താരമെന്നും പുരസ്‌കാരം അദ്ദേഹം തന്നെ നേടുമെന്നും റൂണി പറഞ്ഞു. ‘ദ ടൈംസി’ന് നല്‍കിയ അഭിമുഖത്തിലാണ് റൂണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ലോകത്തിലെ ഏറ്റവും മികച്ച താരം എര്‍ലിങ് ഹാലണ്ടാണ്. ലയണല്‍ മെസി ഗ്രെയ്റ്റസ്റ്റ് പ്ലെയറാണ്. എന്നാല്‍ നിലവില്‍ ഹാലണ്ടിനെക്കാള്‍ കളിക്കുന്ന മറ്റൊരു താരമില്ല. അദ്ദേഹം സ്‌കോര്‍ ചെയ്യുന്ന ഗോളുകളുടെ എണ്ണം പരിശോധിച്ചാല്‍ മനസിലാക്കാനാകും. ഇത്തവണ ബാലണ്‍ ഡി ഓര്‍ തീര്‍ച്ചയായും അവന് തന്നെ ലഭിക്കും,’ റൂണി പറഞ്ഞു.

കഴിഞ്ഞ സീസണില്‍ 15 ലീഗ് വണ്‍ ഗോളുകളും നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗോളുകളുമാണ് മെസി പി.എസ്.ജിക്കായി നേടിയത്. അതേസമയം, കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്ത താരമാണ് ഹാലണ്ട്. ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോള്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് കഴിഞ്ഞ സമ്മര്‍ സീസണിലാണ് താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെത്തിയത്. തുടര്‍ന്ന് മിന്നുന്ന പ്രകടനമാണ് താരം ക്ലബ്ബിനായി കാഴ്ചവെച്ചത്.

കഴിഞ്ഞ സീസണില്‍ 52 ഗോളുകളാണ് മാന്‍ സിറ്റിയുടെ ജേഴ്‌സിയില്‍ ഹാലണ്ടിന്റെ സമ്പാദ്യം. ഇതിനകം ടോപ് 100 സ്ട്രൈക്കര്‍മാരുടെ പട്ടികയില്‍ എര്‍ലിങ് ഹാലണ്ട് ഒന്നാമതെത്തിയിരുന്നു. കരിം ബെന്‍സിമ, ഹാരി കെയ്ന്‍, വിക്ടര്‍ ഒസിംഹന്‍, റോബേര്‍ട്ട് ലെവന്‍ഡോസ്‌കി, ഗബ്രിയേല്‍ ജീസസ്, റണ്ടാല്‍ കൊളോ മുവാനി, അലക്സാണ്ടര്‍ ഇസാക്ക്, ഡുസാന്‍ വ്ലാഹോവിച്, ജൊനാതന്‍ ഡേവിഡ് എന്നിവരാണ് പട്ടികയിലെ ആദ്യ പത്തിലുള്ള താരങ്ങള്‍.

Content Highlights: Wayne Rooney praises Kylian Mbappe