അവന് മെസിയേയും റോണോയേയും പോലെ ഒരുപാട് ബാലണ്‍ ഡി ഓറുകള്‍ നേടാന്‍ കഴിയും; പ്രശംസയുമായി ഇംഗ്ലണ്ട് ഇതിഹാസം
Football
അവന് മെസിയേയും റോണോയേയും പോലെ ഒരുപാട് ബാലണ്‍ ഡി ഓറുകള്‍ നേടാന്‍ കഴിയും; പ്രശംസയുമായി ഇംഗ്ലണ്ട് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th December 2023, 5:39 pm

റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമിനെ
പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസം വെയ്ന്‍ റൂണി.

ജൂഡ് ഭാവിയില്‍ ബാലണ്‍ ഡി ഓര്‍ നേടുമെന്നാണ് റൂണി പറഞ്ഞത്.

‘ജൂഡ് ബെല്ലിങ്ഹാം മികച്ച പ്രകടനങ്ങള്‍ തുടരുകയാണെങ്കില്‍ അവന്‍ മെസിയുയും റൊണാള്‍ഡോയും പോയ പാതയിലൂടെ അവനും സഞ്ചരിക്കും. അവരുടെ വഴിയിലൂടെ കടന്നുപോകാന്‍ അഞ്ചോ ആറോ താരങ്ങള്‍ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അടുത്ത ബാലണ്‍ ഡി ഓര്‍ വിജയിക്കാന്‍ അവര്‍ ശക്തമായി പോരാടുന്നു. അതുകൊണ്ടുതന്നെ അവനെ ഈ മികച്ച പ്രകടനം തുടരുകയാണെങ്കില്‍ ജൂഡ് ബാലണ്‍ ഡി ഓര്‍ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്.

ഒരു ഇംഗ്ലണ്ട് താരം മറ്റൊരു രാജ്യത്ത് പോയി നന്നായി കളിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് സന്തോഷമുണ്ട്. അവന്‍ ജര്‍മനിയില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനായി മികച്ച പ്രകടനം നടത്തി. ഇപ്പോള്‍ അവന്‍ ലോകത്തിലെ ഏറ്റവും മികച്ച ഒരു ക്ലബ്ബില്‍ തിളങ്ങിനില്‍ക്കുന്നു. അവന്റെ പ്രകടനങ്ങളില്‍ ഞാന്‍ വലിയ സന്തോഷവാനാണ്. അടുത്ത യൂറോകപ്പിലും ഈ മികച്ച പ്രകടനങ്ങള്‍ നടത്തികൊണ്ട് ഞങ്ങളെ യൂറോ കപ്പ് വിജയത്തിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്,’ റൂണി സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഈ സമ്മറില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നുമാണ് ജൂഡ് ബെല്ലിങ്ഹാം റയല്‍ മാഡ്രിഡില്‍ എത്തുന്നത്. റയലിനായി സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ഗോളടിമേളം നടത്തി മിന്നും ഫോമിലാണ് ജൂഡ് ബെല്ലിങ്ഹാം.

റയലിനായി ഈ സീസണില്‍ 17 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ജൂഡ് 15 ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. റയല്‍ മാഡ്രിനായി ഒരുപിടി മികച്ച നേട്ടങ്ങളും ജൂഡ് സ്വന്തമാക്കിയിരുന്നു. റയല്‍ മാഡ്രിഡിനായി ആദ്യ പത്തു മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം എന്ന പോര്‍ച്ചുഗീസ് ഇതിഹാസം റൊണാള്‍ഡോയുടെ നേട്ടവും ജൂഡ് മറികടന്നിരുന്നു.

താരത്തിന്റെ ഈ മിന്നും ഫോം റയല്‍ മാഡ്രിഡിനും അടുത്ത വര്‍ഷം നടക്കുന്ന യൂറോ കപ്പിലും വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് നല്‍കുന്നത്.

Content Highlight: Wayne Rooney praises Jude Bellingham.