പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയോട് സാമ്യപ്പെടുത്താന്‍ സാധിക്കുന്ന താരമാണ് ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ എന്ന് വെയ്ന്‍ റൂണി. ഇംഗ്ലണ്ടിലെ ഓള്‍ ടൈം ടോപ് സ്‌കോറര്‍ എന്ന റൂണിയുടെ റെക്കോഡ് തകര്‍ക്കാന്‍ ഈയിടെ കെയ്‌ന് സാധിച്ചിരുന്നു.
അദ്ദേഹം കളിക്കളത്തില്‍ ഗംഭീരമായ പ്രകടന മികവ് കാഴ്ചവെക്കാന്‍ കഴിയുന്ന താരമാണെന്നും കെയ്‌നെപ്പോലെ കളിക്കുന്ന മറ്റൊരു താരം റൊണാള്‍ഡോ മാത്രമാണെന്നുമായിരുന്നു റൂണിയുടെ അഭിപ്രായം. മാഞ്ചസ്റ്റര്‍ ഈവനിങ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റൂണി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ഹാരിയുടെ പ്രകടനം കാണുന്നത് ആവേശകരമായ അനുഭവമാണ്. അദ്ദേഹം കളിയില്‍ നിന്ന് വിരമിക്കുമ്പോള്‍ മറ്റാര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത റെക്കോഡ് സൃഷ്ടിച്ചാകും മടങ്ങുക എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ലെവന്‍ഡോസ്‌കിയെ പോലെ മുപ്പതുകളുടെ മധ്യത്തിലും ഗോളടിച്ച് കൂട്ടുന്ന ഒരു ഗോള്‍ മെഷീനാണ് അദ്ദേഹം. താന്‍ വിചാരിക്കുന്നത് കളിയില്‍ നടപ്പാക്കാന്‍ കഴിവുള്ള താരമാണ് അദ്ദേഹം.
കെയ്‌നിനെ പോലെ കളിക്കുന്ന മറ്റൊരു താരം റൊണാള്‍ഡോയാണ്. ഗോള്‍ നേടാനുള്ള ആര്‍ത്തിയും വ്യക്തിഗതമായ പ്രഭാവവും ഇരുതാരങ്ങള്‍ക്കുമുണ്ട്. വിജയിക്കാന്‍ അത് അത്യാവശ്യമാണ്,’ റൂണി പറഞ്ഞു.
അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലണ്ടന്‍ ക്ലബ്ബായ ടോട്ടന്‍ഹാം ഹോട്‌സ്പറിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഹാരി കെയ്‌നെ യുണൈറ്റഡ് ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് എത്തിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ഇംഗ്ലീഷ് മാധ്യമമായ മിററാണ് ഏകദേശം 100 മില്യണ്‍ പൗണ്ട് മുടക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഹാരി കെയ്‌നെ വാങ്ങാനായി ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഈ സൈനിങ് സാധ്യമായാല്‍ ജാക്ക് ഗ്രീലിഷിന്റെ ഏറ്റവും ഉയര്‍ന്ന സൈനിങ് തുക എന്ന റെക്കോര്‍ഡ് മറികടക്കാന്‍ കെയ്‌ന് സാധിക്കും. കെയ്ന്‍ കൂടി എത്തിയാല്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനൊപ്പം യുണൈറ്റഡ് മുന്നേറ്റ നിരയെ നയിക്കാന്‍ താരത്തിന് സാധിക്കും.
കഴിഞ്ഞ ജനുവരിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയ റൊണാല്‍ഡോ മികച്ച പ്രകടനമാണ് ക്ലബ്ബില്‍ കാഴ്ചവെക്കുന്നത്. റൊണാള്‍ഡോയുടെ സൗദിയിലേക്കുള്ള വരവിന് പിന്നാലെ അല്‍ നസറിന്റെ ബ്രാന്‍ഡ് മൂല്യത്തിലും ഓഹരി മൂല്യത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.