| Wednesday, 28th December 2022, 7:08 pm

റൊണാള്‍ഡോയും മെസിയുമല്ല, മികച്ച താരങ്ങള്‍ ഈ രണ്ട് പേരാണ്: റൂണി

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പ് അവസാനിച്ചതോടെ റൊണാള്‍ഡോയാണോ മെസിയാണോ മികച്ചതെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. ഫുട്‌ബോളില്‍ ഇവരില്‍ ആരാണ് G.O.A.T (Greatest Of All Time) എന്നത് കാലങ്ങളായി നിലനില്‍ക്കുന്ന ചോദ്യമാണ്.

ഖത്തറില്‍ വിശ്വകിരീടമുയര്‍ത്തിയ അര്‍ജന്റൈന്‍ ഹീറോ ലയണല്‍ മെസിയുടെ പേര് ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടുമ്പോള്‍ മറുഭാഗത്ത് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേരും ഉയരുന്നുണ്ട്. എന്നാലിപ്പോള്‍ വിഷയത്തില്‍ തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം വെയ്ന്‍ റൂണി.

മെസിയെയും റൊണാള്‍ഡോയെക്കാളും മികച്ച താരങ്ങളാണ് എര്‍ലിങ് ഹാലണ്ടും കിലിയന്‍ എംബാപ്പെയും എന്നാണ് റൂണി പറഞ്ഞത്. അതേസമയം മെസിയും റൊണാള്‍ഡോയും ഫുട്‌ബോളിലെ യുണീക് ആയ രണ്ട് താരങ്ങളാണെന്നും റൂണി കൂട്ടിച്ചേര്‍ത്തു.

അതേസമയം കഴിഞ്ഞ കുറച്ച് സീസണുകളില്‍ മികച്ച പ്രകടനമാണ് ഹാലണ്ടും എംബാപ്പെയും കാഴ്ചവെച്ചത്. 22കാരനായ ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലും ബൊറൂസിയ ഡോട്ട്മുണ്ടിലും 108 മത്സരങ്ങളില്‍ നിന്ന് 110 ഗോള്‍ നേടിയപ്പോള്‍ 24കാരനായ എംബാപ്പെ പി.എസ്.ജിക്കായി 237 മത്സരത്തില്‍ നിന്ന് 190 ഗോള്‍ നേടി.

ഫിഫ ലോകകപ്പ് ചാമ്പ്യനായ അര്‍ജന്റൈന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസി ജനുവരി ആദ്യം പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഖത്തറില്‍ നിന്ന് അര്‍ജന്റീനയിലേക്ക് മടങ്ങിയ മെസി കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഏഴ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവും കോപ്പ അമേരിക്കയിലും ഫൈനലിസിമ കിരീടത്തിലും മുത്തമിടുകയും ചെയ്ത മെസിക്ക് രാജ്യത്തിനായി വിശ്വകിരീടം ഉയര്‍ത്തുകയെന്ന മോഹം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ.

അതേസമയം ഖത്തര്‍ ലോകകപ്പിന് തൊട്ടുമുമ്പാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും വാര്‍ത്താ അവതാരകനുമായ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിന് ശേഷമാണ് യുണൈറ്റഡില്‍ നിന്ന് താരത്തിന്റെ പടിയിറക്കം.

അഭിമുഖത്തിനിടെ കോച്ച് എറിക് ടെന്‍ ഹാഗും മറ്റ് പല ഒഫീഷ്യല്‍സും തന്നെ പുറത്താക്കാന്‍ കരുനീക്കം നടത്തുന്നുണ്ടെന്ന് റൊണാള്‍ഡോ തുറന്നടിച്ചു. ക്ലബ്ബില്‍ താന്‍ വഞ്ചിക്കപ്പെട്ടതായാണ് തോന്നുന്നതെന്നും അദ്ദേഹം അഭിമുഖത്തിനിടെ ആരോപിച്ചിരുന്നു.

യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ താരം ജനുവരി ആദ്യം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നാസറുമായി കരാറില്‍ ഒപ്പുവെക്കുമെന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ട്.

2025 ജൂണ്‍ വരെ ക്രിസ്റ്റ്യാനോ ക്ലബില്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ ക്ലബുകളുടെയോ അല്ലെങ്കില്‍ അല്‍ നാസറിന്റെ തന്നെ ഓഫറോ റൊണാള്‍ഡോ പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പ്രതിവര്‍ഷം 200 മില്യണ്‍ ഡോളര്‍ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് താരത്തിന് അല്‍ നാസര്‍ നല്‍കിയിരിക്കുന്നത്. കളിക്കാരനെന്ന നിലയില്‍ കരാര്‍ അവസാനിച്ചാല്‍ ടീമിന്റെ പരിശീലകനാവാനും റൊണാള്‍ഡോക്ക് കഴിയും.

Content Highlights: Wayne rooney claims Erling Haland and Kylian Mbappe are the best than Messi and Ronaldo

We use cookies to give you the best possible experience. Learn more