മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരവും യുണൈറ്റഡ് ലെജന്‍ഡുമായ വെയ്ന്‍ റൂണി. 2009ല്‍ റൊണാള്‍ഡോ റയല്‍ മാഡ്രിഡുമായി കരാറിലെത്തുന്നത് വരെ ഇരുവരുമായിരുന്നു റെഡ് ഡെവിള്‍സിന്റെ ചാലകശക്തികള്‍.
റൊണാള്‍ഡോ മത്സരത്തില്‍ ഗോളടിച്ച് മുന്നേറുമ്പോള്‍ റൂണി ഗോളടിക്കുന്നതിനൊപ്പം പ്രതിരോധത്തിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ടീം അംഗങ്ങള്‍ റൊണാള്‍ഡോയെക്കാളേറെ തന്നില്‍ വിശ്വാസമര്‍പ്പിച്ചിരുന്നു എന്നാണ് താരം വിശ്വസിക്കുന്നത്.
സ്വന്തം ഗോള്‍ പോസ്റ്റിലേക്കിറങ്ങി പ്രതിരോധത്തില്‍ സഹായിക്കുന്നതിനാല്‍ ടീം അംഗങ്ങള്‍ തന്നെ എത്രത്തോളം വിശ്വസിച്ചിരുന്നു എന്ന് പറയുകയാണ് റൂണി. സിക്ക് ടു ഫുട്‌ബോള്‍ പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
‘അവന്‍ (റൊണാള്‍ഡോ) നിങ്ങളെ മത്സരങ്ങള്‍ വിജയിക്കാന്‍ സഹായിക്കും. എന്നാല്‍ ഡിഫന്‍സിലേക്കിറങ്ങുന്നതിനാല്‍ സഹതാരങ്ങള്‍ക്ക് എന്നില്‍ കൂടുതല്‍ വിശ്വാസമുണ്ടായിരുന്നു.
തീര്‍ച്ചയായും, കളം നിറഞ്ഞ് കളിച്ചാല്‍ ഞാന്‍ എന്റെ ജോലി ഭംഗിയായി നിര്‍വഹിക്കും. ഇതിന് പുറമെ പ്രതിരോധത്തിലേക്കിറങ്ങി ഞാന്‍ ഡിഫന്‍ഡര്‍മാരെ സഹായിക്കുകയും ചെയ്യും. ക്രിസ്റ്റ്യാനോ ഇതൊരിക്കലും ചെയ്യില്ല. ഈ സമയങ്ങളില്‍ അവന്‍ എതിരാളികള്‍ക്ക് ഭീഷണിയാകും,’റൂണി പറഞ്ഞു.
വ്യക്തിഗത നേട്ടങ്ങളില്‍ തനിക്ക് താത്പര്യമില്ലായിരുന്നെന്നും ടീമിന്റെ വിജയമാണ് തനിക്ക് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വ്യക്തിഗത നേട്ടങ്ങളില്‍ എനിക്ക് താത്പര്യമില്ലായിരുന്നു. ടീമിനൊപ്പം ജയിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതായിരുന്നു എന്റെ ലക്ഷ്യവും.
ഞാനൊരു നാച്ചുറല്‍ ഗോള്‍ സ്‌കോററാണെന്ന് ഒരിക്കലും പറയില്ല. ഞാന്‍ കൂടുതല്‍ സ്വാര്‍ത്ഥനായിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ ഗോളുകള്‍ നേടാന്‍ എനിക്ക് സാധിക്കുമായിരുന്നു. എനിക്ക് കളിക്കാന്‍ മാത്രമായിരുന്നു ആഗ്രമുണ്ടായിരുന്നത്,’ റൂണി കൂട്ടിച്ചേര്‍ത്തു.
Content highlight: Wayne Rooney about his Manchester United team mates