| Sunday, 30th October 2022, 7:10 pm

ഇന്നിങ്‌സിലെ ആദ്യ ഓവര്‍ തന്നെ മെയ്ഡന്‍ എറിഞ്ഞ് അവന്‍ വലിയ സൂചന തന്നെ നല്‍കി; ഇന്ത്യയുടെ ചെണ്ടയായ ഇവനോ ഇന്ത്യയെ എറിഞ്ഞിട്ടത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരത്തില്‍ ബൗളര്‍മാരായിരുന്നു കളം നിറഞ്ഞാടിയത്. പവര്‍ പ്ലേക്ക് മുമ്പ് തന്നെ ഇന്ത്യയുടെ ഓപ്പണര്‍മാരെ മടക്കിയ പ്രോട്ടീസ് ബൗളര്‍മാര്‍ സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് തികയും മുമ്പ് തന്നെ അഞ്ച് വിക്കറ്റും സ്വന്തമാക്കിയിരുന്നു.

ലുങ്കി എന്‍ഗിഡിയും വെയ്ന്‍ പാര്‍ണെലുമാണ് ഇന്ത്യന്‍ നിരയെ കടന്നാക്രമിച്ചത്. പാര്‍ണെല്‍ നാല് ഓവര്‍ എറിഞ്ഞ് 15 റണ്‍സിന് മൂന്ന് വിക്കറ്റാണ് സ്വന്തമാക്കിയത്. 3.75 എക്കോണമിയിലായിരുന്നു താരം പന്തെറിഞ്ഞത്.

സൂര്യകുമാര്‍ യാദവ്, ദിനേഷ് കാര്‍ത്തിക്, ആര്‍. അശ്വിന്‍ എന്നിവരെയാണ് പാര്‍ണെല്‍ പുറത്താക്കിയത്.

നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങിയാണ് ലുങ്കി എന്‍ഗിഡി നാല് ഇന്ത്യന്‍ താരങ്ങളെ മടക്കി അയച്ചത്. ഇരുവരും ചേര്‍ന്നായിരുന്നു ഇന്ത്യയെ കശക്കിയെറിഞ്ഞത്.

ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ഓവര്‍ തന്നെ മെയ്ഡനാക്കിയായിരുന്നു വെയ്ന്‍ പാര്‍ണെല്‍ വരാന്‍ പോകുന്ന വെടിക്കെട്ടിന്റെ സൂചന നല്‍കിയത്. കെ.എല്‍. രാഹുല്‍ നേരിട്ട ആദ്യ ഓവറില്‍ ഓരോ പന്തും രാഹുലിനെ പരീക്ഷിക്കുന്നത് തന്നെയായിരുന്നു.

എന്നാല്‍ ലോകകപ്പിന് മുമ്പ് നടന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക ടി-20 പരമ്പരയില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ തല്ല് വാങ്ങിക്കൂട്ടിയ താരമായിരുന്നു വെയ്ന്‍ പാര്‍ണെല്‍. പ്രത്യേകിച്ച് അസമില്‍ വെച്ച് നടന്ന രണ്ടാം ടി-20യില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഒരു ദയവും കൂടാതെ പാര്‍ണെലിനെ തല്ലിയൊതുക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ലോകകപ്പില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്. കേവലം 15 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും അപകടകാരികളായ മൂന്ന് പേരെ താരം പറഞ്ഞയച്ചിരിക്കുന്നത്.

ലുങ്കി എന്‍ഗിഡിയായിരുന്നു ഇന്ത്യയെ എറിഞ്ഞുവീഴ്ത്തിയവരില്‍ മറ്റൊരാള്‍. കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയ വമ്പനടി വീരന്‍മാരെയാണ് എന്‍ഗിഡിയും പുറത്താക്കിയത്. പേസിനെ തുണക്കുന്ന പിച്ചില്‍ വന്‍ അഡ്വാന്റേജാണ് ഇരുവരും പ്രോട്ടീസിന് നേടിക്കൊടുത്തത്.

അതേസമയം, സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യ 133 റണ്‍സാണ് സ്വന്തമാക്കിയത്. ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ വിജയലക്ഷ്യം കുറിച്ചത്.

അര്‍ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്ത് നിന്നത്. 40 പന്തില്‍ നിന്നും 68 റണ്‍സാണ് സ്‌കൈ സ്വന്തമാക്കിയത്.

സൂര്യകുമാറിന് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും മാത്രമാണ് ഇരട്ടയക്കം കണ്ടത്. 14 പന്തില്‍ നിന്നും 15 റണ്‍സായിരുന്നു രോഹിത് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസിനും അത്ര മികച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്. ഏഴ് ഓവറില്‍ 32ന് മൂന്ന് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. ക്വിന്റണ്‍ ഡി കോക്ക്, ക്യാപ്റ്റന്‍ തെംബ ബാവുമ, റിലീ റൂസോ എന്നിവരെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ മടക്കിയത്. മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ് എന്നിവരാണ് വിക്കറ്റ് നേടിയിരിക്കുന്നത്.

Content Highlight: Wayne Parnell’s incredible spell in India vs South Africa match

We use cookies to give you the best possible experience. Learn more