അവന്‍ വ്യത്യസ്ഥനാണ്....! ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് വെയ്ന്‍ പാര്‍നെല്‍
Sports News
അവന്‍ വ്യത്യസ്ഥനാണ്....! ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് വെയ്ന്‍ പാര്‍നെല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th May 2024, 12:15 pm

വാംഖഡെയില്‍ ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ മുംബൈ സണ്‍റൈസ് ഹൈദരാബാദിനെ ആദ്യം ബാറ്റ് ചെയ്യാന്‍ അയച്ചപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് ആണ് ടീമിന് നേടാന്‍ സാധിച്ചത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 17.2 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവ് പുറത്താകാതെ നേടിയ തകര്‍പ്പന്‍ സെഞ്ച്വറി മികവിലാണ് മുംബൈ വിജയം അനായാസമാക്കിയത്. 51 പന്തില്‍ നിന്ന് 6 സിക്സറും 12 ഫോറും ഉള്‍പ്പെടെ 102* റണ്‍സാണ് സ്‌കൈ അടിച്ചുകൂട്ടിയത്. 200+ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ടീമിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച സൂര്യയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ പേസര്‍ വെയ്ന്‍ പാര്‍നെല്‍. സ്‌കൈ ഒരു ഏലിയന്‍ ഏണെന്നപോലെയാണ് മുന്‍ താരം എഴുതിയത്.

‘സൂര്യകുമാറിനെ ആരെങ്കിലും ഡി.എന്‍.എ ടെസ്റ്റ് നടത്തിയിട്ടുണ്ടോ? ഈ വ്യക്തി വ്യത്യസ്തനാണ്, വ്യത്യസ്തനാണ്,’ വെയ്ന്‍ പാര്‍നെല്‍ എക്‌സില്‍ എഴുതി.

ഫിറ്റ്നസ് പ്രശ്നങ്ങള്‍ കാരണം ഏതാനും മത്സരങ്ങള്‍ നഷ്ടമായ യാദവ്, സീസണിലെ തന്റെ ആദ്യ ഇന്നിങ്സില്‍ ഡക്ക് നേടിയിരുന്നു. എന്നിരുന്നാലും, ഫോമിലേക്ക് തിരിച്ചെത്തിയ അദ്ദേഹം ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറികളും നേടിയിട്ടുണ്ട്.

ഒമ്പത് മത്സരങ്ങളില്‍ നിന്ന് 189 പന്തില്‍ 334 റണ്‍സാണ് താരം നേടിയത്. 35 ഫോറുകളും 18 സിക്സറുകളും നേടിയ വലംകൈയ്യന്‍ ബാറ്റര്‍ 41.75 ശരാശരിയിലും 176.71.എ സ്ട്രൈക്ക് റേറ്റിലുമാണ് തന്റെ മിന്നും പ്രകടനം നടത്തുന്നത്.

മത്സരത്തില്‍ സ്‌കൈക്ക് പുറമെ 32 പന്തില്‍ 37 റണ്‍സ് നേടി പുറത്താക്കാതെ നിന്ന തിലക് വര്‍മയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഹൈദരാബാദിന് വേണ്ടി മാര്‍ക്കോയാന്‍സണ്‍, ഭുവനേശ്വര്‍ കുമാര്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി ട്രാവിസ് ഹെഡ് 30 പന്തില്‍ 48 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ കമ്മിന്‍സ് 17 പന്തില്‍ 35 റണ്‍സ് നേടി പുറത്താകാതെ നിന്നു. നിതീഷ് കുമാര്‍ 15 പന്തില്‍ 20 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ഹൈദരബാദിനെ തകര്‍ത്തത് ക്യാപ്റ്റ് ഹര്‍ദിക് പാണ്ഡ്യയും പിയൂഷ് ചൗളയുമാണ്. നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി 3 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ചൗള 33 റണ്‍സ് വഴങ്ങിയാണ് 3 വിക്കറ്റ് സ്വന്തമാക്കിയത്.

 

Content Highlight: Wayne Parnell Praises Suryakumar Yadav