കുറുപ്പിനൊപ്പം ചുവട് വെക്കൂ, കുറുപ്പും കുറുപ്പിനേയും കാണൂ, ഒപ്പം 5 ലക്ഷവും; ഓഫറുമായി വേഫറര്‍ ഫിലിം റിലീസ്
Entertainment news
കുറുപ്പിനൊപ്പം ചുവട് വെക്കൂ, കുറുപ്പും കുറുപ്പിനേയും കാണൂ, ഒപ്പം 5 ലക്ഷവും; ഓഫറുമായി വേഫറര്‍ ഫിലിം റിലീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th November 2021, 7:18 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പുതിയ ചിത്രം കുറുപ്പ് പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെയടക്കം ഫസ്റ്റ്‌ഡേ കളക്ഷന്‍ തകര്‍ത്താണ് കുറുപ്പ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്.

ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് പുതിയ ഓഫറുമായി രംഗത്തെത്തിരിക്കുകയാണ് ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ സിനിമാസ്. കുറുപ്പ് സിനിമയുമായി ബന്ധപ്പെടുത്തി ഫ്‌ളാഷ് മോബ് മത്സരമാണ് പ്രൊഡക്ഷന്‍ കമ്പനി സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് 5 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. അതോടൊപ്പം തന്നെ ദുല്‍ഖറിനെ നേരിട്ടു കാണാനും അദ്ദേഹത്തിന് മുന്നില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിക്കാനും വിജയികള്‍ക്ക് അവസരമൊരുക്കും.

#KURUPFLASHMOBCONTEST എന്ന ഹാഷ് ടാഗും ഇതിനായി ഒരുക്കിയിട്ടുണ്ട്. എവിടെ വെച്ചും ഫ്‌ളാഷ് മോബ് അവതരിപ്പിക്കാമെന്നും, എന്നാല്‍ അത് കുറുപ്പുമായി ബന്ധപ്പെടുത്തിയതാവണം എന്നാണ് മത്സരത്തിന്റെ പ്രധാന നിബന്ധനയായി വേഫറര്‍ സിനിമാസ് പറയുന്നത്.

കുറഞ്ഞത് 20 പേര് അടങ്ങുന്ന ടീമായി വേണം ഫ്‌ളാഷ് മോബ് അവതരിപ്പിക്കേണ്ടത്. മത്സരിക്കുന്ന എല്ലാവര്‍ക്കും കുറുപ്പ് സിനിമയുടെ ഫ്രീ ടിക്കറ്റുകളും ലഭിക്കും.

അധികം എഡിറിറിംഗ് ഇല്ലാതെ ഡാന്‍സിന്റെ വീഡിയോ +919778557350 എന്ന നമ്പറിലേക്ക് 2021 നവംബര്‍ 30ന് മുമ്പായി അയച്ചു നല്‍കണമെന്നാണ് മത്സരത്തിന്റെ സംഘാടകര്‍ ആവശ്യപ്പെടുന്നത്.

അതേസമയം, തിയേറ്ററിലും ക്ലിക്കായിരിക്കുകയാണ് കുറുപ്പ്. മലയാളത്തിലെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡാണ് കുറുപ്പ് സ്വന്തം പേരിലാക്കിയിരിക്കുന്നത്. തമിഴിലും തെലുങ്കിലും മികച്ച ഓപ്പണ്ംഗാണ് സിനിമയ്ക്ക ലഭിച്ചുകൊണ്ടിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച കുറുപ്പ് ലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുവാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യുകയായിരുന്നു.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം. സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ. എസ്. അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്.

കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ വിഘ്‌നേഷ് കിഷന്‍ രജീഷ്, മേക്കപ്പ് റോനെക്സ് സേവ്യര്‍, കോസ്റ്റ്യൂംസ് പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പി ആര്‍ ഒ ആതിര ദില്‍ജിത്, സ്റ്റില്‍സ് ഷുഹൈബ് എസ്.ബി.കെ. പോസ്റ്റര്‍ ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍ & എസ്‌തെറ്റിക് കുഞ്ഞമ്മ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Wayfarer cinemas announces flash mob competition