| Friday, 12th November 2021, 4:30 pm

ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതിന് പിന്നാലെ യുവതി മരിച്ചു; വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍.

യുവതിയുടെ പിതാവ് പുത്തന്‍പുരയില്‍ വിജയനാണ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അധികൃതരുടെ അനാസ്ഥയാണ് തന്റെ മകളുടെ മരണത്തിന് കാരണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിജയന്‍ പരാതിയില്‍ പറഞ്ഞു.

നവംബര്‍ 4നാണ് 24കാരിയായ അനിഷ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം മരണപ്പെട്ടത്. ഒക്ടോബര്‍ 29ന് പുലര്‍ച്ചെയാണ് അനിഷയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തു. ഇതിന് ശേഷം അനിഷയ്ക്കു രക്തസ്രാവം ഉണ്ടാവുകയും ഐ.സി.യുവിലേക്ക് മാറ്റുകയുമായിരുന്നു.

20 മണിക്കൂറിന് ശേഷമാണ് യുവതിയുടെ സ്ഥിതി അതീവ ഗുരുതമാണെന്നും മറ്റെവിടെയെങ്കിലും കൊണ്ടു പോകണമെന്നും അധികൃതര്‍ ബന്ധുക്കളെ അറിയിക്കുന്നത്. തുടര്‍ന്ന് അനിഷയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more