മുത്തങ്ങ സമരത്തിന്റെ പതിനഞ്ചാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് തയ്യാറാക്കിയ ഒരു ഡോക്യുമെന്ററിക്ക് വേണ്ടി 2018 ഫെബ്രുവരി മാസത്തില്‍ ഞങ്ങള്‍ വയനാട്ടിലെ ചാലിഗദ്ദ ആദിവാസി കോളനി സന്ദര്‍ശിച്ചിരുന്നു. മുത്തങ്ങ സമരത്തില്‍ ഏറ്റവുമധികം കുടുംബങ്ങള്‍ പങ്കെടുത്ത കോളനികളിലൊന്നായിരുന്നു ചാലിഗദ്ദ.
ഭീകരമായ പൊലീസ് മര്‍ദനത്തിനിരയായതിനാല്‍ പലവിധ അസുഖങ്ങളും അവശതകളും കാരണം അധികം വൈകാതെ മരണത്തിന് കീഴടങ്ങിയ പലരുടെയും വീടുകളില്‍ ഞങ്ങള്‍ ചെന്നിരുന്നു.
അടിവയറ്റില്‍ പൊലീസിന്റെ ചവിട്ടേറ്റതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്നും അനുഭവിക്കുന്ന കുറേ അമ്മമാര്‍, സമരത്തില്‍ പങ്കെടുത്തതിന്റെ ഭാഗമായി ചാര്‍ത്തപ്പെട്ട കൊലപാതകമടക്കമുള്ള കേസുകളില്‍പ്പെട്ട് ഒന്നരപ്പതിറ്റാണ്ടിനിപ്പുറവും കോടതി കയറിയിറങ്ങുന്നവര്‍, മര്‍ദനത്തിന്റെ ഇനിയും മാഞ്ഞുപോയിട്ടില്ലാത്ത അടയാളങ്ങളുമായി രോഗശയ്യയില്‍ കഴിയുവര്‍, അങ്ങനെ കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ പൊലീസ് അടിച്ചമര്‍ത്തലിന് വിധേയരാക്കപ്പെട്ടവര്‍ക്ക് വര്‍ഷങ്ങള്‍ക്കിപ്പുറവും ഞങ്ങളോട് പറയാനുണ്ടായിരുന്നത് ഭൂരാഹിത്യം സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് മാത്രമായിരുന്നു. കൃഷിചെയ്യാനും കിടന്നുറങ്ങാനും ഇന്നും സുരക്ഷിതമായ ഒരു തുണ്ട് ഭൂമി സ്വന്തമായി ഇല്ലാത്തതിന്റെ സങ്കടങ്ങള്‍…
മണ്ണിന് വേണ്ടി പതിറ്റാണ്ടുകള്‍ സമരം ചെയ്തിട്ടും ഇങ്ങനെ പുഴയോരങ്ങളില്‍ തുണ്ടുഭൂമികളിലായി താമസിക്കേണ്ടി വരുന്നതിന്റെ പ്രശ്നങ്ങളെക്കുറിച്ചും മഴക്കാലങ്ങളില്‍ പുഴ കോളനിയിലൂടെ പരന്നൊഴുകുന്നതിന്റെ പ്രയാസങ്ങളെക്കുറിച്ചുമായിരുന്നു അവര്‍ ഞങ്ങളോട് സംസാരിച്ചിരുന്നത്. വെറും ആറ് മാസത്തിനുള്ളില്‍ കേരളം മഹാപ്രളയത്തെ നേരിട്ട ആഗസ്ത് മാസത്തില്‍ കബനി നദി കരകവിഞ്ഞൊഴുകിയപ്പോള്‍ ചാലിഗദ്ദ കോളനി തകര്‍ന്നുതരിപ്പണമായി. നിരവധി വീടുകള്‍ നിലം പതിച്ചു. ജീവനും കൊണ്ടോടിയ കുടംബങ്ങള്‍ ക്യാമ്പുകളിലേക്ക് മാറുകയായിരുന്നു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ ക്ഷേമ സന്നാഹങ്ങളുമായെത്തിയ ഉദ്യോഗസ്ഥരോടും സന്നദ്ധപ്രവര്‍ത്തകരോടും ചാലിഗദ്ദക്കാര്‍ പറഞ്ഞത് ഒരെയൊരു കാര്യം മാത്രമാണ്. സുരക്ഷിതമായ മണ്ണ് വേണമെന്ന്. ഒരു വര്‍ഷം പിന്നിട്ടിട്ടും ചാലിഗദ്ദയുടെ ആവശ്യം എവിടെയും പരിഗണിക്കപ്പെട്ടില്ല. സര്‍ക്കാറിന്റെ യാതൊരു നഷ്ടപരിഹാരവും ഇവരെ തേടി വന്നതുമില്ല. വീണ്ടും ഒരു പ്രളയകാലത്തേക്ക് അവര്‍ വലിച്ചറിയപ്പെട്ടു. ഇക്കഴിഞ്ഞ ആഗസ്ത് മാസത്തിലെ പ്രളയം ചാലിഗദ്ദയെ വീണ്ടും കീറിമുറിച്ചു.
തുടര്‍ച്ചയായ രണ്ട് പ്രളയകാലം ചാലിഗദ്ദയ്ക്ക് മേല്‍ ഇനിയൊരിക്കലും പൂര്‍വകാലത്തേക്ക് തിരിച്ചുവരാന്‍ സാധിക്കാത്ത രീതിയിലുള്ള പ്രത്യാഘാതങ്ങളാണ്. കരകവിഞ്ഞൊഴുകിയ കബനിനദി ചാലിഗദ്ദയെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകളഞ്ഞിരിക്കുന്നു. പൂര്‍ണമായും ഭാഗികമായും തകര്‍ന്ന കുറേ കെട്ടിടങ്ങളും കുറച്ചു ജീവനുകളുമല്ലാതെ മറ്റൊന്നും ചാലിഗദ്ദയില്‍ ബാക്കിയില്ല.
2018 ല്‍ സംഭവിച്ചതിനേക്കാള്‍ രൂക്ഷമായ രീതിയിലാണ് ഇക്കഴിഞ്ഞ മഴക്കെടുതി ചാലിഗദ്ദയെ ബാധിച്ചത്. ഇനിയൊരിക്കലും വാസയോഗ്യമല്ലാത്ത രീതിയില്‍ ചാലിഗദ്ദ കോളനി മാറിക്കഴിഞ്ഞു. ചാലിഗദ്ദ മാത്രമല്ല, പടിഞ്ഞാറത്തറ, കോട്ടത്തറ, പൊഴുതന, കണിയാമ്പറ്റ, പനമരം, മാനന്തവാടി, പുല്‍പ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസി കോളനികളെല്ലാം മനുഷ്യവാസം സാധ്യമാകാത്ത ഇടങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു.
ശക്തമായ കുത്തൊഴുക്കില്‍ ഗതിമാറിയൊഴുകിയ പുഴ പുതിയ വഴികള്‍ കണ്ടെത്തിയത് കോളനികള്‍ക്ക് നടുവിലൂടെയാണ്. പുഴയെയും ഊരുകളെയും വേര്‍തിരിച്ചു നിര്‍ത്തിയ മണ്‍തിട്ടകള്‍ തകര്‍ന്നു തരിപ്പണമായിരിക്കുന്നു. പുഴയ്ക്കും പുഴയോരത്തിനുമിടയില്‍ ഇപ്പോള്‍ അതിരുകളില്ല. വയനാടന്‍ മലകളില്‍ മഴപെയ്യുന്ന ഒരു രാത്രിയിലും ഭയരഹിതമായി ഉറങ്ങാന്‍ സാധിക്കാത്ത രീതിയിലാണ് ഇന്ന് പുഴയോരക്കോളനികളിലെ ആദിവാസി ജീവിതം. പുഴ ഏതു നിമിഷവും അവരുടെ കൂരകളിലേക്കിരച്ചുകയറിയേക്കാം. സുരക്ഷിതമായ ഭൂമി ലഭിക്കാതെ ഈ കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട ഒരു ജീവിതം സാധ്യമേയല്ല.
വയനാടിന്റെ വിശാലതകളില്‍ അതിരുകളില്ലാത്ത ഭൂമിയുടെയും വിഭവങ്ങളുടെയും അധിപരായി ജീവിച്ചിരുന്ന ആദിവാസികള്‍ ഇന്ന് പുറമ്പോക്കുകളിലിരുന്ന് അവരുടെ നഷ്ടപ്പെട്ട ഭൂമിയുടെ കണക്ക് ചോദിക്കുകയാണ്. മണ്ണിന് വേണ്ടി ആദിവാസികളെന്തിന് സമരം ചെയ്തുവെന്ന് വ്യക്തമാകുന്നതാണ് പ്രളയകാലത്തിന് ശേഷമുള്ള ആദിവാസി ഊരുകളുടെ ചിത്രം.
മുത്തങ്ങ സമരത്തില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ച ജോഗിയുടെ, ചാലിഗദ്ദ കോളനിയിലെ വീട് ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പ്രളയത്തില്‍ മുന്‍ഭാഗം മുഴുവന്‍ തകര്‍ന്നുകിടന്ന ആ വീടിന്റെ ചിത്രത്തിലുണ്ടായിരുന്നു. വയനാടന്‍ ആദിവാസി സമരങ്ങളൊക്കെയും എന്തിന് വേണ്ടിയായിരുന്നു എന്നത്.
‘കുട്ടിക്കാലം മുതലേ സ്ഥലമില്ലാത്തതിന്റെ പ്രശ്നങ്ങള്‍ ഞങ്ങള്‍ അനുഭവിക്കുന്നുണ്ട്. അച്ഛന്‍ മുത്തങ്ങ സമരത്തിന് പോകുന്നതിന് മുമ്പ് ഞങ്ങളോട് പറഞ്ഞത്, സമരം ചെയ്താല്‍ ഭൂമി കിട്ടുമെന്നും അതോടെ നമ്മുടെ എല്ലാ പ്രശ്നങ്ങളും തീരുമെന്നുമായിരുന്നു. പക്ഷേ, അച്ഛന്റെ മൃതദേഹം മാത്രമാണ് പിന്നീട് ഞങ്ങള്‍ കണ്ടത്. ഞങ്ങള്‍ക്ക് ഭൂമി നല്‍കുമെന്നും ഉടന്‍ പുനരധിവാസം സാധ്യമാക്കുമെന്നും പറയാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പക്ഷേ, ഇപ്പോഴും ഒരു കാര്യത്തിലും ഒരു തീരുമാനവുമായിട്ടില്ല. എല്ലാ കൊല്ലവും മഴക്കാലങ്ങളില്‍ ഞങ്ങളുടെ ജീവിതം വെള്ളത്തിലാണ്.’ ജോഗിയുടെ മകന്‍ ശിവന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘കഴിഞ്ഞതിന്റെ മുന്‍പത്തെ വര്‍ഷം പാട്ടത്തിന് സ്ഥലെമടുത്തും ലോണെടുത്തും ഞാന്‍ ചെയ്ത കൃഷിയെല്ലാം 2018 ലെ പ്രളയത്തില്‍ ഒലിച്ചുപോയി. വീണ്ടും കടങ്ങള്‍ വാങ്ങിയാണ് അടുത്ത വര്‍ഷം കൃഷിയിറക്കിയത്. അതും മുമ്പത്തേ പോലെ തന്നെ ഒലിച്ചുപോയി. ഈ രണ്ട് വര്‍ഷവും സംഭവിച്ച പ്രളയം കാരണം മാത്രം ലക്ഷങ്ങളുടെ കടമാണ് എനിക്കുണ്ടായത്. പക്ഷേ, നഷ്ടപരിഹാരമായി ഒരു രൂപ പോലും എനിക്ക് ലഭിക്കില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. കൃഷി വകുപ്പിന്റെ നിയമപ്രകാരം ഭൂമിയുടെ ഉടമസ്ഥര്‍ക്ക് മാത്രമാണ് കൃഷിനാശത്തിന്റെ നഷ്ടപരിഹാരം ലഭിക്കുക. സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്യുന്നവരുടെ കാര്യം കഷ്ടത്തിലാണ്. അവരെ ഇനിയും സര്‍ക്കാര്‍ പരിഗണിക്കാതിരിക്കുന്നത് വലിയ ക്രൂരതയാണ്.’ ശിവന്‍ കൂട്ടിച്ചേര്‍ത്തു.
പ്രളയാനുഭവങ്ങള്‍ നല്‍കുന്ന പാഠം
വയനാടിന്റെ പ്രളയാനുഭവങ്ങള്‍ നമുക്ക് പലവിധ സൂചനകള്‍ നല്‍കുന്നുണ്ട്. വിഭവങ്ങള്‍ക്ക് മേലുള്ള അധികാരത്തിലെ അനീതി ഒരു ഭൂമികയിലെ മനുഷ്യജീവിതത്തെ എത്രമേല്‍ കലുഷിതമാക്കുന്നു എന്നത് തന്നെയാണ് ഇവിടെ വ്യക്തമാകുന്നത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഒക്കെ അതിജീവിച്ച് തന്നെയാണ് ഇവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ഓരോ വര്‍ഷവും മഴക്കാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിലെ അഭയാര്‍ത്ഥികളായി മാറുകയാണവര്‍.
അടുത്ത മഴയ്ക്ക് മുന്നെ മാറ്റിപ്പാര്‍പ്പിക്കാമെന്ന അധികാരികളുടെ പൊള്ളയായ വാക്കുകള്‍ എല്ലാ വര്‍ഷവും അവര്‍ ക്യാമ്പുകളില്‍ നിന്ന് തിരിച്ചുവരേണ്ടിവരുന്നു. കേരളത്തിലെ പൊതുസമൂഹത്തിനെ സംബന്ധിച്ച് ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയം അപൂര്‍വങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന മഹാദുരന്തങ്ങളാണ് എങ്കിലും വയനാടിന്റെ മലമടക്കുകളിലും പുഴയോരങ്ങളിലും കഴിയുന്ന ആദിവാസികള്‍ക്ക് അവര്‍ വര്‍ഷാവര്‍ഷും അനുഭവിച്ചുകൊണ്ടേയിരിക്കുന്ന ദുരന്തമാണ് എന്നാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
വൈദേശികാധിപത്യകാലത്ത് തന്നെ ബ്രിട്ടീഷ് വനനിയമങ്ങളില്‍ പൊറുതിമുട്ടിയ ഗോത്രജനത മണ്ണിനും വനവിഭവങ്ങള്‍ക്കും വേണ്ടിയുള്ള സമരങ്ങള്‍ ആരംഭിച്ചിരുന്നു. കൊളോണിയല്‍ ഭരണകൂടങ്ങളുടെ വനമേഖലയിലേക്കുള്ള കടന്നുകയറ്റം, ഏകവിളത്തോട്ടങ്ങളുടെയും നാണ്യവിളകളുടെയും വ്യാപനം, വ്യാപകമായ വന്യജീവിവേട്ട, ഇവയെല്ലാം സാരമായി ബാധിച്ചിരുന്നത് വനത്തെ മാത്രം ആശ്രയിച്ചുപോന്ന ഗോത്രജനതയുടെ ജീവിതത്തെയാണ് എന്നതാണ് ചരിത്രം.
ഐക്യകേരള രൂപീകരണത്തിന് ശേഷവും ആദിവാസികളുടെ കാര്യത്തില്‍ കാര്യമായ മാറ്റുമുണ്ടായിട്ടുമില്ല. കുടിയേറ്റവും കയ്യേറ്റവും സാമൂഹ്യവനവത്കരണ പദ്ധതികളും വരേണ്യമാതൃകയിലുള്ള വനസംരക്ഷണ രീതികളും വിവിധ വികസന പദ്ധതികളും ഒക്കെയായി അവര്‍ വീണ്ടും വീണ്ടും ഓരങ്ങളിലേക്ക് തള്ളിമാറ്റപ്പെടുകയാണ് ചെയ്്തത്.
‘വരേണ്യമാതൃകയില്‍ സര്‍ക്കാറുകള്‍ നടപ്പാക്കിയ വികസനപദ്ധതികളും വയനാടന്‍ വിഭവങ്ങളെ ലക്ഷ്യം വെച്ച് ചുരം കയറിവന്ന നിക്ഷേപകരും ഇവിടുത്തെ മലകളെയും പുഴകളെയും കുന്നുകളെയും തകര്‍ത്തുകളഞ്ഞപ്പോള്‍ ഇല്ലാതാക്കപ്പെട്ടത് അവയുടെ ഓരങ്ങളിലെ മനുഷ്യരാണ്.
അവരാണ് എല്ലാ ദുരന്തങ്ങളുടെയും ആദ്യത്തെ ഇരകള്‍.’ ആദിവാസി ഭൂസമര പ്രവര്‍ത്തകന്‍ എം. ഗീതാനന്ദന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സമ്പദ്‌സമൃദ്ധമായ സംസ്‌കൃതികളോടു കൂടി ജീവിച്ചിരുന്ന ഗോത്ര വിഭാഗങ്ങളാണ് ഇന്ന് പുറമ്പോക്കുകളിലെയും പുഴയോരങ്ങളിലെയും അഭയാര്‍ത്ഥികളായി മാറിയത്. വയനാടന്‍ വനപ്രാന്തങ്ങളിലും മലവാരങ്ങളിലും ചാമയും മുതിരയും തൊണ്ടിയും വെളിയനും വിതച്ച് വിശാലമായ ഭൂമിയുടെ അധിപരായി കഴിഞ്ഞവരെ ഇന്നത്തെ ഈ സ്ഥിതിയിലേക്ക് തള്ളിവിട്ടത് വയനാടിന്റെ സാമൂഹികവും രാഷ്ട്രീയവുമായ നിരവധി പരിവര്‍ത്തനങ്ങളാണ്. അവയിലെ ചരിത്രപരമായ അനീതികളെ ചോദ്യം ചെയ്തുകൊണ്ട് മാത്രമേ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂവെന്നും ഗീതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.