| Saturday, 10th March 2018, 11:07 pm

കുറ്റം: ആദിവാസി കോളനിയിലേക്ക് റോഡു നിര്‍മ്മിക്കാനായി കുളിര്‍മാവിന്റെ കൊമ്പ് വെട്ടി; ശിക്ഷ: ആജീവനാന്തം കേസ്; വയനാട്ടിലെ ഗോവിന്ദന്റെ ദുരിതകഥ

നിമിഷ ടോം

ഗോവിന്ദന്റെ ആകെയുള്ള ഭൂമിയില്‍ നിന്നു പത്ത് സെന്റ് ജപ്തിചെയ്യാനൊരുങ്ങുകയാണ് റവന്യൂ വകുപ്പ്. അതിന് ഗോവിന്ദന്‍ ചെയ്ത തെറ്റ് 1993-ല്‍ കോളനിയിലേക്കുള്ള റോഡ് നിര്‍മ്മിക്കാന്‍ നടക്കവെ തടസമായി നിന്ന കുളിര്‍മാവിന്റെ ശിഖരം വെട്ടിമാറ്റി എന്നതാണ്. വയനാട് തലപ്പുഴക്കടുത്തുള്ള മക്കിയാട് പീടികക്കുന്ന് കോളനിയിലേക്കുള്ള റോഡ് കടന്നുപോകുന്നത് ഗോവിന്ദന്റെ സ്ഥലത്തുകൂടിയാണ്. റോഡിനായി സ്ഥലം ഉപാധികളൊന്നുമില്ലാതെ വിട്ടുകൊടുത്തതായിരുന്നു ഗോവിന്ദന്‍. എന്നാല്‍ റോഡ് പണിക്കിടെ ചാഞ്ഞുനിന്ന മരത്തിന്റെ ശിഖരം വെട്ടിമാറ്റിയപ്പോള്‍ ഗോവിന്ദന്‍ അറിഞ്ഞിരുന്നില്ല, അത് ഒരു മനുഷ്യായുസ്സ് മുഴുവന്‍ നീളുന്ന കേസ് ആകുമെന്ന്.

“റോഡ് പണി നടന്നുകൊണ്ടിരിക്കുമ്പോള്‍ ജെ.സി.ബിക്ക് മുന്നോട്ട് പോകാന്‍ തടസമായി കുളിര്‍മാവിന്റെ കൊമ്പ് നിന്നു. ഇതോടെ ജെ.സി.ബിക്കാരും കോണ്‍ട്രാക്ടറും പറഞ്ഞു അവര് പണി നിര്‍ത്തിപ്പോവുകയാണെന്ന്. അങ്ങനെ പണി തടസ്സപ്പെടരുതല്ലോ എന്ന് കരുതിയാണ് ഞാന്‍ ആ മരത്തിന്റെ ചാഞ്ഞ് നിന്ന കൊമ്പ് വെട്ടിമാറ്റിയത്. അത് മുറിക്കാന്‍ പറ്റില്ലാത്ത മരമായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു.”ഗോവിന്ദന്‍ പറയുന്നു. ഗോവിന്ദന്റെത് വനഭൂമിയല്ല. വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിക്കാന്‍ പാടില്ല എന്നാണ് നിയമം. കൈവശാവകാശ രേഖയും പട്ടയവുമുള്ളതാണ് പ്രസ്തുത ഭൂമി.

കുളിര്‍മാവ്,എടന പോലെയുള്ള വൃക്ഷങ്ങളുടെ തൊലി വനം വകുപ്പിന്റെ അനുവാദമില്ലാതെ വാണിജ്യ ആവശ്യത്തിന് ഉരിഞ്ഞ് കൊണ്ടുപോവാറുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടാല്‍ വനംവകുപ്പ് കേസെടുക്കുകയാണ് പതിവ്. വൃക്ഷം ഉണങ്ങിപ്പോകുന്നതിലാണ് ഇത്തരത്തില്‍ ചില പ്രത്യേക മരങ്ങള്‍ക്ക് നിയമ പിന്തുണയോടെ സംരക്ഷണം നല്‍കാറുള്ളത്. എന്നാല്‍, വാണിജ്യ താല്‍പര്യങ്ങളൊന്നും കാണാതെ വഴി നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ഗോവിന്ദന്‍ മരക്കൊമ്പ് വെട്ടിയത്. ഇത് പല തവണയായി അധികാരികളെ ബോധിപ്പിച്ചതുമാണെന്ന് ഗോവിന്ദന്‍ പറയുന്നു. എന്നാല്‍ കുളിര്‍മാവിന്റെ കൊമ്പ് വെട്ടിയ കുറ്റത്തിന് ഗോവിന്ദന്റെ മേല്‍ 9000 രൂപ പിഴ വിധിക്കപ്പെട്ടു.

2013 ല്‍ ആണ് കേസ് വീണ്ടും പ്രശ്നമാകുന്നത്. പിഴയായ 9000 രൂപയും പലിശയുമായി 20,081 രൂപ ഗോവിന്ദന്‍ അടയ്ക്കണം എന്ന് കാണിച്ച് റെവന്യു അധികൃതര്‍ നോട്ടീസയച്ചു. അല്ലാത്ത പക്ഷം തുകയ്ക്ക് സമാനമായ വിലയുള്ള ഭൂമി ജപ്തി ചെയ്യാനുള്ള നിലപാടിലാണ് അധികൃതര്‍. അന്ന് മുതല്‍ വില്ലേജ് ഓഫീസ്, ഭൂമിയുടെ നികുതി സ്വീകരിക്കുന്നില്ലെന്ന് ഗോവിന്ദന്‍ പറയുന്നു.

അരിവാള്‍ രോഗമാണ് ഗോവിന്ദന്റെ ഭാര്യയ്ക്ക്. മാസംതോറുമുള്ള മരുന്നിന് പോലും കഷ്ടപ്പെടുന്ന കുടുംബത്തിന് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസും പിഴയും ഇടിത്തീ പോലെയാണെന്ന് ഗോവിന്ദന്റെ മകളും പറയുന്നു. അറുപത്തഞ്ചുകാരനായ ഗോവിന്‍ന്‍ വാര്‍ധക്യ സഹജമായ രോഗങ്ങള്‍ കാരണം കൂലിപ്പണിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. കേസിനെ എങ്ങനെയെങ്കിലും മറികടക്കണമെന്ന ആഗ്രഹത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഗോവിന്ദന്‍.

നിമിഷ ടോം