വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന്റെ പ്രാരംഭ നിർമാണം ആരംഭിച്ച ഭൂമിയിൽ ഇന്നുമുതൽ സത്യാഗ്രഹ സമരം നടത്താൻ ഒരുങ്ങി തൊഴിലാളികൾ. എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളാണ് സമരം ചെയ്യുന്നത്.
സി.ഐ.ടി.യു ഉൾപ്പെടെയുള്ള സംയുക്ത ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെയാണ് സത്യാഗ്രഹ സമരം നടത്തുന്നത്. ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും നൽകാതെ ടൗൺഷിപ്പ് നിർമാണം നടത്തുന്നതിലാണ് തൊഴിലാളികളുടെ പ്രതിഷേധം. ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ സമരത്തിലേയ്ക്ക് കടക്കുമെന്നാണ് തൊഴിലാളികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അതേസമയം ടൗൺഷിപ്പിനായുള്ള നിർമാണ പ്രവർത്തനങ്ങൾ ഇന്നലെയാണ് ആരംഭിച്ചത്. വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് എൽസ്റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമി ഏറ്റെടുക്കാമെന്നും ഇതിനായി 17 കോടി രൂപകൂടി സർക്കാർ കെട്ടിവയ്ക്കണമെന്നും ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
നേരത്തേ കെട്ടിവച്ച 26.51 കോടി രൂപക്ക് പുറമേയാണിത്. എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന മാതൃകാ ടൗൺഷിപ്പിനുള്ള ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് വയനാട് ജില്ലാ കളക്ടർ ഭൂമി ഏറ്റെടുത്തത്. കൽപ്പറ്റ വില്ലേജ് ബ്ലോക്ക് 19 റീ സർവ്വേ നമ്പർ 88 ൽ 64.4705 ഹെക്ടർ ഭൂമിയും കുഴിക്കൂർ ചമയങ്ങളും ഏറ്റെടുത്താണ് സർക്കാർ ബോർഡ് സ്ഥാപിച്ചത്.
കോടതിയുടെ ഇടക്കാല നിർദേശപ്രകാരം സർക്കാർ നിശ്ചയിച്ച 26.51 കോടി ഹൈക്കോടതിയിൽ കെട്ടിവച്ച് ടൗൺഷിപ്പിൻ്റെ നിർമാണ ഉദ്‌ഘാടനം നടത്താൻ നേരത്തേ അനുമതി നൽകിയിരുന്നു. എന്നാൽ ഏറ്റെടുക്കുന്ന 78.73 ഹെക്ടർ ഭൂമിക്ക് 549 കോടി മൂല്യമുണ്ടെന്നും നഷ്ടപരിഹാരം ന്യായമല്ലെന്നുമാണ് എൽസ്റ്റണിൻ്റെ വാദം.
Content Highlight: Wayanad Township; Estate workers to strike from today on land where initial construction work is underway