കൽപ്പറ്റ: കൊവിഡ് ഉയർത്തിയ പ്രതിസന്ധിയിൽ വലിയ തകർച്ച നേരിടുകയാണ് വയനാട്ടിലെ ടൂറിസം മേഖല. നിപ്പ, പ്രളയം തുടങ്ങിയ കാരണങ്ങളാൽ തുടർച്ചയായ മൂന്ന് സീസണുകളാണ് വയനാട്ടിലെ ടൂറിസം മേഖലയ്ക്ക് നഷ്ടമായിരിക്കുന്നത്. സാധാരണ ജീവിതത്തിലേക്ക് ലോകം എന്ന് നടന്നടുക്കുമെന്നറിയാത്ത ഈ പ്രത്യേക സാഹചര്യത്തിൽ ഏറ്റവും അവസാനഘട്ടം വരെയും പ്രതിസന്ധി നിലനിൽക്കുന്ന മേഖല ആയതുകൊണ്ട് തന്നെ ഏറെ ആശങ്കയിലാണ് വയനാട്ടിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെന്ന് കൽപ്പറ്റയിലെ ഹോട്ടൽ ഇന്ദ്രിയയുടെ ജനറൽ മാനേജരായ സജിമോൻ ഡൂൾ ന്യൂസിനോട് പറഞ്ഞു.
റിസോർട്ടുകൾ, റസ്റ്റോറന്റുകൾ, ഹോം സ്റ്റേകൾ, ചെറുകിട വ്യാപാരികൾ, ലോണ്ടറികൾ, ടൂർ ഓപ്പറേറ്റർമാർ തുടങ്ങി പലവിധ ബിസിനസ് സ്ഥാപനങ്ങളെയും, ഇവിടങ്ങളിൽ ജോലി ചെയ്യുന്ന നിരവധി ജീവനക്കാരെയും ഇതിനോടകം തന്നെ പ്രതിസന്ധി ബാധിച്ചു കഴിഞ്ഞുവെന്ന് ഈ മേഖലകളിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
“മാർച്ച് മാസത്തിൽ തന്നെ ഹോട്ടലുകൾ ഭാഗികമായി പ്രവർത്തനം അവസാനിപ്പിക്കേണ്ട അവസ്ഥ വന്നിരുന്നു. ലോക്ക് ഡൗൺ കൂടി ഏർപ്പെടുത്തിയതോടെ സംസ്ഥാനത്തെ ഹോട്ടൽ മേഖല അക്ഷരാർത്ഥത്തിൽ സ്തംഭിക്കുകയായിരുന്നു. നിലവിൽ ഒരു വരുമാനവും ഹോട്ടലിൽ നിന്ന് ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. ഏറ്റവും അവസാനം കരകയറുക ടൂറിസം മേഖല ആയതുകൊണ്ട് തന്നെ ഈ അവസ്ഥ എന്ന് അവസാനിക്കുമെന്ന് അറിയില്ല. പല ഹോട്ടലുകളിലും ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. അന്താരാഷ്ട്ര ടൂറിസ്റ്റുകളെ അടുത്തകാലത്ത് ഒന്നും പ്രതീക്ഷിക്കേണ്ട സാഹചര്യമില്ല. കേരളം കൊവിഡ് പ്രതിരോധത്തിൽ മികച്ച മാതൃകകൾ സൃഷ്ടിച്ച സാഹചര്യത്തിൽ ഈ ഘട്ടം അവസാനിച്ചാൽ വയനാട്ടിലേക്കുള്ള ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലെങ്കിലും വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്തംബറിൽ അടുത്ത സീസണിൽ എങ്കിലും ആളുകൾ എത്തുമെന്നാണ് കരുതുന്നത്. അതിനിടയിൽ പ്രളയം കൂടിയുണ്ടായാൽ സാഹചര്യം വീണ്ടും മോശമാകും”. സജിമോൻ പറഞ്ഞു.
ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയവ പ്രതിസന്ധിയിൽ ആയതോടെ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി ജീവനക്കാർക്ക് വലിയ രീതിയിൽ തൊഴിൽ നഷ്ടം ഉണ്ടായിട്ടുണ്ട്.
സർക്കാർ ശമ്പളം എല്ലാവർക്കും കൊടുക്കണമെന്നൊക്കെ പറയുന്നുണ്ട്. പക്ഷേ ഞങ്ങൾക്ക് ശമ്പളം നഷ്ടമായിട്ട് രണ്ട് മാസം പിന്നിടുന്നു. ഹോട്ടലുകൾ ഇനി എന്നാണ് തുറന്ന് പ്രവർത്തിക്കുക എന്ന് അറിയില്ല. പ്രവർത്തിച്ചാൽ തന്നെ ജീവനക്കാരിൽ പലർക്കും തൊഴിൽ ഉണ്ടാവില്ല എന്നാണ് അറിയാൻ കഴിയുന്നത്. തൊഴിൽ നിയമത്തിന്റെ പരിരക്ഷയിൽ ഒന്നും ഉൾപ്പെടാത്ത ആളുകൾ ആയതുകൊണ്ട് തന്നെ ഞങ്ങളെ പിരിച്ചുവിടുന്നതിലും തടസ്സം ഉണ്ടാകില്ല. സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ ഒന്നും പട്ടികയിൽ ഉൾപ്പെടാത്ത ആളുകൾ കൂടിയാണ് ഞങ്ങൾ. മാർച്ച് മാസം മുതൽ റിസോർട്ടുകളിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ജീവനക്കാർക്കും ശമ്പളവും തൊഴിലിലും ഇല്ലാത്ത അവസ്ഥയിലാണ് ഉള്ളത്. കടുത്ത പ്രതിസന്ധിയിലൂടെയാണ് ഞങ്ങൾ പോകുന്നത്. ബത്തേരിയിലെ ഒരു ഹോട്ടലിൽ ഹൗസ് കീപ്പിങ്ങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത യുവതി പറഞ്ഞു.
പ്രധാനമായും റിസോർട്ടുകളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ലോണ്ടറികളിലേക്കും ഈ പ്രതിസന്ധി വ്യാപിച്ചിട്ടുണ്ട്.
ഞങ്ങൾ പ്രധാനമായും റിസോർട്ടുകളിലെ ലോണ്ടറി വർക്കുകൾ ചെയ്തു കൊടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ റിസോർട്ടുകളിൽ ആളുകൾ എത്താതെ ആയതോടെ ബിസിനസ് പൂർണമായും നിലച്ച അവസ്ഥയിലാണ് ഉള്ളതെന്ന് വയനാട്ടിലെ അറോറ ലോണ്ടറി ഉടമയായ അഷിം ഡൂൾ ന്യൂസിനോട് പറഞ്ഞു.
ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയതോടെ ടാക്സി സർവ്വീസുകൾ പുനരാരംഭിക്കാൻ സാധിച്ചുവെങ്കിലും ടൂറിസം മേഖല ശക്തി പ്രാപിക്കുന്നത് വരെ ടാക്സി സർവ്വീസുകളിലും വലിയ കുറവ് തന്നെ ഉണ്ടാകുമെന്ന് ടാക്സി ഡ്രൈവർമാരും പറയുന്നു.
ടൂറിസം മേഖല പൂർണമായും തളർന്നു കിടക്കുകയാണെന്നും പ്രതിസന്ധി ദീർഘകാലം നീണ്ടുനിൽക്കുമെന്നും വയനാട് ജില്ലാ ടൂറിസ്റ്റ് ഗൈഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഡൂൾ ന്യൂസിനോട് പറഞ്ഞു.
“ഒരു ഏകദേശ കണക്ക് പ്രകാരം ആറ് മാസത്തിന് മുകളിലെങ്കിലും ഈ മേഖല കരകയറാൻ പിടിക്കുകമായിരിക്കും. ടൂറിസം ഡിപ്പാർട്ട്മെന്റ് പ്രധാനമായും ആലോചിക്കുന്നത് കേരളത്തിനകത്തുള്ള ടൂറിസം പ്രമോട്ട് ചെയ്യാനാണ്. അത് അത്രത്തോളം പ്രാക്ടിക്കൽ അല്ല. വയനാട്ടിൽ പ്രധാനമായും ചെന്നൈ, ബെംഗളുരു തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള ആളുകളാണ് എത്താറ്. മറ്റ് മേഖലകൾ പതിയെ ഉണർവ്വിലേക്ക് വന്നെങ്കിലും ടൂറിസം മേഖല ഇനിയും ഏറെ കാലം അടഞ്ഞു തന്നെ കിടക്കേണ്ടി വരുമെന്നാണ് ഇപ്പോഴത്തെ സ്ഥിതിയിൽ മനസിലാക്കേണ്ടത്.
ഈ മേഖലയെ ആശ്രയിച്ച് പ്രത്യക്ഷമായും പരോക്ഷമായും ജീവിക്കുന്ന നിരവധി ആളുകളെ ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ടൂറിസ്റ്റ് ഗൈഡ്മാർക്ക് കടുത്ത പ്രതിസന്ധിയാണ് ഇനിയങ്ങോട്ട് നേരിടേണ്ടി വരിക. വയനാട്ടിൽ നേരത്തെ കാർഷിക മേഖലയായിരുന്നു നട്ടെല്ലെങ്കിൽ ഇപ്പോഴത് മാറി ടൂറിസം മേഖലയിലേക്ക് വന്നു. അതുകൊണ്ട് തന്നെ നിരവധി ആളുകൾ ഈ മേഖലയിലേക്ക് ഇൻവെസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇവരെല്ലാം ഇപ്പാേൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്”. സുബൈർ പറഞ്ഞു. കൊവിഡ് ഏതെങ്കിലും ഒരു പ്രത്യേക മേഖലയെ മാത്രം ബാധിച്ച വിഷയമാണെങ്കിൽ അവിടെ നിന്നുള്ള ആളുകൾ എത്തില്ല എന്ന് കരുതാം. ഇത് അത്തരത്തിൽ അല്ല ലോകത്തെ ആകമാനം ബാധിച്ച വിഷയം ആണ് എന്നതിനാൽ സമയം എടുത്ത് തന്നെ ശരിയാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡിന് മുൻപുള്ള ലോകവും, കൊവിഡിന് ശേഷമുള്ള ലോകവും തികച്ചും വ്യത്യസ്തമാണ്. ഇതുപോലെ തന്നെയാണ് കൊവിഡിന് മുമ്പുള്ള ടൂറിസവും കൊവിഡിന് ശേഷമുള്ള ടൂറിസവുമെന്ന് വയനാട് ഡിസ്ട്രിക്റ്റ് ടൂറിസം പ്രമോഷണൽ കൗൺസിൽ സെക്രട്ടറി ആനന്ദ്.ബി ഡൂൾ ന്യൂസിനോട് പറഞ്ഞു.
“ആരോഗ്യപരമായി നിൽക്കുന്ന മേഖലയിലേക്ക് ആളുകളെത്തുന്ന പ്രവണതയാണ് ഇനി ടൂറിസം മേഖലയിൽ കാണാൻ സാധിക്കുക. അതുകൊണ്ട് തന്നെ നമുക്ക് എങ്ങിനെ ആളുകളുടെ ട്രാവൽ ഡെസ്റ്റിനേഷൻ സുരക്ഷിതമാക്കാം എന്നതാണ് പ്രധാനം. അതിനുപുറമേ ഇവിടെ താമസിക്കുന്ന ആളുകളുടെ സുരക്ഷിതത്വവും കരുതണം”. അദ്ദേഹം പറഞ്ഞു.
“കൊവിഡ് കേരളത്തിന്റെ ടൂറിസം മേഖലയെ മൊത്തമായി തന്നെ ബാധിച്ച വിഷയം ആയതുകൊണ്ട് വയനാടിന് മാത്രമായ സ്ട്രാറ്റജി അല്ല ഇപ്പോൾ ആലോചിച്ച് വരുന്നത്. കേരളം കാണാം എന്ന തരത്തിൽ കേരളത്തിന് മൊത്തമായ രീതിയിൽ ഒരു പദ്ധതിയാണ് ടൂറിസം ഡിപ്പാർട്ട്മെന്റ് ആലോചിക്കുന്നത്. പദ്ധതിയുടെ അന്തിമരൂപം ഇതുവരെ ആയിട്ടില്ല.
ടൂറിസത്തിന്റെ ഓപ്പറേഷൻ സ്ട്രാറ്റജിയിലും, വ്യക്തിശുചിത്വത്തിലും, സാമൂഹ്യ സുരക്ഷിതത്വത്തിലുമെല്ലാം ഊന്നൽ നൽകിയേ ടൂറിസം മേഖലയ്ക്കും പ്രവർത്തിക്കാൻ സാധിക്കൂ. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രയാസം അനുഭവിക്കുന്ന ആളുകളെ സഹായിക്കാൻ സർക്കാർ പദ്ധതികൾ കൊണ്ടുവരും” അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ പ്രധാന വരുമാന ശ്രോതസ്സുകളിലൊന്നായ ടൂറിസം മേഖലയിൽ തകർച്ച നേരിട്ടാൽ അത് സംസ്ഥാനത്തിന്റെ വരുമാനത്തെയും പ്രതികൂലമായി ബാധിക്കും. കണക്കുകൾ പ്രകാരം 45,010.69 കോടി രൂപയുടെ വരുമാനമാണ് കേരളത്തിന് ടൂറിസം മേഖലയിൽ നിന്ന് 2019ൽ ലഭിച്ചത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ സന്ദർശനത്തിൽ 17.81 ശതമാനത്തിന്റെയും, അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 8.52 ശതമാനത്തിന്റെയും വർധയുണ്ടായിട്ടുണ്ടായിട്ടുണ്ട്. എന്നാൽ ടൂറിസം മേഖലയ്ക്ക് 15000 കോടി രൂപയുടെ നഷ്ടമാണ് ലോക്ക് ഡൗണിൽ ഉണ്ടായിരിക്കുന്നത് എന്ന് ടൂറിസം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. കൊവിഡ് പ്രതിസന്ധി അവസാനിച്ചുകഴിഞ്ഞാൽ മേഖലയ്ക്ക് വേണ്ടി പ്രത്യേക ഉത്തേജന പാക്കേജുകൾ നടപ്പിലാക്കേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക