| Tuesday, 23rd April 2019, 4:16 pm

കേരളം വീണ്ടും ഭൂസമരത്തിലേക്ക്; തൊവരിമലയിലെ വനഭൂമിയില്‍ കുടില്‍കെട്ടി ഭൂരഹിതര്‍

ജിതിന്‍ ടി പി

വയനാട്ടില്‍ ഭൂരഹിതര്‍ വനഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചു. വനംവകുപ്പിന് കീഴിലുള്ള മിച്ചഭൂമി ഹാരിസണിന് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെയാണ് ആയിരക്കണക്കിന് ഭൂരഹിതര്‍ ബത്തേരിക്ക് സമീപം തൊവരിമല ഹാരിസണ്‍ മലയാളം പ്ലാന്റേഷനോട് ചേര്‍ന്ന വനഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്. സി.പി.ഐം.എം.എല്‍ റെഡ് സ്റ്റാര്‍, ആള്‍ ഇന്ത്യാ ക്രാന്തികാരി കിസാന്‍ സഭാ, ഭൂസമരസമിതി, ആദിവാസി ഭാരത് മഹാസഭ തുടങ്ങിയവര്‍ സംയുക്തമായാണ് സമരം ചെയ്യുന്നത്.

ഭൂരഹിതര്‍ക്ക് രണ്ടേക്കര്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്ന് ഏറ്റെടുത്ത 106 ഹെക്ടര്‍ സ്ഥലമാണ് വനംവകുപ്പിന് തൊവരിമലയിലുള്ളത്.

വര്‍ഷങ്ങളായി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാത്ത വനഭൂമി ഹാരിസണിന് കൈമാറാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നുവെന്ന് അറിഞ്ഞതോടെയാണ് സമരവുമായി രംഗത്തിറങ്ങിയതെന്ന് സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ കേന്ദ്രസമിതി അംഗം എം.പി കുഞ്ഞിക്കണാരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ആയിരത്തോളം പേര്‍ തൊവരിമലയില്‍ അവകാശം സ്ഥാപിച്ചുകൊണ്ട് സമരം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 21-ാം തിയതി 2 മണിക്കാണ് സമരം ആരംഭിച്ചത്. ബത്തേരി താലൂക്കിലുള്ള പത്തിലധികം പഞ്ചായത്തുകളില്‍പ്പെടുന്ന ആദിവാസികളായ ഭൂരഹിതരാണ് സമരത്തിന് ഇറങ്ങിയിരിക്കുന്നത്.’ എം.പി കുഞ്ഞിക്കണാരന്‍ പറയുന്നു.

1970 ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിക്കൊണ്ട് ഹാരിസണില്‍ നിന്ന് ഏറ്റെടുത്ത ഭൂമിയാണ് ഇത്. 5500 ഏക്കര്‍ ഭൂമിയാണ് ബത്തേരി, വൈത്തിരി താലൂക്കുകളിലായി ഉള്ളത്. ഈ ഭൂമിയില്‍ വനംവകുപ്പിനെ കസ്റ്റോഡിയനാക്കി ചുമതലയേല്‍പ്പിക്കുകയായിരുന്നു.

നിക്ഷിപ്ത വനഭൂമി നിയമപ്രകാരം 50 ശതമാനം മിച്ചഭൂമി ആദിവാസികള്‍ക്കും 30 ശതമാനം ഭൂരഹിതര്‍ക്കും 20 ശതമാനം മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. എന്നാല്‍ 40 വര്‍ഷമായിട്ടും ഈ ഭൂമി ആദിവാസകള്‍ക്കോ ഭൂരഹിതര്‍ക്കോ വിട്ടുകൊടുത്തിട്ടില്ലെന്ന് കുഞ്ഞിക്കണാരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഹാരിസണും സര്‍ക്കാരും തമ്മില്‍ കേസ് നിലവിലുണ്ട്. വനംവകുപ്പിന്റെ കസ്റ്റോഡിയനില്‍ സര്‍ക്കാരിന്റെ കൈവശത്തില്‍ തന്നെ ഭൂമി നിലനിര്‍ത്തുക എന്നതായിരുന്നു ഹൈക്കോടതിയില്‍ നിന്ന് അവസാനമായി വന്ന നോട്ടിഫിക്കേഷന്‍. എന്നാല്‍ പിന്നീട് ഹാരിസണിന് അനുകൂലമായിട്ട് കോടതി ഉത്തരവ് ഇറക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഹാരിസണിന് അനുകൂലമായി നടപടി സ്വീകരിക്കുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.’

1970 ലേറ്റെടുത്ത ഭൂമിയ്ക്ക് മുന്‍പുള്ള സര്‍വേ നമ്പരില്‍ നികുതി അടയ്ക്കാന്‍ ഹാരിസണിനോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നും കുഞ്ഞിക്കണാരന്‍ ആരോപിക്കുന്നു.

ഈയൊരു സാഹചര്യത്തിലാണ് കോടതിയില്‍ നിന്ന് അനുകൂലവിധി ഹാരിസണിന് സമ്പാദിക്കാനായതെന്നാണ് അറിയാന്‍ കഴിഞ്ഞത്. നിയമപരമല്ലാതെ 5500 കണക്കിന് ഏക്കര്‍ ഭൂമി ഹാരിസണ്‍ കൈവശം വെക്കുന്നുണ്ട്. ഇതിന് പുറമെ ഈ ഭൂമി കൂടി തിരികെ അവര്‍ക്ക് കൊടുക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തിലാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി നിരന്തരം സമരം നടത്തുന്ന ഭൂസമരസമിതി പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ആറ് ദിനം നീണ്ടുനില്‍ക്കുന്ന ഒരു മാര്‍ച്ച് ഭൂസമരസമിതി നടത്തിയിരുന്നു.

ജില്ലയില്‍ 17 ശതമാനം വരുന്ന ആദിവാസികളും ഭൂരഹിതരാണെന്നും വളരെ ദുഷ്‌കരമായ സാഹചര്യത്തില്‍ ജീവിക്കുന്ന ഇവര്‍ക്ക് മരിച്ചാല്‍ മൃതശരീരം മറവ് ചെയ്യാനുള്ള ഭൂമിയ്ക്ക് പോലും അലയേ്ണ്ട അവസ്ഥയാണെന്നും സമരസമിതി നേതാക്കള്‍ പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വനഭൂമി കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് തീറെഴുതി കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം.

വനംവകുപ്പ് അധികൃതര്‍ സമരഭൂമിയില്‍ കടന്നുവരികയും സമരത്തിലുള്ളവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നും കുഞ്ഞിക്കണാരന്‍ പറയുന്നു. കുടില്‍കെട്ടിയ സ്ഥലത്ത് സമരം തുടരുമെന്നും കൃഷി തുടങ്ങുമെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു. സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത് കുമാറിന്റെ നേതൃത്വത്തില്‍ സമരക്കാരുമായി സംസാരിച്ചെങ്കിലും അനുകൂലതീരുമാനമുണ്ടാകും വരെ സമരം തുടരാനാണ് സമരസമിതി തീരുമാനം.

തൊവരിമലയുടെ ചരിത്ര പ്രാധാന്യം

ചരിത്രപരമായി ഒരുപാട് പ്രാധാന്യമുള്ള സ്ഥലമാണ് തൊവരിമല. എടയ്ക്കല്‍ ഗുഹയുടെ അത്രതന്നെ പ്രാചീനം അവകാശപ്പെടാവുന്ന, 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ലിപികളും ചിത്രങ്ങളും ചിഹ്നങ്ങളുമെല്ലാം ആലേഖനം ചെയ്ത പാറകള്‍ ഇവിടെ പല സ്ഥലത്തും കാണാം. 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വയനാട്ടില്‍ ആദിമനിവാസികളുടെ വാസസ്ഥലമായിരുന്നു ഇവിടം എന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് കുഞ്ഞിക്കണാരന്‍ പറയുന്നു.

എടക്കല്‍ ഗുഹാ ചിത്രങ്ങളോളം തന്നെ പഴക്കമുള്ളതും അവയോട് അടുത്ത സാദൃശ്യം പുലര്‍ത്തുന്നതുമായ ശിലാ ചിത്രങ്ങളാണ് ഇവിടെയുള്ളത്. അന്നത്തെ ഈ വനമേഖലയാകെ കോട്ടയം രാജ വംശത്തിന്റെ പിടിയിലാവുകയും കൊളോണിയല്‍ ശക്തികളുടെ ആഗമനത്തോടെ പഴശ്ശി കലാപത്തിന് ശേഷമാണ് തദ്ദേശീയരായ ആദിവാസി ജനവിഭാഗങ്ങളെ തുരത്തി തോട്ടങ്ങള്‍ വിദേശതോട്ടം കമ്പനികള്‍ തോട്ടങ്ങള്‍ സ്ഥാപിക്കുന്നത്.

തൊവരിമല എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന ഈ ഭൂമി കമ്പനി വിറക് തോട്ടമായി മാറ്റിനിര്‍ത്തിയതായിരുന്നു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നെന്മേനി പഞ്ചായത്തിലാണ് എടക്കല്‍ ഗുഹയില്‍ നിന്നും വെറും 4 കി.മിറ്റര്‍ മാത്രം അകലത്തുള്ള തൊവരിമല ഭൂമി.

WATCH THIS VIDEO:

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more