'നല്‍കിയ വാഗ്ദാനം നടപ്പാക്കാന്‍ ഇപ്പോഴും തയ്യാര്‍'; വയനാട് ദുരിതാശ്വാസത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് സിദ്ധരാമയ്യ
Kerala News
'നല്‍കിയ വാഗ്ദാനം നടപ്പാക്കാന്‍ ഇപ്പോഴും തയ്യാര്‍'; വയനാട് ദുരിതാശ്വാസത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th December 2024, 3:02 pm

ബെംഗളൂരു: വയനാട് മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള ദുരിതാശ്വാസത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

ദുരന്ത ബാധിതരായ 100 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് സിദ്ധരാമയ്യ കത്തയച്ചത്. കേരള സര്‍ക്കാരില്‍ നിന്ന് കര്‍ണാടക സര്‍ക്കാരിന് മറുപടി ഒന്നും ലഭിച്ചില്ലെന്ന് സിദ്ധരാമയ്യ അയച്ച കത്തില്‍ പറയുന്നുണ്ട്.

കേരളത്തിന്റെയും കര്‍ണാടകയുടെയും ചീഫ് സെക്രട്ടറിമാര്‍ തമ്മില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. വീടുകള്‍ നിര്‍മിക്കാനുള്ള സ്ഥലം കണ്ടെത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം അറിയിക്കുമെന്നും കേരളം കര്‍ണാടക സര്‍ക്കാരിനോട് പറഞ്ഞിരുന്നു.

എന്നാല്‍ നിലവില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടാണ് സിദ്ധരാമയ്യ വയനാട് ദുരിതാശ്വാസത്തില്‍ കത്തെഴുതിയിരിക്കുന്നത്. വാഗ്ദാനം നടപ്പാക്കാന്‍ ഇപ്പോഴും തയ്യാറെന്നും സിദ്ധരാമയ്യ അറിയിച്ചു.

നേരത്തെ വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ കേരളത്തിലേക്ക് മൂന്ന് ഐ.എ.എസ് ഓഫീസര്‍മാരെ അയച്ചിരുന്നു.

സിദ്ധരാമയ്യയുടെ കത്തിന് പിന്നാലെ കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖ് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്നത് മനുഷ്യത്വപരമായ നീക്കമാണ്. സംസ്ഥാന സര്‍ക്കാരാണെങ്കില്‍ ലഭ്യമായ സ്‌പോണ്‍സര്‍മാരെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നില്ലെന്നും ടി. സിദ്ദിഖ് പറഞ്ഞു.

മുഴുവന്‍ സ്‌പോണ്‍സേഴ്സിനെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഉപമുഖ്യമന്ത്രി എന്നിവരുമായി കൂടിയാലോചന നടത്തുമെന്ന് പറഞ്ഞിരുന്നതായും ടി. സിദ്ദിഖ് പ്രതികരിച്ചു.

അതേസമയം വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളം കൃത്യമായ കണക്കുകള്‍ സമര്‍പ്പിക്കാത്തതിനാലാണ് സംസ്ഥാനത്തിന് ആവശ്യമായ ധനസഹായം ലഭിക്കാത്തതെന്ന കേന്ദ്രത്തിന്റെ വാദം മുഖ്യമന്ത്രി തള്ളിയിരുന്നു. ദുരന്ത സഹായം നല്‍കുന്നതില്‍ നിന്ന് ഒളിച്ചോടുകയാണ് കേന്ദ്രം ചെയ്തതെന്നും അദ്ദേഹം ഇന്നലെ (തിങ്കളാഴ്ച) വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കേന്ദ്രം പ്രത്യേക സഹായമായി ഒരു രൂപ പോലും നല്‍കിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രധാനമന്ത്രി ദുരന്തസമയത്ത് കേരളം സന്ദര്‍ശിച്ചപ്പോള്‍ തന്നെ കേരളത്തിന്റെ ആവശ്യം ബോധിപ്പിച്ചതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ഓഗസ്റ്റ് പത്തിന് പ്രധാനമന്ത്രി എത്തിയപ്പോള്‍ തന്നെ ഇനം തിരിച്ച് വിശദമായ മെമ്മോറാണ്ടം നല്‍കിയതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് 100 ദിവസം കഴിഞ്ഞിട്ടും പ്രത്യേക സഹായം കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Wayanad Relief; Karnataka Chief Minister sent a letter to the Chief Minister Pinarayi Vijayan