| Thursday, 12th September 2024, 10:48 am

വയനാട് ദുരിതാശ്വാസം; യൂത്ത് കോണ്‍ഗ്രസ് നേതാവ് പണം വകമാറ്റിയെന്ന പരാതി ശരിവെച്ച് ഡി.സി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതാശ്വാസത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പണം വകമാറ്റിയെന്ന പരാതി ശരിവെച്ച് അന്വേഷണ കമ്മിറ്റി. പണം വകമാറ്റിയെന്ന പരാതിയില്‍ അന്വേഷണം നടത്തിയ ഡി.സി.സി നേതാക്കള്‍ ആരോപണം ശരിവെക്കുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി.എം. അനസിനെതിരെയാണ് പരാതി ഉയര്‍ന്നത്. നിലവില്‍ അനസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തതായി ചേളന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു.

ഡി.സി.സി ഭാരവാഹികള്‍ പരാതി ശരിയാണെന്ന് അറിയിക്കുകയും കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ശുപാര്‍ശ നല്‍കിയതായും കോണ്‍ഗ്രസ് ചേളന്നൂര്‍ മണ്ഡലം പ്രസിഡന്റായ എം.എം. ഖാദര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് ചേളന്നൂര്‍ മണ്ഡലം പ്രസിഡന്റ് ദിവാനന്ദാണ് പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ചേളന്നൂര്‍ യൂത്ത് കോണ്‍ഗ്രസില്‍ ഭിന്നത രൂപപ്പെട്ടിരുന്നു.

പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് പ്രസ്തുത പരാതിയെന്ന് വൈസ് പ്രസിഡന്റ് അശ്വിന്‍ അന്നേദിവസം പ്രതികരിച്ചിരുന്നു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി സനൂജ് കുരുവട്ടൂരിന്റെ പേരില്‍ പിരിവ് നടത്തി പണം വകമാറ്റിയെന്നായിരുന്നു പരാതി.

പി.എം. അനസിന് പുറമെ അശ്വിനെതിരെയും പ്രസിഡന്റ് ദിവാനന്ദ് പരാതി നല്‍കിയിരുന്നു. വിവാദം ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകള്‍ ഏറ്റെടുത്തതോടെ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചലഞ്ചുകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മൂന്ന് നേതാക്കള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. എന്നാല്‍ നിലവില്‍ പി.എം. അനസിനെതിരെ മാത്രമാണ് അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്.

അതേസമയം സംഭവം വിവാദമായതോടെ പരാതി വ്യാജമെന്ന കുറിപ്പുമായി മണ്ഡലം പ്രസിഡന്റ് രംഗത്തെത്തുകയും ചെയ്തിരുന്നു.
ആരോപണം സത്യമെന്ന് തെളിഞ്ഞാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് വൈസ് പ്രസിഡന്റ് അശ്വിന്‍ എടവലത്തും വ്യക്തമാക്കിയിരുന്നു.

Content Highlight: Wayanad Relief; DCC upheld the complaint that Youth Congress leader diverted money

We use cookies to give you the best possible experience. Learn more