വയനാട് പുനരധിവാസം; സര്‍ക്കാരിന് ആശ്വാസം; ടൗണ്‍ഷിപ്പിനായി എസ്റ്റേറ്റ് ഭൂമി നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി 
Kerala News
വയനാട് പുനരധിവാസം; സര്‍ക്കാരിന് ആശ്വാസം; ടൗണ്‍ഷിപ്പിനായി എസ്റ്റേറ്റ് ഭൂമി നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി 
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th December 2024, 11:09 am

കൊച്ചി: വയനാട് ദുരന്തത്തില്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്‌റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.

ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഭൂമി പണം നല്‍കി ഏറ്റെടുക്കാമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഒരേസമയം സര്‍ക്കാരിനും ദുരിത ബാധിതര്‍ക്കും ആശ്വാസം പകരുന്ന ഉത്തരവാണ് ഹൈക്കോടതിയുടേത്.

നാളെമുതല്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാരിന് ആരംഭിക്കാമെന്ന് കോടതി പറഞ്ഞു. നിയമപ്രകാരമുള്ള നഷ്ടപരിഹാരത്തുക എസ്റ്റേറ്റ് ഉടമകള്‍ക്ക് നല്‍കണമെന്നും ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ സര്‍ക്കാരിന് ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കണമെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. ഭൂമിയുടെ വിലയുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് ഉടമകള്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ കേസുമായി മുന്നോട്ട് പോകാമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹാരിസണ്‍ മലയാളം ലിമിറ്റഡ്, എല്‍സ്റ്റണ്‍ എന്നീ കമ്പനികളാണ് ഹൈക്കോടതിയെ സമീപിച്ചത്. 127.11 ഹെക്ടര്‍ ഭൂമിയാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

അതേസമയം പുനരധിവാസത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പ്രതികരിച്ചു. ഈ വിഷയത്തില്‍ യാതൊരു താമസവും വരുത്തിയിട്ടില്ലെന്നും അക്കാര്യം കോടതി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

ദുരന്ത ബാധിതരുടെ അഭ്യര്‍ത്ഥന പ്രകാരം എല്ലാവരേയും ഒരുമിച്ച് താമസിപ്പിക്കാനുള്ള ഒരു ടൗണ്‍ഷിപ്പ് ആണ് സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ചെയ്തിരുന്നത്. ഇതിനായി ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം നിരവധി പ്രദേശങ്ങള്‍ പരിശോധിച്ചതിന് ശേഷം 25 പ്രദേശങ്ങള്‍ തെരഞ്ഞെടുത്തതെന്നും അതില്‍ നിന്ന് വിവിധ പഠനങ്ങള്‍ നടത്തിയതിന് ശേഷമാണ് രണ്ട് എസ്റ്റേറ്റുകള്‍ അന്തിമമായി തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റുമാണ് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിനായി തെരഞ്ഞെടുത്തത്. ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നില്ല. അതിനാല്‍ കാലതാമസം ഇല്ലാതെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ കോടതിയെ ബോധ്യപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.

Content Highlight: Wayanad Rehabilitation; Relief to the government; High Court says can acquire estate lands for township with compensation